Connect with us

Articles

ഒഞ്ചിയത്ത് നിന്നും വാര്‍ത്തകളുണ്ട്...

Published

|

Last Updated

1964-ല്‍ രൂപവത്കരിക്കപ്പെട്ടതിനു ശേഷം സി പി എം അതിന്റെ ശക്തികേന്ദ്രമായ മലബാറില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്തു നിന്നായിരുന്നു. 2005-ലെ തദ്ദേശ തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ഏറാമല ഗ്രാമപഞ്ചായത്തിലെ ഭരണസാരഥ്യം, മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ ജനതാദളിന് കൈമാറുന്ന വിഷയമായിരുന്നു പ്രശ്‌നങ്ങളുടെ തിരിക്കുറ്റി. രണ്ടര വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ച സി പി എം, 2008ല്‍ അത് ജനതാദളിന് കൈമാറണമെന്ന എല്‍ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ തീരുമാനമായിരുന്നു ഒഞ്ചിയത്തിന്റെ രാഷ്ട്രീയഭാവി തന്നെ മാറ്റിവരച്ചത്. ഈ തീരുമാനം നടപ്പാക്കാനാകില്ലെന്ന് പ്രാദേശിക സി പി എം ഘടകങ്ങള്‍ ശഠിച്ചുപറഞ്ഞത് പരസ്യമായ രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് പ്രശ്‌നങ്ങളെ കൊണ്ടുചെന്നെത്തിച്ചു. ടി പി ചന്ദ്രശേഖരനെന്ന പ്രാദേശിക നേതാവിന്റെ മികവുറ്റ സംഘടനാപാടവം അവിടുത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായിരുന്ന സി പി എമ്മിനെ പിളര്‍പ്പിലേക്ക് ആനയിച്ചു. വലിയ വാദപ്രതിവാദങ്ങളിലേക്കും കൈയാങ്കളികളിലേക്കും വരെ നീണ്ട സംഭവങ്ങള്‍ പിന്നീട് ഒഞ്ചിയത്ത് അരങ്ങേറുകയുണ്ടായി.
സി പി എമ്മില്‍ നിന്നും ഒഞ്ചിയത്തെ ജനങ്ങള്‍ എത്രമാത്രം അകന്നു എന്നതിന്റെ തെളിവായിരുന്നു 2009-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും 2010-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പും. ലോക്‌സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച ടി പി ചന്ദ്രശേഖരന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പരിധിയില്‍നിന്നും 2,505 വോട്ട് നേടാന്‍ കഴിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ വോട്ട് വിഹിതം 6,303 ആയി വര്‍ധിച്ചു. ചരിത്രത്തിലാദ്യമായി ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യത്തില്‍ നിന്ന് സി പി എം തൂത്തെറിയപ്പെട്ടു. പാര്‍ട്ടിയെ വെല്ലുവിളിച്ച് രൂപവത്കരിക്കപ്പെട്ട അന്നത്തെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് വലിയ മുന്നേറ്റം നടത്താനായി. പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ എട്ടെണ്ണത്തില്‍ അവര്‍ വിജയിക്കുകയും മറ്റു ചില വാര്‍ഡുകളില്‍ എല്‍ ഡി എഫിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരാകുകയും ചെയ്തു. യു ഡി എഫുമായി തന്ത്രപരമായ നീക്കുപോക്കുകള്‍ നടത്തുന്നതില്‍ വിജയിച്ചതിനാലായിരുന്നു അന്ന് അത്തരത്തിലൊരു മുന്നേറ്റത്തിന് ചന്ദ്രശേഖരന്റെ പാര്‍ട്ടിക്ക് സാധിച്ചത്. യു ഡി എഫിന്റെ വോട്ടിലൂണ്ടായ കുറവ് ഈ വാദത്തെ സാക്ഷ്യപ്പെടുത്തുന്നതുമായിരുന്നു.
രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണ് റവല്യൂഷനറി പാര്‍ട്ടി കാണിച്ചതെന്ന് സി പി എം അന്നേ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒഞ്ചിയത്തിന് പുറത്ത് അത് അത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടില്ല. തുടര്‍ന്ന് അഞ്ച് വര്‍ഷം റവല്യൂഷനറി പാര്‍ട്ടി, യു ഡി എഫിന്റെ രഹസ്യ പിന്തുണയോടെയാണ് പഞ്ചായത്ത് ഭരണം നടത്തിയത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും യു ഡി എഫുമായുള്ള നീക്കുപോക്കുകള്‍ അരങ്ങേറിയത്.
