Articles
സംവരണവും സുപ്രീം കോടതിയും
ഉന്നത വിദ്യാഭ്യാസ പ്രവേശത്തിന് സംവരണം ഒഴിവാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം എന്ത് കൊണ്ടോ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കിടയില്‍ കേരളത്തിലെ മാധ്യമങ്ങളിലും ഇതിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. സംവരണത്തേക്കാള്‍ മികവ് മാനദണ്ഡമാക്കണമെന്നാണ് ജസ്റ്റിസുമാരായ ദീപക് മിശ്രയും പി സി പാന്തും നിരീക്ഷിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷം കഴിഞ്ഞിട്ടും ചില പ്രത്യേക അധികാരങ്ങള്‍ ലോകാവസാനം വരെ എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുന്നത് ഭൂഷണമല്ലെന്ന് നിരീക്ഷിച്ചു കോടതി. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സംവരണം ഒഴിവാക്കുന്നത് പോലെ തീരുമാനങ്ങള്‍ അനിവാര്യമാണമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, ഭരണഘടനാ ശില്‍പികള്‍ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യം രാജ്യം എത്രത്തോളം പൂര്‍ത്തീകരിച്ചുവെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നു. സംവരണം പുനഃപരിശോധിക്കണമെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതുള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സവര്‍ണ വിഭാഗങ്ങളും സംഘ്പരിവാറും സംവരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഗുജറാത്തില്‍ ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സാമ്പത്തിക സംവരണത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്നു. സംവരണമെന്നാല്‍ സാമ്പത്തികമായി ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് വേണ്ടിയുള്ളതല്ല. ഭരണ തലങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും വിദ്യാഭ്യാസ രംഗത്തും എല്ലാ വിഭാഗങ്ങളുടെയും ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യമാണ് അത് ലക്ഷ്യമിടുന്നത്. എന്നാല്‍ ഭരണ, ഉദ്യോഗ തലങ്ങളില്‍ മാത്രമല്ല ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും പിന്നാക്കക്കാരെ മാറ്റിനിര്‍ത്താനുള്ള തന്ത്രമാണ് ഭരണതലത്തില്‍ നിന്ന് ഉണ്ടാകുന്നത്. ഈയൊരു അവസ്ഥയില്‍ സംവരണത്തെ ഇല്ലായ്മ ചെയ്യാന്‍ കോടതി കൂടി സമ്മതം മൂളുന്നത് പിന്നാക്ക, ദളിത് വിഭാഗത്തെ കൂടുതല്‍ പാര്‍ശ്വവത്കരിക്കും.
ഭരണകര്‍ത്താക്കളടക്കം അസഹിഷ്ണുതയുടെ ആക്രോശങ്ങള്‍ മുഴക്കുമ്പോള്‍ നീതി നടപ്പാക്കാന്‍ ശ്രമിക്കേണ്ട കോടതികള്‍ തന്നെ ഇത്തരം പ്രതിലോമകരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നത് തീര്‍ത്തും അപകടകരമാണ്. ഒന്നാം യു പി എ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഐ ഐ ടി, ഐ ഐ എം ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 2008ല്‍ സുപ്രീം കോടതി ശരിവെച്ചതാണ്. സംവരണ നയത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പല ഹരജികളും ഭരണഘടനാ താത്പര്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന കാരണത്താല്‍ സുപ്രീം കോടതി തള്ളിയതും ചേര്‍ത്ത് വായിക്കണം. ഭരണകേന്ദ്രങ്ങളെ പിന്നില്‍ നിന്ന് നയിക്കുന്ന സവര്‍ണ ഉദ്യോഗസ്ഥ ലോബി കോടതി നയങ്ങള്‍ അട്ടിമറിക്കുകയാണോ?
ചരിത്രപരമായും അല്ലാതെയുമുള്ള കാരണങ്ങളാല്‍ വിദ്യാഭ്യാസ മേഖലയുള്‍പ്പെടെ പിന്നിലായ മതന്യൂനപക്ഷ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ ലക്ഷ്യം ഫലപ്രദമാക്കാന്‍ മാറി വന്ന സര്‍ക്കാറുകള്‍ക്കായില്ല.
പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തെ കുറിച്ചുള്ള എല്ലാ ആധികാരിക പഠനങ്ങളും തെളിയിക്കുന്നത് സ്വാതന്ത്ര്യം ലഭിച്ച് ആറര ദശാബ്ദം കഴിഞ്ഞിട്ടും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം പ്രൈമറി തലം തൊട്ട് ഗ്രാജുവേഷന്‍ തലം വരെ പിന്നിലാണെന്നതാണ്. സച്ചാര്‍ സമിതി റിപ്പോര്‍ട്ട്, പ്രൊഫ. കുണ്ടു റിപ്പോര്‍ട്ട്, ജസ്റ്റിസ് രംഗനാഥ് മിശ്ര, 1983 ലെ ഡോ. ഗോപാല്‍ സിംഗ് പാനല്‍, 1988,1994,2003-2004 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച നാഷനല്‍ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടുകളും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഈ പിന്നാക്കാവസ്ഥയെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളെ പിന്നാക്കക്കാരായി കണ്ട് സംവരണം നല്‍കണമെന്ന അഭിപ്രായമാണ് കുണ്ടുവിനുള്ളത്. ഇതോടെ മുസ്‌ലിംകളിലെയും ക്രിസ്ത്യാനികളിലെയും ദളിത് വിഭാഗങ്ങള്‍ക്ക് വികസനപാതയിലേക്ക് എത്തിച്ചേരാമെന്നും പ്രാതിനിധ്യം എല്ലാ മേഖലകളിലേക്കും കൊണ്ടുവന്നെങ്കിലേ മാറ്റമുണ്ടാകൂവെന്നുമാണ് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ക്ക് പുറത്തുണ്ടായ തീരുമാനങ്ങളെ വിലയിരുത്താനായി നിയമിക്കപ്പെട്ട കുണ്ടു റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ ചരിത്രപരമായി പിന്നാക്കം പോയെന്ന് സര്‍വരും അംഗീകരിക്കുന്ന എസ് സി, എസ് ടി വിഭാഗങ്ങളോടൊപ്പമോ അതിന് താഴെയോ ആണ് മുസ്‌ലിംകളുടെ ശരാശരി വിദ്യാഭ്യാസ വളര്‍ച്ചയെന്ന് സച്ചാര്‍ സമിതി പറയുന്നു.
