National
. തേജസ്വി യാദവ്: ഉപമുഖ്യമന്ത്രി കസേരയിലെ യുവത്വം
പാറ്റ്‌ന: ബീഹാറില്‍ ഉപമുഖ്യമന്ത്രി കസേരയില്‍ ഇനി യുവത്വത്തിന്റെ പ്രസരിപ്പ്. ലാലുപ്രസാദ് യാദവിന്റെ മകന്‍ 26 കാരനായ തേജസ്വി പ്രസാദ് യാദവ് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റത് നിതീഷ്‌കുമാര്‍ മന്ത്രിസഭക്ക് കൂടുതല്‍ കരുത്തേകും.
രണ്ടാഴ്ച മുമ്പാണ് തേജസ്വിനിക്ക് 26 വയസ്സ് പൂര്‍ത്തിയായത്. ഒമ്പതാം ക്ലാസ് പഠനമാണ് വിദ്യാഭ്യാസ യോഗ്യത. പൈതൃകം തന്നെയാണ് തേജസ്വിയുടെ യോഗ്യതയെന്ന് അനുയായികള്‍ പറയുന്നു. 243 അംഗ നിയമസഭയില്‍ 71ലധികം സീറ്റുകള്‍ നേടിയാണ് രാഷ്ട്രീയ ജനതാദള്‍ തിരിച്ച് വരവ് നടത്തിയത്. തേജസ്വിയുടെ മൂത്ത സഹോദരന്‍ ഇന്ന് 28 വയസ്സ് തികയുന്ന തേജ് പ്രതാപും നിതീഷ് സര്‍ക്കാറില്‍ മന്ത്രിയായി അധികാരമേറ്റു. കാലിത്തീറ്റ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് പൊതുതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കി ബീഹാറിലെ ഭരണം തന്റെ കൈപ്പിടിയിലൊതുക്കുന്നതില്‍ ലാലു വിജയിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച തേജസ്വിക്ക് രാഷ്ട്രീയ കളി അത്ര എളുപ്പമാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡി ഉപമുഖ്യമന്ത്രിപദം സ്വീകരിക്കുമോയെന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അനിശ്ചിതത്വമുണ്ടായിരുന്നു. സഖ്യസര്‍ക്കാര്‍ സുഗമമായി മുന്നോട്ട് പോകാന്‍ ആര്‍ ജെ ഡിക്ക് പ്രധാന സ്ഥാനം നല്‍കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് കോണ്‍ഗ്രസും ജെ ഡി യുവും മുന്നോട്ട് വെച്ചത്. തേജസ്വി ഉപമുഖ്യമന്ത്രിയായതോടെ തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് ലാലുപ്രസാദ് യാദവ്.