2012 മെയ് മാസത്തില്‍ ടി പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട ശേഷം വലിയ വികാര പ്രകടനങ്ങള്‍ക്ക് ഒഞ്ചിയം സാക്ഷിയായി. സി പി എമ്മിന് പിടിച്ചുനില്‍ക്കാന്‍ പോലും പ്രയാസമാകുന്ന വിധത്തില്‍ കേരളത്തിലാകെ പ്രചാരണങ്ങള്‍ അരങ്ങേറി. ചന്ദ്രശേഖരനെന്ന ഒരു വ്യക്തിയെ ആശ്രയിച്ച് രൂപപ്പെട്ട് മുന്നേറിയ പാര്‍ട്ടി തുടര്‍ന്നിങ്ങോട്ട് ആര്‍ എം പി എന്ന പേരില്‍ മാധ്യമങ്ങളിലാകെ നിറഞ്ഞുനിന്നു. ചന്ദ്രശേഖരന്റെ രക്തസാക്ഷി പരിവേഷം ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്താകെ ആര്‍ എം പി അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നുവെന്ന തോന്നലുണ്ടാക്കാന്‍ അവര്‍ക്കായി. “ജീവിച്ചിരിക്കുന്ന ചന്ദ്രശേഖരനേക്കാള്‍ ശക്തനായിരിക്കും മരിച്ച ചന്ദ്രശേഖരന്‍” എന്ന കെ കെ രമയുടെ പ്രസ്താവന കേരളത്തിലങ്ങോളമിങ്ങോളം അലയടിച്ചു. സി പി എം അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായി. സമകാലിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് സി പി എം എടുത്തെറിയപ്പെട്ടു.
ചന്ദ്രശേഖരന്‍ ദാരുണമായി വധിക്കപ്പെട്ടതിനുശേഷം ആര്‍ എം പിക്ക് ഒഞ്ചിയത്ത് വലിയ മുന്നേറ്റം സാധിക്കുമെന്നായിരുന്നു നിരീക്ഷകര്‍ കണക്കുകൂട്ടിയിരുന്നത്. സി പി എമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ ആര്‍ എം പിയോടുള്ള അനുഭാവം കൂടി പരിഗണിച്ചുകൊണ്ടായിരുന്നു അത്തരമൊരു വിലയിരുത്തല്‍ രൂപപ്പെട്ടത്. താത്കാലികമായ വികാരാന്തരീക്ഷം പിന്നിട്ടതോടെ വി എസും ആര്‍ എം പിയെ തള്ളിപ്പറയുന്ന ഘട്ടം വന്നെത്തി. യു ഡി എഫുമായി അവരുണ്ടാക്കിയ രഹസ്യബാന്ധവത്തിനെതിരെ വി എസ് പരസ്യമായി രംഗത്തെത്തി. തങ്ങള്‍ക്ക് നഷ്ടപ്പെട്ട വേരുകള്‍ ഓരോന്നായി വീണ്ടെടുക്കാന്‍ സി പി എം നടത്തിയ ശ്രമങ്ങളോട് ഒഞ്ചിയത്തെ ജനങ്ങള്‍ ഗുണപരമായി പ്രതികരിച്ചുതുടങ്ങി എന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഏതൊരാള്‍ക്കും ഇക്കാര്യം ബോധ്യപ്പെടും.
റവല്യൂഷനറി പാര്‍ട്ടി രൂപവത്കരിക്കപ്പെടുന്നതിനു മുമ്പ് എതിരാളികളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിരുന്നു അവിടുത്തെ സി പി എമ്മും എല്‍ ഡി എഫും. 2005-ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പരാജയപ്പെട്ടതൊഴിച്ചാല്‍ ഇപ്പോഴത്തെ ആന്തൂര്‍ പഞ്ചായത്ത് മോഡലിലായിരുന്നു ഒഞ്ചിയം. 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡി എഫിന് 9,138 വോട്ടും യു ഡി എഫിന് 5,398 വോട്ടുമായിരുന്നു കിട്ടിയത്. റവല്യൂഷനറി പാര്‍ട്ടി രൂപവത്കരിക്കപ്പെട്ടതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വോട്ട് 5,560 ആയി ഇടിഞ്ഞു. യു ഡി എഫിന് 7,111 ഉം റവല്യൂഷനറിക്ക് 2,505 ഉം വോട്ട് കിട്ടി.
