Connect with us

Articles

ബീഹാര്‍ നല്‍കുന്ന പാഠം

Published

|

Last Updated

ഒന്നര വര്‍ഷമായി ഇന്ത്യയില്‍ വര്‍ഗീയതയും അസഹിഷ്ണുതയും ആളിക്കത്തിയപ്പോള്‍ ബീഹാറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ഉത്കണ്ഠയോടെയാണ് ലോകം ഉറ്റുനോക്കിയത്. മതസ്പര്‍ധ ശക്തമാക്കുന്ന വര്‍ഗീയ പ്രചരണങ്ങളും സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ അരുംകൊലകളും മതേതരത്വത്തിനും ബഹുസ്വരതക്കും ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതിനിടക്കാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് നടന്നത്. ന്യൂനപക്ഷങ്ങളോടും വ്യത്യസ്ത അഭിപ്രായമുള്ളവരോടും യുദ്ധപ്രഖ്യാപനം നടത്തുന്ന സമീപനം കുറച്ചുനാളുകളായി രാജ്യത്ത് നടന്നുവരുന്നു. വര്‍ഗീയതയെയും വിദ്വേഷത്തെയും വിമര്‍ശിച്ച കലാസാംസ്‌കാരിക ലോകത്തോട് പകയോടെ പെരുമാറുന്നതു നാം കണ്ടു. പ്രഫ. എം എം കല്‍ബുര്‍ഗിയെപ്പോലെയുള്ളവരെ കൊലപ്പെടുത്തി. ഷാരൂഖ് ഖാന്‍ വരെ വിദ്വേഷ രാഷ്ട്രീയത്തിന് ഇരയായി. ഗാന്ധി ഘാതകനായ ഗോദ്‌സെയെ രക്തസാക്ഷിയാക്കിയതും മതേതരഭാരതത്തെ വേദനിപ്പിച്ചു. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കപ്പെടുന്നതിനും അസഹിഷ്ണുത അതിരുകടക്കുന്നതിനുമെതിരെ ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതി നാല് വട്ടം മുന്നറിയിപ്പ് നല്‍കി. ആശങ്കകള്‍ക്ക് പരിഹാരമുണ്ടാക്കാനോ, മതേതരത്വത്തിനു നേരെ ഉയര്‍ന്ന വെല്ലുവിളികളോട് പ്രതികരിക്കാനോ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായില്ല.
ഈ പശ്ചാത്തലത്തില്‍ നടന്ന ബിഹാര്‍ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തില്‍ മതേതരഭാരതത്തിന് ആഹ്ലാദിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്. വ്യത്യസ്ത ധ്രുവങ്ങളില്‍ നിന്ന നിതീഷ്‌കുമാറിനെയും ലാലുപ്രസാദ് യാദവിനെയും തമ്മില്‍ കോര്‍ത്തിണക്കുകയും അവരോടൊപ്പം കോണ്‍ഗ്രസ് ചേരുകയും ചെയ്തപ്പോള്‍ രൂപമെടുത്ത മഹാസഖ്യത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമായിരുന്നു. ആര്‍ ആര്‍ എസിന്റെ വര്‍ഗീയ ഫാസിസത്തെയും മോദിഭരണത്തിന്റെ ഭിന്നിപ്പിക്കല്‍ തന്ത്രത്തെയും ഒരളവുവരെ തടുത്തു നിര്‍ത്താന്‍ ഇത് ഉപകരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറില്‍ 36 തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു. ബിഹാറിന് ഒന്നേകാല്‍ ലക്ഷം കോടിയുടെ വികസന പാക്കേജ് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു. ബീഹാറില്‍ മഹാസഖ്യം ജയിച്ചാല്‍ പാകിസ്ഥാനില്‍ പടക്കം പൊട്ടുമെന്നുപോലും അമിത് ഷാ പറഞ്ഞത് വര്‍ഗീയവികാരം ആളിക്കത്തിച്ച് വോട്ടു നേടാനുള്ള തന്ത്രമായിരുന്നു.
ബീഹാറില്‍ ബി ജെ പി ഇക്കളിയെല്ലാം കളിച്ചിട്ടും ദയനീയമായി തോറ്റു. ഡല്‍ഹിക്കു പിറകേ ബീഹാറും വിധി എഴുതിയതോടെ മോദി ഭരണത്തിന്റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു. ബീഹാറില്‍ നിന്നും മാറ്റത്തിന്റെ കാറ്റ് രാജ്യമാകെ വീശിയടിക്കും എന്നാണു ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. ബീഹാറിലെ മതേതര ജനാധിപത്യ വിശ്വാസികളുടെ ഈ വിധിയെഴുത്ത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാകും.
