National
മുഴുവന്‍ ഭാഷകളും ഉള്‍പ്പെടുത്തി യു ജി സി പോര്‍ട്ടല്‍
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ഭാഷകളും ഉള്‍ക്കൊള്ളിച്ച് യു ജി സി പുതിയ വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്നു. രാജ്യത്തെ ഭാഷകളിലെ മുഴുവന്‍ അറിവുകളും ശേഖരിച്ച് ഭര്‍ത്വാനി എന്ന പേരിട്ട വൈബ്‌സൈറ്റില്‍ കേന്ദ്രീകരിക്കുന്ന പദ്ധതിയാണ് യു ജി സി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കും കോളജ് പ്രിസിപ്പല്‍മാര്‍ക്കും ഭാഷകളിലിലുള്ള ഡിജറ്റല്‍, നോണ്‍ഡിജിറ്റല്‍ മറ്റീരിയലുകള്‍ കൈമാറ്റം ചെയ്യാന്‍ യു ജി സി സെക്രട്ടറി ജയ്പാല്‍ സിംഗ് സാന്‍ഡു കത്തയച്ചിട്ടുണ്ട്.
വിവിധ ഭാഷകളില്‍ എഴുതിത്തയ്യാറാക്കിയ മറ്റീരിയലുകള്‍, ഓഡിയോ ഫയലുകള്‍, വിഡിയോ, ചിത്രങ്ങള്‍ എന്നിവയടക്കമുള്ള വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അറിവുകള്‍ക്ക് കൂടുതല്‍ പ്രചാരം കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇന്ത്യയിലെ വിവിധ ഭാഷകളിലെ വാമൊഴികളും പുരാതന കലാസാഹിത്യ കൃതികളും ഡിജിറ്റല്‍ രൂപത്തില്‍ ജനങ്ങളിലെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ജയ്പാല്‍ സിംഗ് വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അറിവുകള്‍ കൈമാറ്റം ചെയ്യുപ്പുന്നതിനും വിഷയങ്ങളില്‍ പുതിയ പഠനങ്ങള്‍ സാധ്യമാക്കുന്നതിനും ഇത് ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 122 ഷെഡ്യൂള്‍ഡ്, നോണ്‍ഷെഡ്യൂള്‍ഡ് ഭാഷകളുണ്ട്. കൂടാതെ 234 മാതൃഭാഷകളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ലോകത്തെ ഏറ്റവും കൂടുതല്‍ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ടലായിരിക്കും.
രാജ്യത്തെ എഴുത്തുകാര്‍, സര്‍ക്കാര്‍- സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, അക്കാദമിക് ബുദ്ധിജീവികള്‍, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ബോര്‍ഡുകള്‍, പുസ്തക പ്രസാധകര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ചായിരിക്കും പദ്ധതി രൂപംകൊള്ളുകയെന്നും ജയ്പാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. പദ്ധതി പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യാ ക്യാമ്പയിനിന്റെ ഭാഗമായാണ് പ്രഖ്യാപിച്ചിട്ടുള്ളത്.