എന്നാല്‍ 2010-ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് – റവല്യൂഷനറി രഹസ്യ നീക്കുപോക്കിലൂടെ റവല്യൂഷനറിക്ക് കുതിച്ചുചാട്ടമുണ്ടായി. 2,505-ല്‍ നിന്ന് വോട്ട് 6,020 ആയി വര്‍ധിച്ചു. എല്‍ ഡി എഫിന്റേത് 5,560-ല്‍നിന്ന് 6,632 ആയി. റവല്യൂഷനറിയും യു ഡി എഫും തമ്മില്‍ രഹസ്യനീക്കുപോക്കുകള്‍ ഉണ്ടായിരുന്നു എന്നതിന് യു ഡി എഫ് വോട്ടിലുണ്ടായ ചോര്‍ച്ച തന്നെ തെളിവ്. 2009-ലെ 7,111-ല്‍നിന്ന് 2010 ആകുമ്പോഴേക്കും വോട്ട് 2,796 ആയി. ഒരു വര്‍ഷംകൊണ്ട് കുറഞ്ഞത് 4,315 വോട്ടുകള്‍. ആ തിരഞ്ഞെടുപ്പില്‍ 11 വാര്‍ഡുകളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. എല്‍ ഡി എഫിനെ അപേക്ഷിച്ച് കൂടുതല്‍ വാര്‍ഡുകള്‍ നേടാന്‍ അന്ന് റവല്യൂഷനറിക്ക് കഴിഞ്ഞെങ്കിലും അവരേക്കാള്‍ 329 വോട്ട് എല്‍ ഡി എഫിനായിരുന്നു കൂടുതല്‍. ബി ജെ പി അന്ന് ആറ് വാര്‍ഡുകളില്‍ നിന്ന് നേടിയത് 142 വോട്ടുകളായിരുന്നു.
ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍, കൂടുതല്‍ വിശാലമായ ഒരു ബാര്‍ട്ടര്‍ സമ്പ്രദായമാണ് ആര്‍ എം പിയും യു ഡി എഫും തമ്മിലുണ്ടായത്. അതു പ്രകാരം 17-ല്‍ 11 സീറ്റിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു ഡി എഫ്, ആര്‍ എം പിക്ക് പരസ്യപിന്തുണ നല്‍കി. തങ്ങളുടെ രണ്ട് സിറ്റിംഗ് സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു ഡി എഫ് തങ്ങളുടെ ആത്മാര്‍ഥത തുറന്നുകാട്ടി. വോട്ട് കണക്ക് ഇപ്രകാരം: എല്‍ ഡി എഫ് – 7,493, ആര്‍ എം പി – 6,020, യു ഡി എഫ് – 3,089, ബി ജെ പി – 962
2010-നെ അപേക്ഷിച്ച് 1,650 വോട്ടുകള്‍ കൂടുതലായി പോള്‍ ചെയ്തിരുന്നു. അഞ്ച് വര്‍ഷം മുമ്പ് യു ഡി എഫിനും ആര്‍ എം പിക്കും മൊത്തം കിട്ടിയത് 9,099 വോട്ടുകളായിരുന്നെങ്കില്‍ ഇപ്പോഴത് 9,109 ആയി. പോളിംഗില്‍ 1,650 പേരുടെ വര്‍ധനവ് രേഖപ്പെടുത്തപ്പെട്ടപ്പോഴാണ് ഈ 10 വോട്ടിന്റെ വര്‍ധനയുണ്ടായത്. രസകരമായ വസ്തുത, 2012-ല്‍ ചന്ദ്രശേഖരന്‍ വധത്തിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നിട്ടും അഞ്ച് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ 283 വോട്ട് ആര്‍ എം പിക്ക് കുറഞ്ഞു എന്നതാണ്.
മറുഭാഗത്ത് എല്‍ ഡി എഫ് ആകട്ടെ, പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടായ 2008-നു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 5,560 വോട്ടില്‍ നിന്നും ബഹുഹൂരം മുന്നേറി ഇപ്പോള്‍ 7,493 വോട്ടിലെത്തിനില്‍ക്കുന്നു. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം തന്നെ 861 വോട്ടിന്റെ വര്‍ധന അവര്‍ക്കുണ്ടായി. കുട്ടനും മുട്ടനും മത്സരത്തിലെ ചെന്നായ കണക്കെ പതുങ്ങിനിന്ന ബി ജെ പിയാകട്ടെ, അഞ്ചുവര്‍ഷം കൊണ്ട് 820 വോട്ടിന്റെ വര്‍ധന നേടിയെടുത്തു. അതില്‍ 252 വോട്ട് വര്‍ധിച്ചത് മാടാക്കരയെന്ന ഒറ്റ വാര്‍ഡില്‍ നിന്നാണുതാനും. സി പി എം നേതാവ് വി പി ഗോപാലകൃഷ്ണനാണ് ഈ വാര്‍ഡില്‍നിന്ന് വിജയിച്ചത്. അവിടെ ആര്‍ എം പിക്ക് കിട്ടിയത് 12 വോട്ടുകള്‍ മാത്രമാണ്. ഇനിയും പുറത്തുവരാന്‍ ബാക്കിയുള്ള വോട്ട് കളികളുടെ കാണാപ്പുറങ്ങളുടെ സാധ്യതകളാണ് ഇവിടെയും തെളിഞ്ഞുവരുന്നത്.
