Connect with us

Articles

ഇനി 1000 ദിവസം

Published

|

Last Updated

ആയിരം ദിവസം കഴിയുമ്പോള്‍ വിഴിഞ്ഞത്തൊരു മദര്‍ഷിപ്പ്. സര്‍ സി പി രാമസ്വാമി അയ്യര്‍, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ട സ്വപ്‌നം, ഇതാ ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നു. രണ്ട് മെഗാ പദ്ധതികളാണ് കേരളത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശ്ശേരി വിമാനത്താവളവും (1993). വികസന രംഗത്തെ കേരളത്തിന്റെ ഈ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങി ഒരുപിടി മെഗാ പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. കേരളം സ്വപ്‌നങ്ങളില്‍ നിന്നുണരുന്നു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിലെത്തിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയര്‍ന്നത് അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. കേരളത്തില്‍ വികസനം കൊണ്ടുവരണമെന്ന് ഇന്നാട്ടിലെ സാധാരണക്കാര്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് വിഴിഞ്ഞം വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു.
2011 മെയില്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി എങ്ങുമെത്തിയിരുന്നില്ല. അന്നു കടലാസ് തോണി മാത്രമായിരുന്ന പദ്ധതിയെ അതീവ ജാഗ്രതയോടെയും കഠിനമായി പരിശ്രമിച്ചുമാണ് ഒരു കപ്പലാക്കി മാറ്റിയത്. ആദ്യം പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. നാല്‍പ്പതോളം പബ്ലിക് കണ്‍സല്‍ട്ടേഷനുകള്‍ ഉള്‍പ്പെടുന്ന രണ്ട് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ സാധ്യതകള്‍ കൂടി പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ലാന്‍ഡ് ലോര്‍ഡ് മോഡലിലെ പി പി പി ഘടകങ്ങള്‍ നവീകരിച്ചു. പദ്ധതിയുടെ രൂപരേഖ പുതുക്കി. ഇതോടെ 9,000 ടി ഇ യുവിനു പകരം 18,000 മുതല്‍ 22,000 ടി ഇ യു വരെ ശേഷിയുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കാന്‍ സാധിക്കും. ബര്‍ത്തിന്റെ നീളം 650 ല്‍ നിന്നും 800 മീറ്ററാക്കി നവീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പല്‍ വരെ നങ്കൂരമിടാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ് വിഴിഞ്ഞം.
വിഴിഞ്ഞം പദ്ധതിയുടെ തുക 5,552 കോടി രൂപയാണ്. ഇതില്‍ 4,089 കോടി രൂപ പി പി പി ഘടകവും, 1,463 കോടി സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്റെ തുകയുമാണ്. എല്ലാ മുന്‍ കരാറുകളിലെയും പോലെ പദ്ധതിക്കാവശ്യമായ ഭൂമി, റെയില്‍, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാന സര്‍ക്കാറിനാണ്. ഇതിന് 1,973 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ബ്രേക്ക്‌വാട്ടറിന്റെ നിര്‍മാണം കരാറുകാരന്‍ നിര്‍വഹിക്കുകയും അതിന് ആവശ്യമായ 1,463 കോടി രൂപ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കുകയും ചെയ്യും. പി പി പി ഘടകങ്ങളുടെ തുകയായ 4,089 കോടിയില്‍ 40 ശതമാനം 1,635 കോടി രൂപയുടെ ഗ്രാന്റാണ്. 818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കും. ശേഷിക്കുന്ന 817 കോടി രൂപ ഗ്രാന്റില്‍, 409 കോടി രൂപ നിര്‍മാണ കാലയളവിലും 408 കോടി രൂപ നടത്തിപ്പു കാലയളവിലും ധനസഹായമായി സര്‍ക്കാര്‍ നല്‍കും.
കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃകാ കണ്‍സഷന്‍ കരാര്‍ അടിസ്ഥാനമാക്കി സുതാര്യമായാണ് കരാറും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കിയത്. ഒട്ടോറ തവണ ടെന്‍ഡര്‍ സമയപരിധി നീക്കിക്കൊടുത്തു. അവസാന ഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും ചര്‍ച്ച നടത്തി. എന്നാല്‍, അദാനി പോര്‍ട്‌സ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധമായ എല്ലാ വിവരവും പുറത്തുവിട്ടു. അദാനി പോര്‍ട്‌സ് ഒപ്പിട്ട ബിഡ് ലെറ്റര്‍ വരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
