Connect with us

Articles

ഹാജി അലി ദര്‍ഗയും ഫാറൂഖ് കോളജും

Published

|

Last Updated

വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. മുസ്‌ലിംകള്‍ ഓണം ആഘോഷിക്കുന്നതൊക്കെ പലരും പുരോഗമന ഇസ്‌ലാമിന്റെ അടയാളമായി കണ്ടിരുന്ന കാലം. മതേതരത്വം എന്നത് ശത്രുവിനെ തെറിവിളിക്കാനുള്ള വാക്കല്ല, പകരം തങ്ങളുടെ രാഷ്ട്രീയ വിശാലതയെയും തുറവിയെയും സൂചിപ്പിക്കാനുള്ള വിശേഷണ പദമായി മുസ്‌ലിം സ്വത്വവാദികള്‍ കൊണ്ടുനടന്ന കാലം. പൗരോഹിത്യം മുസ്‌ലിം ആരാധനാലയങ്ങള്‍ അടക്കിപ്പൂട്ടിവെച്ചിരിക്കുകയായിരുന്നുവെന്നും പള്ളി മിഹ്‌റാബുകള്‍ അന്യമതസ്ഥരുടെ ആഘോഷങ്ങള്‍ക്ക് വേണ്ടി ആദ്യമായി തുറന്നുകൊടുത്തത് തങ്ങളാണെന്നും മുസ്‌ലിം സ്വത്വവാദത്തിന്റെ ഇന്നത്തെ അപ്പോസ്തലന്മാര്‍ മേനി പറഞ്ഞുനടന്നിരുന്ന കാലം. ബാബരി മസ്ജിദ് പൊളിച്ച് അവിടെ ഒരു ബഹുമത സാംസ്‌കാരിക നിലയം പണിയാം എന്നു ഇ എം എസെങ്ങാനും പറഞ്ഞുകിട്ടിയാല്‍ അതിനെ പിന്തുണച്ചു കൊടുക്കാമായിരുന്നു എന്നു ഏതൊരു മൗദൂദിയനും ആശിച്ചു നടന്ന കാലം. അങ്ങനെയൊരു കാലത്ത് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന ഞങ്ങളുടെ നാട്ടിലെ സ്‌കൂളിലാണ് സംഭവം നടക്കുന്നത്.
ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സ്‌കൂളില്‍ യൂനിഫോം നിര്‍ബന്ധമാണ്. പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ലൗസും ഷാളും (ആവശ്യമുള്ളവര്‍ക്ക്) ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമാണ് യൂനിഫോം. ഇതിനിടെ യൂനിഫോം ധരിക്കേണ്ട ദിവസങ്ങളില്‍ മഫ്ത ധരിച്ചെത്തിയ മുസ്‌ലിം പെണ്‍കുട്ടികളോട് അത് പാടില്ലെന്ന് പ്രിന്‍സിപ്പല്‍ വിലക്കി. മഹല്ലു കമ്മിറ്റിക്കാര്‍ ഇടപെട്ടു. പ്രശ്‌നം രൂക്ഷമായി. മാനേജ്‌മെന്റും മഹല്ലു കമ്മിറ്റിക്കാരും തമ്മില്‍ ചര്‍ച്ചയാകാം എന്നു തീരുമാനിച്ചു. “എന്നാല്‍ പിന്നെ കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞതുപോലെയാകട്ടെ, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ മതം അനുശാസിക്കുന്ന വസ്ത്രം തന്നെ ധരിക്കാം. പക്ഷേ, ഒരു നിബന്ധനയുണ്ട്. യൂനിഫോം ഇടേണ്ട ദിവസങ്ങളിലും അല്ലാത്ത ദിവസങ്ങളിലും ധരിക്കുന്നത് മതം അനുശാസിക്കുന്ന വസ്ത്രം തന്നെ ആയിരിക്കണം, ബുധനാഴ്ചകളില്‍ മാത്രം മഫ്തയോ തല മുഴുവന്‍ മറക്കാന്‍ പാകത്തിനുള്ള ഷാളോ വേണ്ടെന്നു മതനിയമങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. അങ്ങനെ ദിവസമോ പെരുന്നാള്‍ പിറ്റേന്നോ എന്ന വ്യത്യാസമില്ലാതെ നിങ്ങളീ പറയുന്ന മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്ന ഒരേയൊരു കുട്ടി മാത്രമാണ് ഈ സ്‌കൂളില്‍ ഉള്ളത്. ആ കുട്ടിയോട് ഇതുവരെയും ഞങ്ങള്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ല. അങ്ങനെയുള്ള കുട്ടികളോട് എതിര്‍പ്പ് പറയുകയുമില്ല”. വീറോടെ ചര്‍ച്ചക്കെത്തിയ മഹല്ലു