കാര്യങ്ങള്‍ ഇത്രത്തോളം എത്തിനില്‍ക്കുമ്പോള്‍, ഇനിയുള്ള ഒഞ്ചിയത്തിന്റെ രാഷ്ട്രീയചിത്രം എന്തായിരിക്കും എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ഏറ്റവും രാഷ്ട്രീയവത്കരിക്കപ്പെട്ട കമ്യൂണിസ്റ്റ് ഗ്രാമങ്ങളിലൊന്നാണ് ഒഞ്ചിയം. ഏറാമല ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിലാണ് ഒഞ്ചിയത്തെ സി പി എമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെങ്കിലും, പിന്നീടത് പാര്‍ട്ടിയിലെ വലതുപക്ഷവത്കരണത്തിനെതിരെയെന്ന പേരില്‍ ഒരു വലിയ മുന്നേറ്റമായി വളര്‍ത്തിയെടുക്കുന്നതിന് ടി പി ചന്ദ്രശേഖരന്റെ നേതൃപാടവത്തിന് സാധിച്ചിരുന്നു. എന്നാല്‍ നിലനില്‍പ്പിന് ചില കണ്‍കെട്ടുവിദ്യകള്‍ ആകാമെന്ന അടവുനയം 2010-ല്‍ ഒഞ്ചിയം മണ്ണില്‍ മുളപ്പിച്ചത് ചന്ദ്രശേഖരന്‍ തന്നെയായിരുന്നു. ഏതു വാര്‍ഡില്‍ എത്ര വോട്ട് കൈമാറിയാല്‍ സി പി എമ്മിനെ നിലംപരിശാക്കാമെന്ന 2010-ലെ ഗവേഷണത്തിന്റെ രണ്ടാം പതിപ്പ്, ചന്ദ്രശേഖരന്റെ അസാന്നിധ്യത്തിലും ഫലപ്രദമായി നടപ്പാക്കാന്‍ ഇപ്പോഴത്തെ നേതൃത്വത്തിന് സാധിച്ചു. എന്നിട്ടും പെട്ടിയില്‍ വീണ വോട്ട് കുറഞ്ഞുപോയതും എല്‍ ഡി എഫ് വോട്ട് പടിപടിയായി വര്‍ധിച്ചുവരുന്നതും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കൗതുകമുള്ള പാഠമാണ്.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്തു പറയുന്നു എന്നതിനേക്കാള്‍ പ്രധാനം, അവരെന്തു ചെയ്യുന്നു എന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ആര്‍ എം പിക്ക് കഴിവുകുറഞ്ഞ ഭരണമാണ് അവിടെ കാഴ്ചവെക്കാനായത്. അന്ധമായ സി പി എം വിരോധം ആവര്‍ത്തിക്കുന്നതിനപ്പുറം, വികസനരംഗത്ത് ചടുലങ്ങളായ കഴ്ചപ്പാടുകളോ നൂതന പദ്ധതികളോ അവതരിപ്പിക്കാന്‍ അവര്‍ക്കായില്ല. ചില ടെലിവിഷന്‍ ചാനലുകള്‍ ഒഞ്ചിയത്ത് ചെന്ന് നടത്തിയ അന്വേഷണങ്ങള്‍ ഈ പ്രസ്താവന്ക്ക് തെളിവ് നല്‍കുന്നുമുണ്ട്. കുറെ സ്ഥലങ്ങളിലേക്ക് റോഡ് വെട്ടിയെന്നും ചില കുടിവെള്ള പദ്ധതികള്‍ തുടങ്ങാനായെന്നും മറ്റു പല പഞ്ചായത്തുകളേയും പോലെ അവര്‍ക്കും പറയാനുണ്ടായിരുന്നു. അതിലപ്പുറം, ഒരു യഥാര്‍ഥ ഇടതുപക്ഷമെന്നും ജനകീയ ബദലെന്നുമുള്ള പുറംമോടി വാചകമടികള്‍ ഭരണം കൈയില്‍ കിട്ടിയ കാലയളവില്‍ ഇന്ധനമാക്കാന്‍ അവര്‍ക്ക് കഴിയാതെ പോയി. കോഴിക്കോട് ജില്ലയിലെ മറ്റു പല പഞ്ചായത്തുകളും സുസ്ഥിര വികസനം ലക്ഷ്യമാക്കി നൂതനപദ്ധതികളിലേക്ക് അതിവേഗം വളര്‍ന്നുവികസിച്ചപ്പോഴും, സി പി എമ്മിന്റെ വളര്‍ച്ചയെ തടയാനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് അവരുടെ ശ്രദ്ധ വ്യയം ചെയ്യപ്പെടുകയാണുണ്ടായത്. അതുപോലും ഫലം ചെയ്തില്ലെന്നതിന് ഫലം തന്നെ സാക്ഷി.