Connect with us

Kerala

വിഷവിമുക്ത പച്ചക്കറി: സര്‍ക്കാര്‍ പ്രഖ്യാപനം പ്രഹസനമാകുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് വിഷവിമുക്ത പച്ചക്കറി ലഭ്യമാക്കുമെന്ന് സര്‍ക്കാറിന്റെ പ്രഖ്യാപനം പ്രഹസനമാകുന്നു. ശബരിമല സീസണായതോടെ പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടിയതോടെ വിഷാംശം അടങ്ങിയ പച്ചക്കറി വരാനും സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളില്‍ മാരകമായ കീടനാശിനി തളിക്കുന്നുവെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനായി ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ പരിശോധനക്ക് കോഴിക്കോട് ലാബിലേക്ക് അയച്ചുവെങ്കിലും പരിശോധന ഫലം ഇതുവരെ എത്തിയില്ല. സ്ഥിരം പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇതിന്റെ ചുമതല ഏല്‍പ്പിക്കുമെന്നും പറഞ്ഞിരുന്നു.
പാലക്കാട് ജില്ലയില്‍ ഏഴ് ചെക്ക്‌പോസ്റ്റുകളിലായി ദിവസേന ഇരുനൂറിലധികം ലോഡ് പച്ചക്കറിയാണ് എത്തുന്നത്. ഇവയില്‍ ഇരുപതും മുപ്പതും ഇനം പച്ചക്കറികളാണുണ്ടാകുക. ഇതിന്റെയൊക്കെ സാമ്പിള്‍ എടുക്കണമെങ്കില്‍ ഒരു ചെക്ക്‌പോസ്റ്റില്‍ ചുരുങ്ങിയത് ആറ് പേരെങ്കിലും വേണം. എന്നാല്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാവകുപ്പില്‍ ആകെയുള്ളത് മൂന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരാണ്. ഒരു അസിസ്റ്റന്റ് കമ്മീഷണറും. സര്‍ക്കാര്‍ തലത്തില്‍ വലിയ പ്രഖ്യാപനം നടത്തിയെങ്കിലും അത് പ്രാവര്‍ത്തികമാക്കാനുള്ള ഒരു നീക്കവും ഉണ്ടായില്ല. ജില്ലയില്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ ഒമ്പത് ഒഴിവ് നികത്താതെ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പച്ചക്കറിയിലെ വിഷാംശ പരിശോധന കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം വകുപ്പിന്റെ അവസ്ഥയെന്തെന്ന് പോലും മന്ത്രിമാര്‍ അറിയാത്ത സ്ഥിതിയാണിപ്പോള്‍.
ഓണക്കാല പരിശോധനയുടെ പേരില്‍ വാളയാര്‍ ചെക്ക്പാസ്റ്റില്‍ ഒരു ദിവസം ലോറികളില്‍ നിന്ന് പച്ചക്കറി സാമ്പിളെടുത്തതൊഴിച്ചാല്‍ ചെക്ക്‌പോസ്റ്റുകളില്‍ മറ്റ് പരിശോധനയൊ ന്നുണ്ടായില്ല. പാലിലെ മായം കണ്ടെത്തുന്നതിന് മീനാക്ഷീപുരത്തും വാളയാറിലും ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശോധന നടത്തി. ഇത് ക്ഷീര വികസന വകുപ്പിലെ ജീവനക്കാരാണ് ബൂത്ത് തയ്യാറാക്കി സാമ്പിള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ വഴി റിപ്പോര്‍ട്ട് ശേഖരിച്ചത്. ഓണനാളില്‍ മാത്രം അഞ്ഞൂറ് ലോഡ് പച്ചക്കറിയാണ് കേരളത്തിലേക്ക് എത്തിയത്. ഇവയില്‍ ഏതിലൊക്കെ വിഷാംശമുണ്ടായിരുന്നു എന്നത് സംബന്ധിച്ച് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയില്ല.
തമിഴ്‌നാട്ടില്‍ പച്ചക്കറി കൃഷി നടത്തുന്നവരിലും ഏജന്‍സികളിലും കേരളത്തിലെ ഭരണനേതൃത്വവുമായി ബന്ധമുള്ളവരായതിനാല്‍ കേരളത്തിലേക്കുള്ള പച്ചക്കറി പരിശോധന ബോധപൂര്‍വം അട്ടിമറിച്ചതാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറി പരിശോധന നടക്കാത്തതിന്റെ കാരണം ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ പച്ചക്കറി പരിശോധനക്ക് പകരം നഗരത്തിലും സമീപത്തുമുള്ള കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളെടുത്ത് കോഴിക്കോട്ടെ ലാബിലേക്കയച്ചത് ജനങ്ങളെ പറ്റിക്കാനാണെന്നാണ് പറയുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ ഇപ്പോഴും പച്ചക്കറി ഉത്പാദനം കൂട്ടുന്നതിന് കീടനാശിനി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിന് ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ പച്ചക്കറി ഉത്പാദനം തടയിടാന്‍ സാധ്യമല്ല. ഇവിടെ എത്തുന്ന പച്ചക്കറികള്‍ പരിശോധിച്ച് നിരോധിക്കുക മാത്രമാണ് പോംവഴി. എന്നാല്‍ പരിശോധനഫലം പുറത്തുവരാത്തതിനാ ല്‍ വിഷം കലര്‍ന്നതായി കണ്ടെത്താന്‍ കഴിയാത്തത് അന്യസംസ്ഥാനങ്ങളല്‍ നിന്ന് മാരകമായ കീടനാശിനി ഉപയോഗിച്ച പച്ചക്കറി വരുന്നതിന് സാഹചര്യമൊരുക്കിയിരിക്കുകയാണെന്ന് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

Latest