കമ്മിറ്റിക്കാരോട് പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ലക്ഷ്യം വെച്ചതെന്താണെന്നു കമ്മിറ്റിക്കാര്‍ക്കും മനസ്സിലായി, വാദം കുറിക്കു കൊണ്ടതായി പ്രിന്‍സിപ്പലിനും. തീരുമാനം മിനുട്‌സില്‍ എഴുതി എല്ലാവരും ഒപ്പ് വെച്ചു. ചില പ്രത്യേക ദിവസങ്ങളില്‍, ചില പ്രത്യേക നേരങ്ങളില്‍, ചില പ്രത്യേക ഇടങ്ങളില്‍ മാത്രം അങ്കുരിക്കുന്ന മുസ്‌ലിം സ്വത്വബോധമോ എന്നതിലായിരുന്നു പ്രിന്‍സിപ്പലിന്റെ ചോദ്യത്തിന്റെ മര്‍മം. പ്രിന്‍സിപ്പലിന്റെ നിഗമനം ശരിയാണെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്റിനെ വിറപ്പിക്കാന്‍ അരയും തലയും മുറുക്കിവന്ന മഹല്ലു കാരണവന്മാരുടെ മക്കള്‍ തന്നെ പിന്നീടുള്ള ദിവസങ്ങളില്‍ തെളിയിച്ചു കൊടുത്തു. എല്ലാ ദിവസവും ഇസ്‌ലാമിക വസ്ത്രം ധരിക്കണമെന്ന ഒരു കന്യാസ്ത്രീയുടെ നിര്‍ദേശത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഞങ്ങളുടെ നാട്ടിലെ മുസ്‌ലിംകളുടെ ക്ഷോഭം പതിയെ ആറിത്തണുത്തു. അപ്പോഴും ദിവസവ്യത്യാസമില്ലാതെ തലമറച്ചെത്താറുള്ള പെണ്‍കുട്ടിയെ ലാളിച്ചും പരിപോഷിപ്പിച്ചും ആ കന്യാസ്ത്രീ തന്റെ വാക്ക് പാലിച്ചു. നാട്ടിലെ മുസ്‌ലിം പോരാളികള്‍ക്ക് ഇതിനേക്കാള്‍ മികച്ച ഒരു മറുപടി (പരിഹാസം എന്നു പറയുന്നതാവും കൂടുതല്‍ ശരി) അതിനു മുമ്പോ ശേഷമോ കിട്ടിയിട്ടുണ്ടാകില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആ സംഭവം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം വിശദീകരിക്കാം. അതിനു മുമ്പ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന രണ്ട് സംഭവങ്ങളിലേക്ക് പോകാം. ആദ്യത്തെ സംഭവം നടക്കുന്നത് മുംബൈയിലാണ്. മുംബൈ മഹാ നഗരത്തിന്റെ സൂചകം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഹാജി അലി ദര്‍ഗ. 15-ാം നൂറ്റാണ്ടില്‍ ജീവിച്ച സയ്യിദ് പീര്‍ ഹാജി അലി ശാഹ് ബുഖാരിയുടെ ഖബറിടമുള്ള ഈ ദര്‍ഗ പ്രധാനപ്പെട്ട ഒരു തീര്‍ഥാടന കേന്ദ്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങളിലടക്കം പ്രധാന വാര്‍ത്തകളുടെ കൂട്ടത്തില്‍ ഹാജി അലി ദര്‍ഗയും ഉണ്ട്. ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള ദര്‍ഗ ട്രസ്റ്റിന്റെ തീരുമാനത്തിനെതിരെ ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയും ഈ പരാതിയുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ നടന്ന വാദങ്ങളുമാണ് ഹാജി അലി ദര്‍ഗയെ വാര്‍ത്താ കേന്ദ്രമാക്കി മാറ്റിയത്. പുരുഷനായ സൂഫീ വര്യന്റെ ഖബറിടത്തിനരികെ സ്ത്രീകള്‍ വന്നു നില്‍ക്കുന്നത് ഇസ്‌ലാമികവിരുദ്ധമാണ് എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിന്റെ വാദം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ (എതുഭാഗത്തുമുള്ള) ആളുകള്‍ കാണിക്കുന്ന അസഹിഷ്ണുത പേടിപ്പെടുത്തുന്നതാണെന്നു പറഞ്ഞുകൊണ്ട് വാദം കേള്‍ക്കുന്നതില്‍ കോടതി പിന്മാറി എന്നാണു ഒടുവില്‍ കേട്ടത്.
