Connect with us

Kerala

വിദ്വേഷ പ്രസ്താവന: വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

Published

|

Last Updated

കൊച്ചി: വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയതിന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത്. വെള്ളാപ്പള്ളിക്കെതിരെ ഇന്ന് ആലുവ കോടതിയില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്യും.
വെള്ളാപ്പള്ളി മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനയിലൂടെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ മതപരമോ വംശീയമോ ഭാഷാപരമോ ആയി പരസ്പര വിദ്വേഷം വളര്‍ത്തുന്നതോ സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്നതോ ആയ പ്രസംഗമോ എഴുത്തോ നടത്തുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടി ഒരുമിച്ചോ അനുഭവിക്കേണ്ടിവരും.
വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡി ജി പിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം, അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവന്‍ ത്യജിക്കേണ്ടിവന്ന കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറായ കരുവിശ്ശേരി നൗഷാദിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത് മുസ്‌ലിമായതുകൊണ്ടാണെന്നും ഹിന്ദുക്കള്‍ക്ക് തുല്യനീതി നിഷേധിക്കപ്പെടുകയാണെന്നുമാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം ആലുവയില്‍ സമത്വ മുന്നേറ്റ യാത്രക്കിടയില്‍ പ്രസംഗിച്ചത്. സമൂഹത്തില്‍ നിന്ന് ഒറ്റക്കെട്ടായ പ്രതിഷേധമാണ് വെള്ളാപ്പള്ളിക്കെതിരെ ഉയര്‍ന്നത്.

Latest