National
സ്വാതന്ത്ര്യസമര കാലത്ത് ഒളിച്ചിരുന്നവര്‍ സംസ്‌കാരത്തെ കുറിച്ച് പറയരുത്: സോണിയ
ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം തേടി സമരത്തീച്ചൂളയില്‍ നിന്ന നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചിരുന്നവര്‍ ഇപ്പോള്‍ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും ഇന്ത്യന്‍ ഇതിഹാസങ്ങള്‍ മാറ്റിമറിക്കാനോ പുതിയ ഇതിഹാസങ്ങള്‍ രചിക്കാനോ സാധിക്കില്ല. ഇന്ത്യയില്‍ ജീവിക്കാന്‍ ഭക്ഷണക്രമം തീരുമാനിക്കുന്ന സര്‍ക്കാറിന് കേവലം പരിപ്പ് പോലും ന്യായവിലക്ക് ലഭ്യമാക്കാന്‍ കഴിയാത്തത് കഷ്ടമാണെന്നും അവര്‍ പരിഹസിച്ചു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മദിനാഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
നരേന്ദ്ര മോദിക്കും സംഘ്പരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷ പ്രസംഗത്തിലുടനീളം ഉപയോഗിച്ചത്.
വികസനവാദം മറയാക്കി വര്‍ഗീയതാണ് മോദി രാജ്യത്ത് നടപ്പാക്കുന്നതെന്നും എല്ലാ ശബ്ദങ്ങളും ശൈലികളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്നും ഇതാണ് കോണ്‍ഗ്രസ് പ്രതിനിദാനം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വികസനത്തെ കുറിച്ച് പറയുന്ന മോദി, സ്വന്തം വികസനമാണ് നടത്തുന്നതെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ കോണ്‍ഗ്രസ് രാജ്യമെമ്പാടും നടത്തിവരികയാണ്. ഇതിന്റെ സമാപനമാണ് ഇന്ന് നടക്കുന്നത്.
രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ നെഹ്‌റുവിന്റെ സമാധി സ്ഥലമായ ശാന്തിവനിലെത്തി പുഷ്പ്പാര്‍ച്ചന നടത്തി. ഇവിടെ പ്രത്യേക സര്‍യമത പ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. നെഹ്‌റുവിനെ കുറിച്ചുള്ള ഡോക്കുമെന്ററി പ്രദര്‍ശനം, നെഹ്‌റുവിന്റെ ചരിത്രവും സംഭാവനങ്ങളും ഉള്‍പ്പെടുത്തിയുള്ള വെബ്‌സൈറ്റ്, സുവനീര്‍ എന്നിവയുടെ പ്രകാശനവും സമ്മേളനത്തില്‍ നടന്നു. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എ ഐ സി സി സംഘടിപ്പിച്ച സമ്മേളനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.