Connect with us

Kerala

ഉടമകള്‍ വഴങ്ങി; തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന നടപ്പാക്കും

Published

|

Last Updated

തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ വര്‍ധിപ്പിച്ച കൂലി നല്‍കില്ലെന്ന നിലപാടില്‍ നിന്ന് ഉടമകള്‍ പിന്നാക്കം പോയി. കൂലി വര്‍ധന സംബന്ധിച്ച പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗ തീരുമാനം ഈ മാസം മുതല്‍ നടപ്പാക്കും. ഇന്നലെ മന്ത്രി ഷിബു ബേബിജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മൂന്നര മണിക്കൂര്‍ നീണ്ട പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ സര്‍ക്കാറിന്റെയും തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദത്തിന് തോട്ടമുടമകള്‍ വഴങ്ങുകയായിരുന്നു. വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കുക പ്രായോഗികമല്ലെന്ന് വ്യക്തമാക്കി സര്‍ക്കാറുമായുണ്ടാക്കിയ ധാരണയില്‍ നിന്നു തോട്ടമുടമകള്‍ കഴിഞ്ഞ ദിവസം പിന്നോട്ടു പോയിരുന്നു.
മിനിമം കൂലി വര്‍ധന സംബന്ധിച്ച് കഴിഞ്ഞ മാസം പതിനാലിനു ചേര്‍ന്ന പ്ലാന്റേഷന്‍ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്. തേയിലക്കും കാപ്പിക്കും മിനിമം കൂലി 232 രൂപയില്‍ നിന്ന് 301 രൂപയും ഏലത്തിന് 267 രൂപയില്‍ നിന്ന് 330 രൂപയും റബ്ബറിന് 317 രൂപയില്‍ നിന്ന് 381 രൂപയുമായാണ് വര്‍ധിക്കുക. മിനിമം കൂലി ഉയര്‍ത്തുന്നതോടെ മറ്റ് അനുബന്ധ ആനുകൂല്യങ്ങളെല്ലാം ചേര്‍ത്ത് തൊഴിലാളിക്കു കിട്ടുന്ന കുറഞ്ഞ തുക തേയിലയിലും കാപ്പിയിലും 436 രൂപയും ഏലത്തില്‍ 478 രൂപയും റബ്ബറില്‍ 552 രൂപയുമായിരിക്കും. അടിസ്ഥാന ശമ്പളവും ഡി എയും ചേര്‍ത്തുള്ള വര്‍ധനവാണിത്. വര്‍ധിപ്പിച്ച ശമ്പളം നല്‍കുന്നതിനുള്ള നോട്ടീസ് ഇന്നുതന്നെ എസ്റ്റേറ്റുകളില്‍ പതിക്കുമെന്ന് ചര്‍ച്ചക്ക് ശേഷം തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വര്‍ധിപ്പിച്ച കൂലിക്ക് എന്നുമുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്തു തീരുമാനിക്കും. കൂലി കൂട്ടുന്നതിനനുസരിച്ച് കുറഞ്ഞ ഉത്പാദനത്തോത് ഉയര്‍ത്തണമെന്ന തോട്ടമുടമകളുടെ ആവശ്യത്തില്‍ അന്തിമ തീരുമാനമായില്ല. കൈകൊണ്ട് തേയില നുള്ളുന്നതില്‍ കുറഞ്ഞ ഉത്പാദനത്തോത് ഉയര്‍ത്തില്ല. യന്ത്രംകൊണ്ട് നുള്ളുന്നതിന്റെ ഉത്പാദനത്തോത് ഉയര്‍ത്തുന്നതു സംബന്ധിച്ച് അടുത്ത പി എല്‍ സി യോഗം ചര്‍ച്ച ചെയ്യും. മിനിമം കൂലി വര്‍ധന പ്രായോഗികമല്ലെന്ന തോട്ടമുടമകളുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി തൊഴിലാളികളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍, പ്ലാന്റേഷന്‍ കമ്മിറ്റി യോഗത്തില്‍ സര്‍ക്കാറുമായി ഏര്‍പ്പെട്ട കരാര്‍ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്നലെ യോഗത്തില്‍ തോട്ടമുടമകളുടെ നിലപാടിനെതിരെ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ രൂക്ഷ വിമര്‍ശമുയര്‍ത്തി. നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്നു മന്ത്രിയും ആവര്‍ത്തിച്ചു. ഇതോടെ ഉടമകള്‍ വഴങ്ങുകയായിരുന്നു.
തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ ജനങ്ങളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്താനായി കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍സ് കേരളയുടെ ചെയര്‍മാന്‍ നടത്തിയ പ്രസ്താവന തൊഴിലാളി സമൂഹത്തിനിടയില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കിയെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാറുമായുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള കൂലി നടപ്പാക്കില്ലെന്ന പ്രചാരണം വന്ന സ്ഥിതിക്ക് ഇന്നലെ അതുമാത്രമാണ് ചര്‍ച്ച ചെയ്തത്.
തോട്ടം മേഖലയിലെ ബോണസ് പ്രശ്‌നത്തില്‍ ബോണസ് ആക്ട് പ്രകാരമേ തീരുമാനമെടുക്കൂ. മൂന്നാര്‍ തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് മാത്രമാണ് ഇരുപത് ശതമാനം ബോണസ് പ്രഖ്യാപിച്ചിട്ടുള്ളത്. തോട്ടവിളകള്‍ക്ക് നികുതിയിളവ് അനുവദിക്കുന്ന കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമുണ്ടാകും.
വര്‍ധിപ്പിച്ച മിനിമംകൂലി നടപ്പാക്കിത്തുടങ്ങിയ ശേഷം അടുത്ത പി എല്‍ സി യോഗത്തിന്റെ തീയതി നിശ്ചയിക്കുമെന്നും അതില്‍ മറ്റു വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Latest