National
ഇന്ത്യക്കാര്‍ സുരക്ഷിതര്‍; കനത്ത ജാഗ്രത
ന്യൂഡല്‍ഹി: പാരീസ് ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് പാരീസിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ പ്രധാനനഗരങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ലഭ്യമായ വിവരം അനുസരിച്ച് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ ആരും മരിച്ചിട്ടില്ല. സൈന്യത്തിന്റെ കര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ പുറത്തിറങ്ങി വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എംബസി അറിയിച്ചു. ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് പാരീസിലുള്ളതെന്നാണ് എംബസിയുടെ കണക്ക്.
പാരീസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ഡല്‍ഹിക്ക് പുറമെ മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, മെട്രോ റെയില്‍, ബസ് സ്റ്റേഷനുകള്‍ നഗരങ്ങളിലെ സുപ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചു.
എത് അടിയന്തര സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍ പോലീസ് സജ്ജമാണെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബസി പറഞ്ഞു. ഫ്രാന്‍സിലെ ഇന്ത്യാക്കാര്‍ സുരക്ഷിതാരാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
അടിയന്തസാഹചര്യങ്ങള്‍ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വിദേശികളുള്‍പ്പെടെയുള്ളവരോട് വീടിനകത്ത് ഇരിക്കാനാണ് ഫ്രാന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് പാരീസിലെ ഇന്ത്യന്‍ ദൗത്യസംഘ ഉപമേധാവി മനീഷ് പ്രതാപ് പറഞ്ഞു. ഫ്രാന്‍സിലെ ഇന്ത്യക്കാരെ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങള്‍ വഴി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ രാഷ്ര്ടപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു.