National
ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം; അടുത്തയാഴ്ച നിയമസഭയില്‍
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് ഒടുവില്‍ ലോക്പാല്‍ ബില്ലിന് അരവിന്ദ് കെജരിവാള്‍ മന്ത്രിസഭയുടെ അംഗീകാരം. ബില്ല് അടുത്തയാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയുള്ള കരട് ബില്ലിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ലോക്പാല്‍ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്നും വിചാരണ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
നിയമസഭയുടെ മേശപ്പുറത്ത് വെക്കാന്‍ നിശ്ചയിച്ച ആറ് ബില്ലുകളുടെ കൂട്ടത്തില്‍ ലോക്പാല്‍ ബില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ലോക്പാല്‍ ബില്‍ എവിടെ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗ് പ്രചരിച്ചതോടെ ബില്‍ സഭയില്‍ വെക്കാന്‍ കെജരിവാള്‍ തീരുമാനിക്കുകയായിരുന്നു. ##KejriwalWhereIsLokpal എന്ന ഹാഷ്ടാഗ് ട്വീറ്ററില്‍ വൈറാലായിരുന്നു. ബില്ല് അവതരിപ്പിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷമായ ബിജെപിയും രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസും ഇതേകാര്യത്തിന് കെജരിവാളിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു.