Connect with us

Articles

ഗുരുവിന്റെ കേരളം നൗഷാദിനൊപ്പം

Published

|

Last Updated

ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സര്‍വരും സോദരത്വേന ആവസിക്കുന്ന മാതൃകാസ്ഥാനമായി കേരളത്തെ മാറ്റിമറിക്കുന്നതില്‍ ഊന്നിയതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സമത്വദര്‍ശനം. പ്രസ്തുത സമത്വദര്‍ശനത്തെ അപ്പാടെ കാറ്റില്‍ പറത്തുന്ന ഗുരുദര്‍ശന നിന്ദയുടെ വര്‍ഗീയ യാത്രയാണ് പണം വാരിയെറിഞ്ഞ് കൂലിക്ക് ആളെ എടുത്തു വെള്ളാപ്പള്ളി നയിക്കുന്നതെന്നു വളരെ വ്യക്തമായിക്കഴിഞ്ഞു. മാന്‍ഹോള്‍ ശുചീകരിക്കാന്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് തൊഴിലാളികള്‍ ജീവനു വേണ്ടി പിടയുന്നതറിഞ്ഞ് കാഴ്ചക്കാരനായി നില്‍ക്കാതെ ചാടിയിറങ്ങി അവരെ രക്ഷിക്കാന്‍ പുറപ്പെട്ട നൗഷാദിന് ജീവന്‍ നഷ്ടപ്പെട്ടു. നൗഷാദിന്റെ ജീവകാരുണ്യം തുളുമ്പുന്ന അന്തഃരംഗത്തെ മനുഷ്യത്വമുള്ളവരെല്ലാം വാഴ്ത്തി. നൗഷാദ് അധ്വാനിച്ചു പോറ്റിയിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ കഴിയാവുന്ന സമാശ്വാസങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വന്നു. നൗഷാദിന് കിട്ടുന്ന അംഗീകാരം തൊഗാഡിയാജിമാരുടെ സമ്പര്‍ക്കത്തിലൂടെ സമനില നഷ്ടപ്പെട്ടു വര്‍ഗീയ ഭ്രാന്തമായി തീര്‍ന്ന വെള്ളാപ്പള്ളിയുടെ മനസ്സിന് തീരെ സഹിച്ചില്ല. അയാള്‍ പറഞ്ഞു: “നൗഷാദിന്റെ കുടുംബത്തിന് പത്ത് ലക്ഷവും ജോലിയും കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് നൗഷാദ് മുസ്‌ലിം ആയതിനാലാണ്”. മാന്‍ഹോളിലേക്ക് ജീവന്‍രക്ഷാ പ്രവര്‍ത്തനത്തിന് ചാടിയിറങ്ങുമ്പോള്‍ നൗഷാദ് മനുഷ്യനെ മാത്രമേ കണ്ടുള്ളൂ. ജാതിയോ മതമോ കണ്ടില്ല.
ഗുരുവിലൂടെ കേരളം ഏറ്റുവാങ്ങിയ ജാതി മതദ്വേഷമില്ലാത്ത മനുഷ്യത്വം എങ്ങനെയാണ് സഹജീവികള്‍ക്ക് ആപത്ത് വരുമ്പോള്‍ പ്രവര്‍ത്തിക്കുക എന്നാണ് നൗഷാദ് സ്വന്തം ജീവിതം ബലിയര്‍പ്പിച്ചുകൊണ്ട് തെളിയിച്ചത്. മനുഷ്യത്വത്തിന് വേണ്ടി മനുഷ്യത്വമുള്ള മനുഷ്യന്‍ നടത്തിയ ആത്മാര്‍പ്പണമാണ് നൗഷാദിന്റെ രക്തസാക്ഷിത്വം. ഇതിനെയാണ് മതം പറഞ്ഞ് വര്‍ഗീയവത്കരിക്കാന്‍ ശശികല ടീച്ചറെ പോലും കൊതിപ്പിക്കുന്ന ശൈലിയില്‍ വെള്ളാപ്പള്ളി ശ്രമിച്ചത്. ഇതിന്റെ ഫലം എന്തെന്നോ? നാരായണ ഗുരുവിന്റെ കേരളം ഒന്നടങ്കം നൗഷാദിനൊപ്പമായി. നരേന്ദ്ര മോദി മുതല്‍ ശശികല ടീച്ചര്‍ വരെയുള്ള നരാധമ ഹൃദയങ്ങള്‍ മാത്രമേ വെള്ളാപ്പള്ളിക്കൊപ്പമുള്ളൂ എന്നുമായി.
വെള്ളാപ്പള്ളിക്കിപ്പോള്‍ കുംഭകര്‍ണന്റെ ഛായയാണ്. കുംഭകര്‍ണന്‍ തപസ്സ് ചെയ്ത്ത് “നിര്‍ദേവത്വം” അഥവാ ദേവന്മാരില്ലാത്ത ലോകം ഉണ്ടാക്കാന്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹം നേടാനായിരുന്നു. കുരുത്തക്കേട് കൊണ്ട് നാക്കുപിഴച്ച് “നിദ്രാവത്വം” എന്നായി. എന്നുവെച്ചാല്‍, ഉറക്കം എന്ന വരം ചോദിച്ചുപോയി. വെള്ളാപ്പള്ളി ജാഥ തുടങ്ങിയത് കമ്മ്യൂണിസ്റ്റ് നിര്‍മുക്ത കേരളം ഉണ്ടാക്കാനായിരുന്നു. പക്ഷേ, ശ്രീനാരായണ ഗുരു മുതല്‍ ശാശ്വതീകാനന്ദ സ്വാമി വരെയുള്ളവരുടെ ശാപത്താല്‍ കുരുത്തക്കേട് പിടിച്ച തലയും നാവും കൊണ്ട് വെള്ളാപ്പള്ളി മനുഷ്യത്വത്തിന്റെ മഹാമാതൃകയായി തീര്‍ന്ന നൗഷാദിനെ അപകീര്‍ത്തിപ്പെടുത്തി. അതോടെ വെള്ളാപ്പള്ളി നിര്‍മുക്ത എസ് എന്‍ ഡി പിയും കേരളവും ഉണ്ടായാലേ മതിയാകൂ എന്നിടത്തേക്ക് ജനങ്ങളുടെ മനുഷ്യത്വം ഉണരാനും ഇടയായി. ഒന്ന് തീര്‍ച്ചയാണ്; വെള്ളാപ്പള്ളിയുടെ ജാഥ തിരുവനന്തപുത്തേക്ക് അഥവാ, തെക്കോട്ടേക്ക് എത്തുമ്പോഴേക്കും കൂടെയുള്ള അക്കീരിമണ്‍ കാളിദാസ ഭട്ടതിരിപ്പാടിന് സ്ഥാനമില്ലാത്ത യോഗക്ഷേമ സഭ ഉണ്ടാകും. ഇതേ ഗതി വെള്ളാപ്പള്ളിക്കും സംഭവിക്കും. ഇനിയുമൊരു പരീക്ഷണം എന്ന നിലയില്‍ നാടൊട്ടുക്കും “തുഷാര്‍ ചായക്കട” തുടങ്ങി നോക്കാം. ഭാവിയില്‍ ചിലപ്പോള്‍ പ്രധാനമന്ത്രിയാകാന്‍ ചായക്കട നടത്തിയാല്‍ സാധിച്ചെന്നുവരും എന്നു പറയാന്‍ മോദി പ്രധാനമന്ത്രിയായിരിക്കുന്നതു വെച്ചൊരു സാധ്യത ഉണ്ടല്ലോ.

Latest