ഏതാണ്ട് ഇതേ സമയത്തു തന്നെയാണ് കോഴിക്കോട് ഫാറൂഖ് കോളജും പത്രമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ക്ലാസില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇരുന്ന വിദ്യാര്‍ഥികളോട് മാറിയിരിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെടുന്നു. കൂട്ടാക്കാതിരുന്ന വിദ്യാര്‍ഥികള്‍, മാറിയിരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത് ലിംഗനീതിക്കെതിരെയുള്ള നിലപാടാണ് എന്നു കാരണം പറയുന്നു. അങ്ങനെയെങ്കില്‍ ഇറങ്ങിപ്പോകാം എന്നു അധ്യാപകനും അങ്ങനെയാകട്ടെ എന്നു വിദ്യാര്‍ഥികളും. പിന്നെ വാര്‍ത്തയായി, അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സമരങ്ങളായി, രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ ആവശ്യപ്പെടലായി, ചോദ്യം ചോദിച്ച ദിനു എന്ന ദളിത് വിദ്യാര്‍ഥിയെ സസ്‌പെന്റ് ചെയ്യലായി. ഒടുവില്‍ ദിനുവിനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. വിധിക്കെതിരെ കോളജ് മാനേജ്‌മെന്റും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഫാറൂഖ് കോളജില്‍ ലിംഗവിവേചനം ഇല്ലെന്നും അങ്ങനെയുള്ള പ്രചാരണങ്ങള്‍ അസ്ഥാനത്താണെന്നും മാത്രമല്ല, അങ്ങനെ പ്രചാരണം നടത്തുന്നതിനും അതുവഴി കോളജിനെ മോശമായി ചിത്രീകരിക്കുന്നതിനും പിന്നില്‍ ഹിന്ദുത്വ വര്‍ഗീയവാദികളാണ് എന്നും വരെ എം എ ബേബി മുതല്‍ ഇ ടി മുഹമ്മദ് ബഷീര്‍ വരെയുള്ളവര്‍ നിലപാടെടുത്തു. ഇതേ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയുടെയും മുസ്‌ലിം ലീഗിന്റെയും വിദ്യാര്‍ഥി സംഘടനകള്‍ സമരം നടത്തി. പശുപാലനും ചുംബന സമരവും കൂട്ടിച്ചേര്‍ത്തു വിവാദങ്ങള്‍ക്ക് പുതിയ വിശദീകരണങ്ങള്‍ നല്‍കി. ഗുരുവായൂരപ്പനിലും പ്രൊവിഡന്‍സിലും സമരം നടത്താത്തത് എന്തേ എന്നു ചോദിച്ചു. ഫാറൂഖ് കോളജ് ഒരു കെട്ടിടമല്ല, ആശയമാണെന്നും ലിംഗനീതി, മനുഷ്യാവകാശം എന്നൊക്കെ പറഞ്ഞു അതിനെ തൊട്ടുകളിക്കാന്‍ വന്നാല്‍ (മുസ്‌ലിം) യുവാക്കളുടെ പോരാട്ടവീര്യം അറിയുമെന്നും കെ എം ഷാജി എം എല്‍ എ കോളജ് ക്യാമ്പസിലെ അറബിക് കോളജിലെ യൂനിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചു. അദ്ദേഹം അവിടം കൊണ്ടും നിര്‍ത്തിയില്ല. ലിംഗനീതി നടപ്പിലാക്കണമെന്നുള്ളവര്‍ സ്വന്തം തറവാട് വിറ്റുകിട്ടുന്ന പണം കൊണ്ടു കോളജ് ആരംഭിച്ചു അതില്‍ ലിംഗനീതിയും മനുഷ്യാവകാശവും നടപ്പിലാക്കിക്കോളൂ എന്നും -കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയിലെ കുറാഫാത്തുകളെ പേടിപ്പിച്ചു നിര്‍ത്തുന്ന ചൂണ്ടുപലകയാണ് മുജാഹിദ് പ്രസ്ഥാനം എന്നു വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന- കെ എം ഷാജി സദസ്സിനെ ആവേശം കൊള്ളിച്ചു. അങ്ങനെ ഫാറൂഖിനെ ആവശ്യത്തിലധികം ചര്‍ച്ച ചെയ്യുന്നതിലും അതിനെ ഒരു ലൈവ് ഇഷ്യൂ ആക്കി നിലനിര്‍ത്തുന്നതിലും “ഹിന്ദുത്വ വര്‍ഗീയവാദം ഉള്ളിലുള്ള മതേതരവാദികള്‍”ക്കു മാത്രമല്ല, തങ്ങള്‍ക്കും ചില താത്പര്യങ്ങളുണ്ടെന്ന് മുസ്‌ലിം സംഘടനകളും വ്യക്തമാക്കി. ഇനിയും കുറച്ചു കാലം കൂടി അതു ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുകയും ചെയ്യും.
