National
സ്മൃതിയുടെ വിദ്യാഭ്യാസ രേഖ ഹാജരാക്കാന്‍ കോടതി ഉത്തരവ്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി യൂനിവേഴ്‌സിറ്റിക്കുമാണ് ഡല്‍ഹി കോടതിയുടെ നിര്‍ദേശം. ഫ്രീലാന്‍സ് എഴുത്തുകാരന്‍ അഹ്മദ് ഖാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
സ്മൃതി ഇറാനി തിരഞ്ഞെടുപ്പിനു മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 16നു മുമ്പ് രേഖകള്‍ ഹാജരാക്കാനാണ് ഉത്തരവ്. അതേസമയം, കേന്ദ്രമന്ത്രിയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന ഹരജിക്കാരന്റെ വാദം മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആകാശ് ജയ്ന്‍ നിരസിച്ചു. 2004, 2011, 2014 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനായി സ്മൃതി ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നത് നേരത്തെ തന്നെ വിവാദമായിരുന്നു.