Gulf
പ്രമേഹത്തിനെതിരെ കൈകോര്‍ത്തുപിടിച്ച്

പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ശതമാനക്കണക്കില്‍ ലോകത്ത്തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികകള്‍ ഗള്‍ഫില്‍. ജനസംഖ്യയില്‍ ശരാശരി 20 ശതമാനം ഈ ജീവിതശൈലീ രോഗത്തിന് അടിപ്പെട്ടിട്ടുണ്ട്. സഊദി അറേബ്യയില്‍ 24, കുവൈത്ത് 23.1, ബഹ്‌റൈന്‍ 21.9, ഖത്തര്‍ 19.8, യു എ ഇ 19 എന്നിങ്ങനെയാണ് ശതമാനം.
ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുക, രക്തസമ്മര്‍ദം വര്‍ധിക്കുക, കൊഴുപ്പ് കൂടുക എന്നിവയാണ് പ്രകടമായ പ്രശ്‌നങ്ങള്‍. പിന്നീട്, ഇവ ഓരോ അവയവത്തെയും ബാധിക്കുന്നു. ഹൃദയം, വൃക്ക, കണ്ണ് എന്നിങ്ങനെ ക്രമേണയായി നശിക്കുന്നു.
യു എ ഇയില്‍ അഞ്ചിലൊരാള്‍ പ്രമേഹബാധിതരാണ്. ലോകത്ത് ഓരോ ഏഴ് സെക്കന്റിലും ഒരാള്‍ വീതം മരിക്കുന്നു. 38 കോടി ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 2035ഓടെ 59.2 കോടിയാകും.
പ്രമേഹരോഗികള്‍ അനായാസം പെരുകുന്ന മേഖലകളിലൊന്നാണ് മധ്യപൗരസ്ത്യ ദേശം. ടൈപ്പ് രണ്ടിലെത്തിയവര്‍ 3.68 കോടി. 2035ഓടെ ഇരട്ടിയാകും.
കുടുംബ പാരമ്പര്യം ഘടകമാണെങ്കിലും സന്തുലിതമല്ലാത്ത ഭക്ഷണം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങള്‍. മിക്ക ഭക്ഷണത്തിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. മലയാളികളുടെ പ്രധാന ആഹാരങ്ങളില്‍ മിക്കവയിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് കണക്കിലെടുക്കാതെയാണ് ഭക്ഷണം വാരിവലിച്ചുതിന്നുന്നത്. പ്രമേഹത്തിനെതിരെ വ്യാപകമായി ബോധവത്കരണവും സൗജന്യ പരിശോധനയും ഉണ്ടെങ്കിലും പലരും ഉപയോഗപ്പെടുത്തുന്നില്ല. ഭൂരിപക്ഷം വിദേശികളും ചികിത്സ തേടുന്നില്ല. ഇതിനെല്ലാമുപരി ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കുന്നില്ല.
പ്രമേഹത്തിനെതിരെയുള്ള ബോധവത്കരണത്തില്‍ യു എ ഇ മുന്‍പന്തിയില്‍. കഴിഞ്ഞ ദിവസം സബീല്‍ പാര്‍ക്കില്‍ 17,000 പേരാണ് കൂട്ടനടത്തത്തില്‍ പങ്കെടുത്തത്. ദുബൈ ആസ്ഥാനമായ ലാന്റ്മാര്‍ക്ക് ഗ്രൂപ്പാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. ഫീസ് ഇനത്തില്‍ 3.5 ലക്ഷം ദിര്‍ഹം ശേഖരിക്കുകയും ജീവകാരുണ്യ സംഘടനയായ ജലീല ഫൗണ്ടേഷന് നല്‍കുകയും ചെയ്തു. വിദ്യാഭ്യാസം, ചികിത്സാ ഗവേഷണം തുടങ്ങിയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജലീല ഫൗണ്ടേഷന്‍. നിരവധി ഇന്ത്യന്‍ വാണിജ്യ പ്രമുഖര്‍ സംഘടനയെ സഹായിക്കുന്നു. പ്രമേഹ രോഗത്തിനെതിരെയും ഫൗണ്ടേഷന്‍ ഗവേഷണം നടത്താറുണ്ട്. യു എ ഇയില്‍ രോഗികള്‍ വര്‍ധിക്കാതിരിക്കാനുള്ള വഴി തേടുന്നു. അതുകൊണ്ടുതന്നെ കൂട്ടനടത്തത്തിലൂടെ നേടിയ സഹായധനം യു എ ഇക്കാണ് കൂടുതലായി ഉപകരിക്കുക.
കുട്ടികളെപ്പോലും പ്രമേഹം വെറുതെ വിടുന്നില്ല. കൂട്ടനടത്തത്തില്‍ പങ്കെടുത്ത ചില കുട്ടികള്‍ ടൈപ്പ് ഒന്ന് പ്രമേഹരോഗികളാണ്. വ്യായമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അവര്‍ രോഗത്തെ മറികടക്കുന്നു. അത്തരം കുട്ടികള്‍ സമൂഹത്തിനാകെ മാതൃകയാണ്.
കെ എം എ