കേരളത്തിലെ മുസ്‌ലിം മത രാഷ്ട്രീയ സാഹചര്യങ്ങളെയും സാംസ്‌കാരിക രാഷ്ട്രീയത്തെയും പൊതുബോധത്തെയും കുറിച്ചുള്ള ഒട്ടനവധി ചോദ്യങ്ങള്‍ ഫാറൂഖ് കോളജ് വിവാദം ഉയര്‍ത്തുന്നുണ്ട്. എത്രയൊക്കെ ചര്‍ച്ച ചെയ്യേണ്ട എന്നു കോളജ് മാനേജ്‌മെന്റും മുസ്‌ലിം സംഘടനകളും ആഗ്രഹിച്ചാലും അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക തന്നെ ചെയ്യും. ആ ചോദ്യം ഉന്നയിക്കുന്നതില്‍, രാഹുല്‍ ഈശ്വറിനെ പോലുള്ള ഹിന്ദു വര്‍ഗീയവാദികളോ തോമസ് ഐസക്കിനെ പോലുള്ള ശുദ്ധ ഇടതുപക്ഷക്കാരോ, തോമസ് ഐസക്കിന്റെ മതേതര ആവേശത്തെ ഹിന്ദു വര്‍ഗീയവാദത്തിന്റെ തുടര്‍ച്ചയായി കാണുന്ന എം എ ബേബിയെ പോലുള്ള പ്രീണന ഇടതുപക്ഷക്കാരോ മാത്രമാകില്ല ഉണ്ടാകുക. ഫാറൂഖ് കോളജ് എന്ന ആശയത്തില്‍ നിന്നും പഠിച്ചിറങ്ങിയ തലമുറയും ഉണ്ടാകും. “സ്ത്രീകളെ അധികാരമേല്‍പ്പിക്കുന്നത് നാട് തകരാന്‍ കാരണമാകും” എന്ന “ഒരു യാഥാസ്ഥിതിക മുസ്‌ലിം പണ്ഡിത”ന്റെ പ്രസ്താവനയുടെ മറവിലൊന്നും അത്തരം ചോദ്യങ്ങളെ ഒളിപ്പിച്ചു വെക്കാന്‍ കഴിയുകയില്ല.
എന്താണ് ഫാറൂഖ് കോളജ് വിവാദം കേരളത്തിലെ സുന്നി വിശ്വാസികള്‍ക്ക് നല്‍കുന്ന പാഠം? ആ ചോദ്യമാണ് മേലെ പറഞ്ഞ മൂന്ന് സംഭവങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഘടകം. സുന്നികളെ സംബന്ധിച്ചിടത്തോളം കേരളത്തിലെ പുരോഗമന/നവോത്ഥാന മുസ്‌ലിം പ്രസ്ഥാനങ്ങളുടെ അസ്തിത്വ പ്രതിസന്ധികളെ ആഴത്തില്‍ മനസ്സിലാക്കാനുള്ള അവസരമാണ് ഫാറൂഖ് സംഭവങ്ങള്‍ വെച്ചുനീട്ടുന്നത്. ഒരുപക്ഷേ, ഈ വക മുസ്‌ലിം സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ആവിഷ്‌കരിക്കാന്‍ വേണ്ടി പലപ്പോഴും പറയാറുള്ള സ്വത്വപ്രതിസന്ധി ഇതേ സംഘടനകള്‍ യഥാര്‍ഥത്തില്‍ സ്വയം നേരിടുന്ന ഒരു ഘട്ടത്തെ കൂടിയാണ് ഫാറൂഖ് കോളജ് വിവാദം പ്രതിനിധാനം ചെയ്യുന്നത്. എന്താണ് ആ പ്രതിസന്ധി?
സ്ത്രീകളുടെ പൊതുരംഗ പ്രവേശത്തെ കുറിച്ച് സുന്നി മുസ്‌ലിംകള്‍ക്ക് ചില വിശ്വാസങ്ങളും നിലപാടുകളും ഉണ്ട്. ആ വിശ്വാസങ്ങള്‍ തെറ്റാണ് എന്നും പുരുഷനെ പോലെ പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിവും അവസരവും ഉള്ളവളാണ് സ്ത്രീയെന്നും ഇസ്‌ലാം അത്തരം അവകാശങ്ങളും അവസരങ്ങളും വകവെച്ചു കൊടുക്കുന്നുണ്ടെന്നുമാണ് പുരോഗമന/നവോത്ഥാന മുസ്‌ലിം പ്രസ്ഥാനങ്ങള്‍ പറയുന്നത്. ആ നിലപാട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇസ്‌ലാമിലെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും നൂലാമാലകള്‍ വലിച്ചെറിയുകയും പള്ളികളും പള്ളിക്കൂടങ്ങളും മാത്രമല്ല, പഞ്ചായത്ത് ഓഫീസ് മുതല്‍ നിയമസഭ വരെയും മഹല്ല് കമ്മിറ്റി മുതല്‍ കേന്ദ്രശൂറ വരെയും സ്ത്രീകള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു എന്നു അവകാശപ്പെടുന്നവരാണ് ഈ പുരോഗമന പ്രസ്ഥാനങ്ങള്‍. ഈ വാദങ്ങള്‍ പ്രയോഗികമാക്കുന്നതിലെ ശുഷ്‌കാന്തി എത്രമാത്രം ഉണ്ടെന്നത് വേറെ കാര്യം. തങ്ങളുടെ വാദത്തിനു അനുകൂലമായി ഇസ്‌ലാമിക ചരിത്രത്തില്‍ നിന്നും തെളിവുകള്‍ അവതരിപ്പിക്കുന്നതിലും ഇക്കൂട്ടര്‍ പിശുക്ക് കാണിക്കാറില്ല. പ്രവാചകരുടെ കാലത്ത് സ്ത്രീകള്‍ പൊതുരംഗത്ത് സജീവമായിരുന്നുവെന്നും, യുദ്ധ മുന്നണിയില്‍ വരെ സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്നും ഹുസൈന്‍ മടവൂര്‍ മുതല്‍ മുഹമ്മദ് കാരക്കുന്ന് വരെ ഇടതടവില്ലാതെ പറയാറും ഉണ്ടല്ലോ.
ഫാറൂഖ് കോളജിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുന്നികളുടെ ചോദ്യം ഇത്രയുമാണ്:
1. ഹാജി അലി ദര്‍ഗയിലെ പ്രവേശം ആവശ്യപ്പെട്ടു സ്ത്രീകള്‍ക്ക് വേണ്ടി മുസ്‌ലിം മഹിളാ ആന്തോളന്‍ മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ഈ പുരോഗമന പ്രസ്ഥാനങ്ങളുടെ സത്യവാങ്മൂലം എന്തായിരിക്കും?
2, സ്ത്രീകള്‍ക്ക് ദര്‍ഗകളില്‍ പ്രവേശം നിഷേധിക്കുന്നതു കൊണ്ട് സമുദായത്തിലെ അന്ധവിശ്വാസം പകുതി കുറയും എന്ന നിലപാടാണോ, അങ്ങനെയെങ്കില്‍, സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശം നിഷേധിക്കുന്നതു വഴി സമൂഹത്തില്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് കരുതാം എന്ന ഒരു യുക്തിവാദിയുടെ വാദത്തില്‍ നിന്ന് മേല്‍ നിലപാടിന് എന്തെങ്കിലും വ്യത്യാസമുണ്ടോ?
3. പുതിയ കാലത്തെ സാഹചര്യങ്ങളും സമൂഹം ആര്‍ജിച്ച വികസനവും പുരോഗമന ബോധവും അടിസ്ഥാനമാക്കി മതത്തെയും മത പ്രമാണങ്ങളെയും വ്യാഖ്യാനിക്കണമെന്നു വാദിക്കുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഫാറൂഖ് കോളജില്‍ ദിനു എന്ന വിദ്യാര്‍ഥി ഉയര്‍ത്തിയ, ലിംഗനീതിയെ കുറിച്ചുള്ള സംവാദവുമായി ബന്ധിപ്പിക്കാവുന്ന ഒരു ചോദ്യത്തിന് ഇസ്‌ലാമികമായ ഒരു തെളിവോ വ്യാഖ്യാനമോ കണ്ടെത്താന്‍ കഴിയാതെ പോകുന്നത്?
4. യുദ്ധമുഖത്തും മറ്റു പൊതുഇടങ്ങളിലും പ്രവാചകരുടെ കാലത്തു തന്നെ പുരുഷനോടൊപ്പം സ്ത്രീയും കൂടെ ഉണ്ടായിരുന്നു എന്നൊക്കെയുള്ള (സുന്നി വാദങ്ങളെ ചെറുക്കാന്‍ വേണ്ടി) ഈ പുരോഗമന മുസ്‌ലിംകള്‍ ഉദ്ധരിക്കാറുള്ള ചരിത്ര വിശദീകരണത്തെ എന്തുകൊണ്ടാണ് ഫാറൂഖ് കോളജിലെ മലയാളം ക്ലാസില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നാല്‍ എന്താണ്, ഒരുമിച്ചിരിക്കരുത് എന്നു വാശിപിടിക്കുന്നത് എന്തിനാണ് തുടങ്ങിയ ദിനുവിന്റെ ചോദ്യത്തെ പിന്താങ്ങുന്നതിനു വേണ്ടിയുള്ള വ്യഖ്യാനമായി വലിച്ചുനീട്ടാന്‍ ഈ മുസ്‌ലിം സംഘടനകള്‍ക്ക് കഴിയാതെ പോയത്, പോകുന്നത്?
5. സുന്നികളുടെ വിശ്വാസത്തെയും വാദങ്ങളെയും നേരിടാന്‍ പാരമ്പര്യവും പഴഞ്ചന്‍ സംസ്‌കാരങ്ങളും മാമൂലുകളും വലിച്ചെറിയാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് എന്തുകൊണ്ടാണ് ഇവിടെ പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും കീഴ്‌വഴക്കങ്ങളെയും കൂട്ടുപിടിക്കേണ്ടിവരുന്നത്?
6. ലിംഗനീതിയും മനുഷ്യാവകാശവും നടപ്പിലാക്കണമെന്നുള്ളവര്‍ സ്വന്തം തറവാട് വിറ്റു കോളജ് ആരംഭിച്ചോളൂ എന്നു പ്രസംഗിച്ചവരും അതിനു കൈയടിച്ചവരും ഇസ്‌ലാമിലെ ലിംഗനീതി നടപ്പിലാക്കാന്‍ വേണ്ടി സുന്നികളില്‍ നിന്നും വഹാബികള്‍ പിടിച്ചടക്കിയ പള്ളികള്‍ സുന്നികള്‍ക്ക് തന്നെ തിരിച്ചു കൊടുക്കാനും കൂടി ആഹ്വാനം ചെയ്യുമോ?
7. അതോ, പൊതു സമൂഹത്തിനു ബാധകമായിരിക്കണം എന്നു വഹാബികളും മൗദൂദികളും ആവശ്യപ്പെടുന്ന ന്യായങ്ങള്‍ക്കൊന്നും സുന്നികള്‍ അര്‍ഹരല്ല എന്നാണോ?
8. ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരിക്കാന്‍ പാടില്ല എന്ന നിര്‍ബന്ധം പിടിക്കലിന് വഹാബികള്‍ക്കും മൗദൂദികള്‍ക്കും ഉള്ള ഇസ്‌ലാമിക ന്യായം എന്താണ്?
9. ഒരുമിച്ചിരിക്കണം എന്നു വാശിപിടിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരെ മുസ്‌ലിംവിരുദ്ധരും മുസ്‌ലിം പേടി ബാധിച്ചവരും ആയി മുദ്ര കുത്താനുള്ള ഇസ്‌ലാമിക ന്യായീകരണം എന്താണ്?
