Connect with us

International

ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചക്ക് തയ്യാറെന്ന് ശരീഫ്

Published

|

Last Updated

വല്ലെറ്റ: ഇന്ത്യയുമായി നിരുപാധിക ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. ഇന്ത്യയുമായി സൗഹൃദമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും സമാധാനം സ്ഥാപിക്കാന്‍ ഉപാധിരഹിത ചര്‍ച്ച ആവശ്യമാണെന്നും നവാസ് ശരീഫ് പറഞ്ഞു. മാള്‍ട്ട തലസ്ഥാനമായ വല്ലെറ്റയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായുള്ള ചര്‍ച്ചക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.
കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ച അനുവദിക്കില്ലെന്നും തീവ്രവാദം അടിസ്ഥാനമാക്കി മാത്രമേ ചര്‍ച്ചകള്‍ക്ക് തയ്യാറുള്ളൂവെന്നുമുള്ള ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്തല ചര്‍ച്ച പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു. അതിന് ശേഷം ഇതാദ്യമാണ് നിരുപാധിക ചര്‍ച്ചക്ക് തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. തീവ്രവാദം മാത്രം അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും കാശ്മീര്‍ വിഷയവും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. കാശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി ചര്‍ച്ച അനുവദിക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനെ തുടര്‍ന്നാണ് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ചര്‍ച്ചക്കായി ഇന്ത്യയിലേക്ക് വരുന്നതില്‍ നിന്ന് പിന്മാറിയത്.

Latest