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയിലും സ്വജന പക്ഷപാതിത്വത്തിലും മുങ്ങിനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ സംസ്ഥാനത്തെ മുക്കിലും മൂലയിലും വലിയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളാണ് എല്‍ ഡി എഫ് ഇക്കാലയളവില്‍ ഏറ്റെടുത്തു നടത്തിയത്. അത്തരം പ്രവര്‍ത്തനങ്ങളോട് മുഖംതിരിച്ചു നിന്നുവെന്നു മാത്രമല്ല, യു ഡിഎഫിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരുന്ന തനതായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പോലും ആര്‍ എം പി പരാജയപ്പെട്ടു. ചന്ദ്രശേഖരന്‍ വധമെന്ന ഒറ്റ അജന്‍ഡയില്‍ കെട്ടിമറിയുന്ന ആര്‍ എം പി നേതാക്കളെയാണ് 2012-നുശേഷം കേരളത്തിന് ദര്‍ശിക്കാനായത്. ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്തെ ജനങ്ങളെ മാത്രം മറ്റൊരു അജന്‍ഡയില്‍ തളച്ചിടാമെന്ന ആര്‍ എം പി ധാരണകള്‍ക്കാണ് യഥാര്‍ഥത്തില്‍ തിരിച്ചടി ഉണ്ടായിട്ടുള്ളത്.
ഏതായാലും, വലതുപക്ഷവത്കരണ വിരോധമൊക്കെ എവിടെ എത്തിനില്‍ക്കുന്നുവെന്ന് മുസ്‌ലിം ലീഗുമായുള്ള പരസ്യ സഖ്യത്തിലൂടെ ഇപ്പോള്‍ തെളിഞ്ഞുകാണുന്നു. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സി പി എം വിരോധം മാത്രം കൈമുതലാക്കി ഇനിയുമവര്‍ക്ക് മുന്നോട്ടുപോകാനാകില്ലെന്ന് ഇക്കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷമുള്ള അവരുടെ പ്രധാന പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതികരണങ്ങള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. ആ ചുവരെഴുത്ത് വായിക്കാന്‍ അവര്‍ തയ്യാറാകുമോ എന്ന് ഇനിയുള്ള കാലം കാത്തിരുന്നു കാണാം.
വാല്‍ക്കഷണം-
2010 നവംബര്‍ 30-ന് “സിറാജി”ല്‍ എന്‍ വേണു എഴുതിയ “ഒഞ്ചിയം നിര്‍വഹിക്കുന്നത്” എന്ന ലേഖനത്തില്‍നിന്ന് ഒരു ഭാഗം:
“”യഥാര്‍ഥ കമ്യൂണിസ്റ്റ് ബദല്‍ രാഷ്ട്രീയത്തിനായുള്ള അന്വേഷണങ്ങളില്‍ സാര്‍ഥകമായ പങ്ക് നിര്‍വഹിക്കുകയെന്ന വിപ്ലവകരമായ കടമയാണ് ഒഞ്ചിയം രക്തസാക്ഷി ഗ്രാമം നിറവേറ്റിക്കൊണ്ടിരിക്കുന്നത്.””
– അതുതന്നെയാണ് ഒരിടവേളക്കു ശേഷം ഒഞ്ചിയം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് എന്ന് ക്രാന്തദര്‍ശിയായ എന്‍ വേണു അന്നേ മുന്‍കണ്ടിരുന്നോ ആവോ…!!

Latest