Kerala
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

കല്‍പ്പറ്റ: തമിഴ്‌നാട്ടിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. മഴക്കെടുതിയുടെ പേരില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കിയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ശബരിമലക്ക് പോകാന്‍ വ്രതമനുഷ്ടിക്കുന്ന സ്വാമിമാരുള്‍പ്പെടെ കുടുംബ ബജറ്റ് താളം തെറ്റിയ നിലയിലാണ്.
തമിഴ്‌നാട്ടില്‍ പെയ്ത മഴയുടെ പേരില്‍ കര്‍ണ്ണാടകയോട് തൊട്ടുകിടക്കുന്ന ജില്ലയില്‍ പച്ചക്കറികള്‍ അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെത്തുന്ന പച്ചക്കറികളില്‍ ഇരട്ടിയിലധികമാണ് ഈടാക്കുന്നത്. പച്ചമുളകിന് 40,ഉരുളക്കിഴങ്ങ് 24 മുതല്‍ 30,കോവക്ക 50,വെണ്ട 50,മുരിങ്ങ 120 മുതല്‍ 200 വരെ ,പയര്‍ 60മുതല്‍ 80 വരെ ബീറ്റുരൂട്ട 40,കാബേജ് 30,കാരറ്റ് 60 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലനിലവാരം.
സംസ്ഥാനത്തേക്ക് പച്ചക്കറിയെത്തിക്കുന്ന ഇടനിലക്കാര്‍ മഴയുടെ പേരില്‍ വന്‍ ചൂഷണമാണ് നടത്തുന്നത്. വിപണിയില്‍ ഹോര്‍ട്ടി കോര്‍പറേഷന്‍ ഇടപെടണമെന്ന് ആവശ്യം ശക്തമാണ്. മണ്ഡലകാലമായതിനാല്‍ മാലയിടുന്ന അയ്യപ്പന്‍മാര്‍ ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് ഏറെ ആവശ്യക്കാറുള്ള സമയത്ത് ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ സര്‍ക്കാര്‍ സംവിധാനമായ ഹോര്‍ട്ടികോര്‍പറേഷന്‍ വിപണിയിലിറങ്ങാതെ കാഴ്ചക്കാരായിരിക്കുകയാണ്.