International
മുംബൈ ആക്രമണത്തിന് സമാനമെന്ന് സുരക്ഷാ വിദഗ്ധര്‍

വാഷിംഗ്ടണ്‍: മുംബൈയില്‍ 2008ല്‍ നടന്ന ആക്രമണത്തിന് സമാന ആക്രമണമാണ് ഇപ്പോള്‍ പാരീസില്‍ നടന്നിരിക്കുന്നതെന്ന് സുരക്ഷാ വിദഗ്ധര്‍ കരുതുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ തീവ്രവാദത്തെ നോക്കിക്കാണുന്നതില്‍ ഗതിമാറ്റം വരുത്തുന്നതാവും ഈ സംഭവമെന്നും അവര്‍ കരുതുന്നു. മുംബൈ ആക്രമണത്തിന് സമാനമായ രീതിയില്‍ കുറഞ്ഞ ചെലവിലും കുറഞ്ഞ വിഭവങ്ങളുപയോഗിച്ചുമാണ് പാരീസിലെ ആക്രമണവുമെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡപ്യൂട്ടി കമ്മീഷണര്‍ ജോണ്‍ മില്ലര്‍ സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ഉസാമ ബിന്‍ ലാദന്‍ യൂറോപ്പിലാകമാനം മുംബൈ മോഡല്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നതായി ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ ദേശീയ സുരക്ഷ പദ്ധതി തലവന്‍ ബ്രൂസ് ഹോഫിമാന്‍ പറഞ്ഞു. 2008ലെ മുംബൈ ആക്രമണം അത്തരമൊരു പട്ടണത്തില്‍ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നുവെന്ന് ദേശീയ തീവ്രവാദവിരുദ്ധ കേന്ദ്രം മുന്‍ ഡയറക്ടര്‍ മൈക്കല്‍ ലീറ്റര്‍ പറഞ്ഞു. പാരീസിലെ ആക്രമണം പാശ്ചാത്യ രാജ്യങ്ങളെ തീവ്രവാദത്തെ മറ്റൊരു രീതിയില്‍ പ്രതിരോധിക്കാന്‍ ചിന്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.