നാല് വര്‍ഷം മുമ്പ് ടെന്‍ഡര്‍ വിളിച്ചിരുന്ന മോഡലില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടിയിരുന്ന തുകയില്‍ നിന്ന് ഗണ്യമായ തുക ഇപ്പോഴത്തെ മോഡലില്‍ കുറഞ്ഞിട്ടുണ്ട്. 30 വര്‍ഷത്തേക്ക് ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നതായിരുന്നു പഴയ കരാര്‍. പുതിയ കരാര്‍ പ്രകാരം ലൈസന്‍സ് മാത്രമേ സ്വകാര്യ പങ്കാളിക്ക് ലഭിക്കുന്നുളളൂ. തിരിച്ചെടുക്കാവുന്ന രീതിയില്‍ ഭൂമിയുടെ അവകാശം സര്‍ക്കാറിനു തന്നെ. തുറമുഖ നടത്തിപ്പിന്റെ 15-ാം വാര്‍ഷികത്തിന് ശേഷം വരുമാനത്തിന്റെ വിഹിതം സര്‍ക്കാറിന് ലഭിച്ചു തുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടി 40 ശതമാനം വരെ ആകും. കൂടാതെ, തുറമുഖേതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വിഹിതം ഏഴാം വര്‍ഷം മുതല്‍ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങും.
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നത് മൂലം ആ പ്രദേശത്തെ ഒരാളുടെ പോലും കണ്ണീര്‍ വീഴാന്‍ ഇടവരില്ല. പുനരധിവാസത്തിനായി 475 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് ഇത് നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മാറ്റിവെക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകള്‍ക്ക് ന്യായമായ വില നല്‍കി. വീട് നഷ്ടപ്പെടുന്ന 67 പേര്‍ക്കും പുനരധിവാസം നല്‍കി. പദ്ധതി നടപ്പാക്കുന്നത് മൂലം തൊഴില്‍ രഹിതരും ഭവനരഹിതരുമാകുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ ഡി ഒ അധ്യക്ഷനായ കമ്മിറ്റിയും കലക്ടറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റിയും നിലവിലുണ്ട്. സജീവമായ മത്സ്യബന്ധന മേഖല എന്ന നിലയില്‍ തുറമുഖ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ആധുനിക മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നതാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്കു വേണ്ടി ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കര്‍ ഭൂമി വൈകാതെ ഏറ്റെടുക്കാന്‍ കഴിയും.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991 ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ്. അന്ന് തുറമുഖ മന്ത്രിയായിരുന്ന. എം വി രാഘവന്‍ ആണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 1995 ല്‍ പദ്ധതിക്കായി കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു. എന്നാല്‍ തുടര്‍ന്നു വന്ന ഇടതു മുന്നണി സര്‍ക്കാറിന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. 2004ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും, 2005 ല്‍ പി പി പി മോഡലില്‍ ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു. ടെന്‍ഡറില്‍ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രാനുമതി ലഭിച്ചില്ല. പിന്നീട് വന്ന ഇടതു സര്‍ക്കാറിന്റെ ശ്രമങ്ങളും വിജയിച്ചില്ല.
5,552 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ഇത്തവണയും പദ്ധതി തടസപ്പെടുത്താന്‍ പ്രതിപക്ഷം നോക്കിയെങ്കിലും സര്‍ക്കാര്‍ ഒരിഞ്ചു പോലും പതറാതെ മുന്നോട്ടുപോയി. ദശാബ്ദങ്ങള്‍ക്കു ശേഷം കേരളത്തില്‍ ഒരുവന്‍കിട പദ്ധതി നടപ്പാകുന്ന ഈ ശുഭമുഹൂര്‍ത്തം ബഹിഷ്‌കരിക്കാനുള്ള ഇടതുമനസ് നിര്‍ഭാഗ്യകരമാണ്. പദ്ധതിക്ക് വേണ്ടി കിടപ്പാടം വരെ വിട്ടുകൊടുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലിയ മനസ്സിനു മുന്നില്‍ ഇടതുപക്ഷം തീരെ ചെറുതായിപ്പോയി.
ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കും (മദര്‍ഷിപ്പുകള്‍) ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാം. ഇന്ത്യയിലെ ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.
തുറമുഖ നിര്‍മാണ രംഗത്തും നടത്തിപ്പിലും മുന്‍നിരക്കാരായ അദാനി പോര്‍ട്‌സില്‍ സര്‍ക്കാറിനു പൂര്‍ണ വിശ്വാസമുണ്ട്. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത അവര്‍ക്ക് പ്രത്യേക നന്ദി പറയുന്നു. നാലു വര്‍ഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് അദാനി പോര്‍ട്‌സിന്റെ പ്രഖ്യാപനം. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്. 1095 ദിവസങ്ങള്‍കൊണ്ട് കൊച്ചി മെട്രോ പൂര്‍ത്തിയാകുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. വന്‍കിട പദ്ധതികളെല്ലാം സമയബന്ധിതമായി മുന്നേറുകയാണ്. സ്വപ്‌നങ്ങളില്‍ നിന്നും യാഥാര്‍ഥ്യങ്ങളിലേക്കുള്ള യാത്ര കഠിനമാണെങ്കിലും.

Latest