ചോദ്യങ്ങള്‍ തത്കാലം ഇവിടെ നിര്‍ത്താം. മൗദൂദികള്‍ക്കും വഹാബികള്‍ക്കും മാത്രമല്ല, സംവരണം നടപ്പിലാക്കാത്തത് കൊണ്ട് നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പറഞ്ഞ മതപ്രഭാഷണങ്ങള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലത്തേക്ക് ബാധകമല്ല എന്നു പറയുന്ന മത പണ്ഡിതന്മാര്‍ക്കും മേല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞു നോക്കാവുന്നതാണ്. പക്ഷേ, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള മൗദൂദികളുടെയും വഹാബികളുടെയും ബാധ്യത വര്‍ധിപ്പിക്കുന്ന ഒരു ചരിത്രവസ്തുത കൂടിയുണ്ട്. അത് മുസ്‌ലിം നവോത്ഥാനത്തെ, പുരോഗമനവാദത്തെ ഇക്കൂട്ടര്‍ എങ്ങനെ ആവിഷ്‌കരിച്ചു എന്നുള്ളതാണ്. സ്ത്രീ പള്ളി പ്രവേശം, സ്ത്രീയുടെ രാഷ്ട്രീയ പ്രവേശം എന്നു തുടങ്ങി സ്ത്രീ വിഷയങ്ങളില്‍ ഊന്നി നിന്നുകൊണ്ടായിരുന്നു ആ നവോത്ഥാനം. ആ നവോത്ഥാനത്തിന്റെ വക്താക്കള്‍ക്ക് എന്തുകൊണ്ടാണ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ചിരുന്നാല്‍ എന്താ സംഭവിക്കുക എന്ന ചോദ്യത്തിന് ചുംബന സമരത്തെയും രാഹുല്‍ പശുപാലന്റെ അറസ്റ്റിനെയും ചൂണ്ടിക്കാട്ടി മറുപടി പറയേണ്ടിവരുന്നത്?
ഇനി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഇസ്‌ലാമികവിരുദ്ധമാണ് എന്ന വാദം പോലും ഉയര്‍ത്താന്‍ കഴിയാത്ത വിധം അശക്തരായിപ്പോയി എന്നതാണ് ഈ നവോത്ഥാന പാരമ്പര്യം നേരിടുന്ന പ്രതിസന്ധി. ഫാറൂഖ് കോളജ് മാനേജ്‌മെന്റിന്റെ ആചാര വിശ്വാസങ്ങളെ പൊതു സമൂഹത്തില്‍ പ്രതിനിധാനം ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ വക നിയമങ്ങളൊന്നും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലോ അതിന്റെ ആഘോഷ വേളകളിലോ ബാധകമായിരുന്നില്ലല്ലോ. പ്രകടനം നടത്താന്‍ സ്ത്രീകളെ കിട്ടാത്തവര്‍ സ്ത്രീ രൂപം ഉണ്ടാക്കിയും സ്ത്രീകളുടെ വേഷം കെട്ടിയും മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചതും നാം ഈയിടെ കണ്ടതാണല്ലോ.
അപ്പോള്‍ കാര്യങ്ങളുടെ മര്‍മം കിടക്കുന്നത് കന്യാസ്ത്രീ ആയ ആ പഴയ ഹൈസ്‌കൂള്‍ അധ്യാപിക മഹല്ലു നേതാക്കളോട് ചോദിച്ച അതേ ചോദ്യത്തിലാണ്. എല്ലായിടത്തേക്കും കാലത്തേക്കും ബാധകമായ ഒരിസ്‌ലാം ഈ വക മുസ്‌ലിംകളുടെ കൈയില്‍ ഇല്ലാതെ പോയി. ഒതായി പള്ളിയില്‍ നടപ്പിലാക്കിയ ലിംഗനീതി ഫാറൂഖ് കോളജിന് ബാധകമല്ലാതെ പോയത് അതുകൊണ്ടാണ്. യൂനിഫോം ഇടേണ്ട ദിവസങ്ങളില്‍ മാത്രം ഇസ്‌ലാമിക വസ്ത്ര ധാരണയെ കുറിച്ച് അസ്വസ്ഥരാകുന്നവരുടെ അതേ ബോധമേ ഒട്ടുമിക്ക മുസ്‌ലിം സംഘടനകള്‍ക്കും ഉള്ളൂ. സുന്നി പള്ളികളിലും വീടുകളിലും ലിംഗനീതി നടപ്പിലാക്കാനും അതുപറഞ്ഞു പാരമ്പര്യ മുസ്‌ലിംകളെ പരിഹസിക്കാനും ആവേശം കാണിച്ചവര്‍ കോളജില്‍ എത്തിയപ്പോള്‍ ശ്വാസം മുട്ടിപ്പോയതും അതുകൊണ്ടാണ്. ആ ശ്വാസംമുട്ടലിനു പിന്നില്‍ മറ്റൊരു താത്പര്യം കൂടിയുണ്ട്. ആ താത്പര്യം മനസ്സിലാകണമെങ്കില്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മര്‍കസ് നോളജ് സിറ്റി എന്ന വിദ്യഭ്യാസ സംരംഭത്തിനെതിരെ പരിസ്ഥിതി വാദം ഉന്നയിച്ചു ഒരു മുസ്‌ലിം സംഘടന കൊടുത്ത കേസിനോട് ഈവക മുസ്‌ലിം സംഘടനകളും അവരുടെ മാധ്യമ സ്ഥാപനങ്ങളും സ്വീകരിച്ച നിലപാടാണ്. അന്ന് ചെന്നൈ ഹരിത ട്രിബ്യൂണലില്‍ നിന്നും നോളജ് സിറ്റിക്കെതിരെ ഒരു വിധിയും കാത്തിരുന്നവരില്‍ ഇപ്പോള്‍ ഫാറൂഖ് കോളജ് എന്ന ആശയത്തെ സംരക്ഷിക്കാന്‍ പ്രതിരോധ സമരത്തില്‍ ഏര്‍പ്പെട്ടവരും ഉണ്ടായിരുന്നു. ഫാറൂഖില്‍ ദിനു ഉന്നയിച്ച ലിംഗനീതിയെയും മനുഷ്യാവകാശത്തെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ ഇസ്‌ലാംവിരുദ്ധത കണ്ടെത്തുന്നവര്‍ക്ക് പക്ഷേ, നോളജ് സിറ്റിക്കെതിരെ മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന ഉന്നയിച്ച പാരിസ്ഥിതിക പ്രശ്‌നത്തില്‍ ഇസ്‌ലാമികവിരുദ്ധതയൊന്നും കാണാന്‍ കഴിഞ്ഞില്ല. ഫാറൂഖ് കോളജും മര്‍കസും മലയാളി മുസ്‌ലിംകളിലെ ഏതു സാമ്പത്തിക വര്‍ഗത്തിന്റെ താത്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നു കൂടി മനസ്സിലാക്കിയാല്‍ ചിത്രം കുറേക്കൂടി വ്യക്തമാകും.
അപ്പോള്‍ അതാണു കാര്യം. തോല്‍പ്പിക്കേണ്ടത് ആരെയാണോ അതിനനുസരിച്ചാണ് ഇക്കൂട്ടരുടെ ഇസ്‌ലാമും മനുഷ്യാവകാശവും പരിസ്ഥിതി ബോധവുമൊക്കെ രൂപംകൊള്ളുന്നത്. സുന്നികള്‍ക്ക് ഇത്രയേ പറയാനുള്ളൂ; മര്‍കസ് നോളജ് സിറ്റിക്കെതിരെയുള്ള നീക്കത്തില്‍ ഇസ്‌ലാമിക വിരുദ്ധതയും മുസ്‌ലിംപേടിയും വായിച്ചെടുക്കാന്‍ കഴിഞ്ഞവര്‍ക്ക് വേണമെങ്കില്‍ ദിനുവിലും തോമസ് ഐസക്കിലും വി പി സുഹ്‌റയിലും ഒക്കെ ഇസ്‌ലാമികവിരുദ്ധത ആരോപിക്കാന്‍ അവകാശമുണ്ട്. അങ്ങനെ കാണാനാവശ്യമായ രാഷ്ട്രീയ ബോധം ഇല്ലാത്തവരുടെ ശ്വാസംമുട്ടലുകള്‍ മനസ്സിലാക്കാന്‍ ഏറ്റവും കുറഞ്ഞത് കേരളത്തിലെ സുന്നികള്‍ക്കെങ്കിലും കഴിയും. അതാണു സുന്നികളുടെ ഇസ്‌ലാമിക ബോധത്തിന്റെ കരുത്തും സൗന്ദര്യവും.

---- facebook comment plugin here -----

Latest