ഇന്ത്യയിലെ വിദ്യാഭ്യാസ വികസനത്തിന്റെ ആധികാരിക ബോഡിയായ ന്യൂപ(ചമശേീിമഹ ഡിശ്‌ലൃശെ്യേ ളീൃ ഋറൗരമശേീിമഹ ജഹമിിശിഴ മിറ അറാശിശേെൃമശേീി)നടത്തിയ പഠന റിപ്പോര്‍ട്ടില്‍ മുസ്‌ലിംകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് ഗ്രാജുവേഷന്‍ തലത്തില്‍ മുസ്‌ലിംകള്‍ നാല് ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ്. അണ്ടര്‍ ഗ്രാജുവേറ്റ് തലങ്ങളില്‍ 25ല്‍ ഒരു കുട്ടിയും പോസ്റ്റ് ഗ്രാജുവേഷന്‍ തലത്തില്‍ 50 ല്‍ ഒരു കുട്ടിയും മാത്രമാണ് മുസ്‌ലിംകളില്‍ നിന്നും പഠനത്തിന് തയ്യാറാകുന്നത്.
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമായ വിഷയങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശയിലും വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹികനീതി സംരക്ഷിക്കുന്നതിനും ചൂഷണങ്ങളില്‍ നിന്ന് അവരെ തടയുന്നതിനും ആവശ്യമായ നടപടികള്‍ എടുക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണന്ന് ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ഉം 16 ഉം പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും തൊഴില്‍ അവസരങ്ങള്‍ക്കും ആവശ്യമായ കര്‍മപരിപാടികളെടുക്കാനും രാഷ്ട്രത്തിന് അവസരമൊരുക്കുന്ന വിധമാണ്. ഉന്നത കോഴ്‌സുകള്‍ക്ക് കഴിവ് മാത്രം നോക്കി അവസരം നല്‍കിയാല്‍ താഴ്ന്ന വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രവേശത്തിന് ബുദ്ധിമുട്ടാകും. ഉയര്‍ന്ന ജാതിയിലെ വിദ്യാര്‍ഥിക്ക് പ്രവേശം ലഭിക്കാത്തത് കൊണ്ട് താഴ്ന്ന ജാതിയിലെ വിദ്യാര്‍ഥി വിദ്യാഭ്യാസമില്ലാത്തയാളാവുന്നതെങ്ങനെയാണ്? താഴ്ന്ന ജാതിക്കാര്‍ പ്രവേശം നേടിയാല്‍ പഠന നിലവാരം കുറയുമെന്ന അഭിപ്രായം അംഗീകരിക്കാനാവില്ല. മികച്ച വിദ്യാഭ്യാസം നേടിയവരും കഴിവുമുള്ളവരുമാണ് മത്സരപ്പരീക്ഷകള്‍ ജയിച്ചു വരുന്നത്. അതിനാല്‍ സംവരണ തത്വം നടപ്പാക്കിയത് കൊണ്ട് ഉന്നത വിദ്യാഭാസ രംഗത്ത് ഒരു നിലവാരത്തകര്‍ച്ചയും ഉണ്ടാകാനിടയില്ലെന്നതാണ് ഇത്രയും കാലത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത് എല്ലാ സമുദായവും ഒപ്പമെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സംവരണം എടുത്തുകളഞ്ഞാല്‍ പിന്നാക്ക സമുദായങ്ങള്‍ പിന്നെയും പിന്നോട്ട് പോകുകയും മുന്നാക്ക വിഭാഗങ്ങള്‍ മാത്രം മുന്‍കാലങ്ങളിലെന്ന പോലെ ഉന്നത വിദ്യാഭ്യാസം നേടുന്നവരാകുകയും ചെയ്യും.
സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പല ഭാഗത്തു നിന്നും നടക്കുന്നതിനിടക്ക് ഭരണകക്ഷികളുടെ താത്പര്യങ്ങള്‍ക്ക് ഏണിവെച്ചു കൊടുക്കുന്ന രീതിയിലുള്ള നിരീക്ഷണങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതിന് പകരം സംവരണം കൃത്യമായി നടപ്പാക്കുന്നതില്‍ സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന വീഴ്ചക്ക് പരിഹാരം നിര്‍ദേശിക്കുകയാണ് വേണ്ടത്. നിയമം വ്യാഖ്യാനിക്കാനുള്ള കോടതികള്‍, നിയമങ്ങള്‍ സ്വന്തമായി ഉണ്ടാക്കാന്‍ അധികാരമില്ലാത്ത സ്ഥിതിക്ക് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല.