International
പാരീസ് ഭീകരാക്രമണം: നാല് പേര്‍ അറസ്റ്റില്‍; റഷ്യയിലും അമേരിക്കയിലും സുരക്ഷ വര്‍ധിപ്പിച്ചു
പാരീസ്: കഴിഞ്ഞ ദിവസം പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരെ ബെല്‍ജിയത്തില്‍ നിന്നും ഒരാളെ ജര്‍മനിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് സംഘങ്ങളായി എട്ട് ഭികരരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഇവരെയെല്ലാം കൊലപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
ആക്രമണത്തില്‍ 129 മരണം സ്ഥിരീകരീച്ചിട്ടുണ്ട്. 350ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 90ല്‍ അധികം പേരുടെ നിലഗുരുതരമാണ്. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളുടെ കൈവശം സിറിയന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തി. ഇയാള്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം എത്തിയതാണെന്നാണ് നിഗമനം. വിരലടയാളത്തിലൂടെ തിരിച്ചറിഞ്ഞ ഒരു ഭീകരന്‍ ഫ്രഞ്ച് പൗരനാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിനുപയോഗിച്ച കാര്‍ ബെല്‍ജിയം രജിസ്‌ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് മൂന്ന് പേരെ ബെല്‍ജിയത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
അതേസമയം ഫ്രാന്‍സിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് യുഎസ്, ബ്രിട്ടന്‍, റഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ സുരക്ഷ വര്‍ധിപ്പിച്ചു. സിറിയയില്‍ പാശ്ചാത്യര്‍ ഇസില്‍ ഭീകരര്‍ക്കെതിരെ നടത്തുന്ന ആക്രമണമാണ് ഫ്രാന്‍സിലെ ഭീകരാക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഇതോടെയാണ് സിറിയയില്‍ ഇസില്‍ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച രാജ്യങ്ങള്‍ സുരക്ഷ വര്‍ധിപ്പിച്ചത്.