Kerala
മണ്ണാര്‍ക്കാട്ട് മാവോയിസ്റ്റുകളും പോലീസും ഏറ്റുമുട്ടി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വനമേഖലയില്‍ മാവോയിസ്റ്റുകളും പോലീസ് തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ക്ക് പരുക്കേറ്റതായാണ് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ വൈകീട്ട് ആറരയോടെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറക്ക് സമീപമുള്ള പള്ളിശ്ശേരി വനമേഖലയില്‍ സായുധ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായത്.
വൈകുന്നേരം പ്രത്യേക സായുധ സേന പ്രദേശത്തെ വനമേഖലയില്‍ തിരച്ചില്‍ ആരംഭിച്ചു. തിരച്ചിലിനിടെ അമ്പലപ്പാറയില്‍ നിന്ന് പള്ളിശ്ശേരി വനമേഖലയിലൂടെയുള്ള റോഡിന് കുറുകെ നാലംഗ സംഘം പോകുന്നത് നാട്ടുകാരും സായുധ സേനാംഗങ്ങളും കണ്ടതോടെ മാവോയിസ്റ്റുകളെന്ന് പറയുന്നവര്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാട്ടുകാരെ മാറ്റി പോലീസും തിരിച്ച് വെടിവെച്ചു. നാല്‍പ്പത് റൗണ്ട് വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. വനത്തിനകത്ത് മണിക്കൂറുകളോളം വെടിവെപ്പ് നടത്തുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. വെളിച്ചക്കുറവ് കാരണം രാത്രി ഒമ്പതോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.
ശനിയാഴ്ച വൈകീട്ട് അമ്പലപ്പാറ ആദിവാസി കോളനിക്ക് സമീപം മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന നാലംഗ സായുധ സംഘമെത്തിയിരുന്നു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങുന്ന കാക്കി വസ്ത്രധാരികളായ സായുധ സംഘമാണ് പള്ളിശ്ശേരി വനത്തിനകത്ത് കുടില്‍ കെട്ടി താമസിക്കുന്ന മാതി, കുറുമ്പന്‍ എന്നിവരുടെ കുടിലുകളിലെത്തിയത്. രാത്രി എട്ട് വരെ ഇവിടെ ചെലവഴിച്ച ഇവര്‍ ഭക്ഷണം ആവശ്യപ്പെടുകയും അതിനുശേഷം കുടിലിലുണ്ടായിരുന്ന അരി ഉള്‍പ്പെടെയുള്ള പത്ത് കിലോയോളം വരുന്ന ഭക്ഷ്യവസ്തുക്കള്‍ പണം നല്‍കി കൊണ്ടുപോകുകയും ചെയ്തതായി പോലീസ് പറയുന്നു.
ഇന്നലെ വനത്തില്‍ ആറ് കിലോമീറ്ററോളം ഉള്ളിലായാണ് ഏറ്റുമുട്ടല്‍ നടന്നത്. അട്ടപ്പാടി മേഖലയില്‍ നിന്ന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് വനമേഖലയിലേക്കുളള വഴിയിലൂടെ സംഘം നീങ്ങിയിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.
അഗളി സി ഐ. കെ എ ദേവസ്യയുടെ നേതൃത്തിലാണ് പ്രദേശത്ത് സായുധ സേന തിരച്ചില്‍ നടത്തുന്നത്. മലപ്പുറം ജില്ലയിലും അട്ടപ്പാടി വനമേഖലയിലും സായുധ സേനകള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് എസ് പി വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുനില്‍, ഷൊര്‍ണൂര്‍ ഡി വൈ എസ് പി സുനേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. മാവോയിസ്റ്റുകളെ നേരിടുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച വിവിധ ഭാഗങ്ങളിലെ എസ് ഐമാരുള്‍പ്പെടെയുള്ളവരോട് സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പാലക്കാട് എസ് പി പറഞ്ഞു.