ഇടതുപക്ഷ കക്ഷികള്‍ക്കും അതിനു നേതൃത്വം നല്‍കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അത്യാവശ്യം വേരോട്ടമുള്ള സ്ഥലമാണു ബീഹാര്‍. മഹാസഖ്യത്തിന്റെ വിജയത്തെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ഈ വിജയത്തില്‍ അവര്‍ക്ക് ഒരു പങ്കുമില്ലെന്ന് മാത്രമല്ല, ബി ജെ പിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തു. വര്‍ഗീയ ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ബീഹാറില്‍ രൂപമെടുത്ത മഹാ സഖ്യത്തില്‍ ചേരാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ഇടതുപാര്‍ട്ടികളോ തയ്യാറായില്ല. സിപി എം, സി പി ഐ, സി പി ഐ എം എല്‍, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ എന്നീ ആറു പാര്‍ട്ടികള്‍ ചേര്‍ന്ന് ഇടതുമുന്നണി ഉണ്ടാക്കിയാണു മത്സരിച്ചത്. 243 സീറ്റുകളില്‍ 221 ലും ഇടതുമുന്നണി മത്സരിച്ചു. ആകെ കിട്ടിയ മൂന്ന് സീറ്റും സി പി ഐ എംഎല്ലിന്. വര്‍ഗീയതയെ ചെറുത്തു തോല്‍പ്പിക്കാനുള്ള ചരിത്രപരമായ ദൗത്യം നിറവേറ്റുന്നതിന് ഇടതുപക്ഷത്തിന് മഹാസഖ്യവുമായി ധാരണയെങ്കിലും ഉണ്ടാക്കാമായിരുന്നു.
ഇടതുപക്ഷ പാര്‍ട്ടികള്‍ സ്വന്തമായി മത്സരിച്ചപ്പോള്‍ പത്തിലധികം സീറ്റുകളെങ്കിലും മതേതരമുന്നണിക്ക് നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. 53 സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. അതില്‍ പത്തെണ്ണമെങ്കിലും ഇടതുമുന്നണിയുടെ പരോക്ഷമായ സഹായത്തോടെയായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ചേന്‍പൂര്‍ മണ്ഡലത്തില്‍ ബി ജെ പി ജയിച്ചത് 671 വോട്ടിന്. സി പി എം സ്ഥാനാര്‍ഥി പിടിച്ചത് 2573 വോട്ട്. പിപ്ര മണ്ഡലത്തില്‍ ബി ജെ പി ജയിച്ചത് 3930 വോട്ടിന്. സിപിഎമ്മിനു കിട്ടിയത് 8366 വോട്ട്. ഇതാണ് ബി ജെ പി ജയിച്ച നിരവധി മണ്ഡലങ്ങളിലെ അവസ്ഥ. മതേതര മുന്നണിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാനും അതുവഴി ബി ജെ പി യെ സഹായിക്കാനുമാണ് ഇടതുപക്ഷപാര്‍ട്ടികള്‍ ശ്രമിച്ചത്.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കാന്‍ ബി ജെ പി നടത്തിയ ശ്രമങ്ങളെ സഹായിച്ച സി പി എമ്മിന്റെ നിരുത്തരവാദ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് കേരളത്തിലെ സി പി എം നേതാക്കളുടെ മറുപടി എന്താണെന്നറിയാന്‍ താല്‍പര്യമുണ്ട്.
ബി ജെ പിക്കെതിരെ ദേശീയതലത്തിലും സംസ്ഥാനത്തും അതിശക്തമായ നിലപാടാണ് കോണ്‍ഗ്രസും യു ഡി എഫും എക്കാലവും എടുത്തിട്ടുള്ളത്. വര്‍ഗീയ ഫാസിസത്തെ നേരിടാനും അതിന് നേതൃത്വം നല്‍കാനും കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ല. ബി ജെ പിക്ക് ഒളിസേവ ചെയ്യുന്ന സിപിഎമ്മിന് ബിഹാറില്‍ നിന്നും പലതും പഠിക്കാനുണ്ട്. കേരളത്തില്‍ ബി ജെപിക്കും വര്‍ഗീയ ഫാസിസത്തിനുമെതിരെ സി പി എം നടത്തുന്ന സമരങ്ങളും പ്രചാരണങ്ങളും വെറും ഇരട്ടത്താപ്പാണെന്ന് ബീഹാറിന്റെ അനുഭവം വ്യക്തമാക്കുന്നു. ന്യൂനപക്ഷ കാര്‍ഡുകളും ഭൂരിപക്ഷ കാര്‍ഡുകളും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയചരിത്രമാണ് സി പി എമ്മിനുള്ളത്.
ദേശീയതലത്തില്‍ ബി ജെ പിയെ പ്രതിരോധിക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടമാണിത്. അസ്വസ്ഥതകള്‍ മൂലം രാജ്യം പുകയുന്നു. നരേന്ദ്ര മോദി അധികാരമേറ്റ് ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴാണ് രാജ്യം ഇത്തരമൊരു അവസ്ഥയിലെത്തിയത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ആധാരശിലകള്‍ക്ക് നേരെയാണ് ആയുധങ്ങള്‍ ഉയരുന്നത്. ഈ സന്ദര്‍ഭത്തിലാണ് ബീഹാര്‍ നമുക്കു വഴികാട്ടിയാകുന്നത്. അന്ധമായ കോണ്‍ഗ്രസ് വിരോധം വിട്ട് മതേതരശക്തികള്‍ ഒരുമിച്ചു നില്‍ക്കേണ്ട കാലഘട്ടത്തിന്റെ അനിവാര്യതയിലേക്കാണ് ബീഹാര്‍ വിരല്‍ചൂണ്ടുന്നത്.