Kerala
മനുഷ്യസ്‌നേഹത്തിന് മാതൃക കാണിച്ച് നൗഷാദിന്റെ ജീവത്യാഗം

കോഴിക്കോട്: പാളയത്ത് ഓടയില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി മരണം വരിച്ച കരുവാശ്ശേരി സ്വദേശി നൗഷാദ് കാണിച്ചത് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക. കെ.എല്‍.11,എസ് 6693 നമ്പറിലുള്ള ഓട്ടോറിക്ഷയുമായി പാളയത്തെ സമദിന്റെ ഹോട്ടലില്‍ സ്ഥിരമായി ചായകുടിക്കാന്‍ എത്താറുള്ള നൗഷാദ് പതിവ് പോലെ ഇന്നുമെത്തിയതായിരുന്നു. ചായ ഓര്‍ഡര്‍ ചെയ്ത് ഇരിക്കുന്നതിനിടെയാണ് മാന്‍ഹോളിന് സമീപത്ത് നിന്ന് ബഹളം കേള്‍ക്കുന്നത്. ഉടന്‍ തന്നെ നൗഷാദ് അങ്ങോട്ട് ഓടിയെത്തി. പിന്നെ ഒരു നിമിഷവും അമാന്തിച്ചുനിന്നില്ല. ജീവന്‍ പണയംവെച്ച് നൗഷാദ് ഓടയിലേക്കിറങ്ങി, തനിക്ക് മുഖപരിചയം പോലുമില്ലാത്ത രണ്ട് തൊഴിലാളികളെ രക്ഷിക്കുകയെന്ന മഹാദൗത്യവുമായി.
സംഭവമറിഞ്ഞ് മാന്‍ഹോളിന് സമീപം തടിച്ചുകൂടിയവര്‍ നൗഷാദ് ഓടയിലിറങ്ങുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ നൗഷാദ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. ഓടയിലേക്ക് മെല്ലെ അടിവെച്ച് ഇറങ്ങുന്നതിനിടെ നൗഷാദിന്റെ കാലില്‍ തൊഴിലാളികളില്‍ ആരോ ഒരാള്‍ പിടിച്ചതായി പറയുന്നു. പിന്നെ നൗഷാദും മലിനജലം കെട്ടിനിന്ന ഓടയില്‍ മറയുന്നതാണ് കണ്ടത്. ആന്ധ്രാ സ്വദേശികളെ പുറത്തെടുത്ത് കാല്‍ മണിക്കൂറിന് ശേഷമാണ് നൗഷാദിനെ പുറത്തെടുക്കാനായത്. ബോധരഹിതനായിരുന്ന നൗഷാദ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു.
സഫീനയാണ് നൗഷാദിന്റെ ഭാര്യ. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.