National
പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നത് ഒഴിവാക്കണം: രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്ന പ്രവണത ഒഴിവാക്കണമെന്നും ഇതൊഴിച്ച് മറ്റു പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. പ്രതിഷേധം പ്രകടിപ്പിക്കാന്‍ ചര്‍ച്ചകളെയും സംവാദങ്ങളെയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസഹിഷ്ണുതക്കെതിരായ പ്രതിഷേധത്തെക്കുറിച്ചു രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്. പുരസ്‌കാരങ്ങള്‍ പ്രതിഷേധം അറിയിക്കപ്പെടുന്നവരുടേതല്ല. അത് പൊതുസമൂഹത്തിന്റെ അംഗീകാരമായി വേണം കരുതാന്‍. ഒരാളുടെ കഴിവിനും കഠിനാധ്വാനത്തിനും പ്രതിഭക്കും കിട്ടുന്ന അംഗീകാരമാണ് പുരസ്‌കാരങ്ങള്‍. എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാനുള്ളതാണവ.
പുരസ്‌കാരം ലഭിക്കുന്നവര്‍ അതിനെ വിലമതിക്കണം. രാജ്യം പ്രതിസന്ധികള്‍ നേരിട്ടപ്പോഴല്ലാം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം തിരുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ നടക്കുന്ന പല സംഭവങ്ങളും പലര്‍ക്കും വേദനയുണ്ടാക്കാറുണ്ട്. എന്നാല്‍, അവയോടുള്ള പ്രതികരണങ്ങള്‍ സമതുലിതമായിരിക്കണം. ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയില്‍ തിളങ്ങുന്ന മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് ഇന്ത്യക്കാര്‍ക്ക് അഭിമാനവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. വികാരങ്ങള്‍ ഒരിക്കലും ഒരു കാരണമായി ഉയരരുത്. സമൂഹത്തിലെ ചില പ്രശ്‌നങ്ങളില്‍ ചിലര്‍ അസ്വസ്ഥരാകും. എന്നാല്‍ അതിലുള്ള പ്രതികരണം ശ്രദ്ധയോടെ വേണമെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.
ചടങ്ങില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ദേശീയ പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങളും രാഷ്ട്രപതി വിതരണം ചെയ്തു.