Kerala
തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കില്ല: തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എതിര്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു: തോട്ടം ഉടമകള്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന അംഗീകരിക്കില്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്റേഷന്‍ അസോസിയേഷന്‍. പിഎല്‍സി യോഗത്തില്‍ കൂലി വര്‍ധന അംഗീകരിക്കാന്‍ കാരണം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിര്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കി. കൂലി വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനത്തില്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും ഉടമകള്‍ അറിയിച്ചു.
റബ്ബര്‍, തേയില എന്നിവയ്ക്ക് വിലകൂട്ടാതെ കൂലി വര്‍ധിപ്പിക്കില്ല. ചില ആനുകൂല്യങ്ങള്‍ തോട്ടം ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇതുവരെ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. കൂലി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ പ്രഖ്യാപിച്ച കൂലി വര്‍ധന നടപ്പാക്കിയാല്‍ തോട്ടം മേഖല പൂട്ടേണ്ടി വരുമെന്നും തൊഴിലാളികള്‍ സമരം ചെയ്താല്‍ നേരിടാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.
അതേസമയം പിഎല്‍സി യോഗത്തില്‍ തീരുമാനിച്ച കൂലിയില്‍ നിന്ന് പിന്‍മാറാന്‍ തോട്ടം ഉടമകളെ അനുവദിക്കില്ലെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.