Connect with us

Sports

പറളിയുടെ മാഷും കുട്ടികളും..

Published

|

Last Updated

കോഴിക്കോട്: 59ാംമത് സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സമാപനം കുറിക്കുമ്പോള്‍ പത്തരമാറ്റുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് പറളി സ്‌കൂളും ഒപ്പം കായിക ആധ്യാപകന്‍ മനോജ് മാസ്റ്ററും. പറളിയിലൂടെ പാലക്കാടിന്റെ കായിക ചരിത്രം മാറ്റിയെഴുതിയ കായികാധ്യാപകനാണ് മനോജ് മാഷ്. അഫ്‌സല്‍,എം.ഡി താര,നീന,വി.വി ജിഷ തുടങ്ങി ഒട്ടേറെ താരങ്ങളെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ മനോജ് മാസ്റ്റര്‍ വളര്‍ത്തിയെടുത്തു. മികച്ച പരിശീലനംനല്‍കി. എന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവരുടെ മികച്ച പ്രകടനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചു. സാധാരണ സര്‍ക്കാര്‍സ്‌കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതെന്ന പ്രത്യേകതയും പറളിക്കുണ്ട്. പൂര്‍ണമായും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തിലാണ് പറളിയുടെ മുന്നോട്ടുപോക്ക്. .സംസ്ഥാന-ദേശീയ സ്‌കൂള്‍ കായിമേള തുടങ്ങിക്കഴിഞ്ഞാല്‍ പറളിയുടെ ചുണക്കുട്ടികളുടെ കുതിപ്പ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതും പതിവ് കാഴ്ചയാണ്. ഒട്ടേറെ മികച്ച താരങ്ങളെ ഇതിനകം തന്നെ പറളി സ്‌കൂള്‍ കായിക കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
1995ലാണ് പറളി സ്‌കൂളില്‍ കായികാധ്യാപകനായി മനോജ് മാഷെത്തുന്നത്. 19 വര്‍ഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ കേരളത്തിലെ മറ്റു സ്‌കൂളികള്‍ക്കെല്ലാം മുന്നില്‍ അസൂയാവഹമായ നേട്ടമാണ് മനോജ് മാഷിന്റെ കീഴില്‍ പറളി സ്‌കൂളും പാലക്കാടും സ്വന്തമാക്കിയത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും പറളിയുടെ താരങ്ങളിലൂടെ മികച്ച മുന്നേറ്റം നടത്തുന്നതിന്റെ പിന്നില്‍ ചുക്കാന്‍ പിടിച്ച മനോജ് മാസ്റ്റരുടെ ചിട്ടയായ പരിശീലനവും മനക്കരുത്തും തന്നെയാണ്. സംസ്ഥാന-ദേശീയ കായികമേളകളിലെല്ലാം ഒട്ടേറെ സ്വര്‍ണമെഡലുകള്‍ ഇക്കാലയളവില്‍ പറളിയിലെ ചുണക്കുട്ടികള്‍ കരസ്ഥമാക്കിയിരിക്കുന്നത്. യൂത്ത് ഒളിംപിക്‌സ് ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളില്‍ പറളിയിലെ കുട്ടികള്‍ എത്തിയതും ഈ കായികാധ്യാപകന്റെ മികവിലാണ്.
കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ പത്ത് സ്വര്‍ണവും ആറ് വെള്ളിയുമായി മികച്ച മൂന്നാമത്തെ സ്‌കൂളായിരുന്നു പറളി ഹൈസ്‌കൂള്‍
ഇത്തവണത്തെ മീറ്റില്‍ 100,200 മീറ്ററുകളില്‍ പി.ടി അമല്‍,നടത്തത്തില്‍ എ.അനീഷ്.ട്രിപ്പിള്‍ ജമ്പില്‍ എന്‍.അനസ്,ഹൈജംപില്‍ ജോതിഷ,ഹരിത,രേഷ്മ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
34 അംഗ ടീമുമായാണ് ഇത്തവണ പറളി സ്‌കൂള്‍ കായികമേളക്കെത്തിയത്.പ്രതീക്ഷക്കൊത്ത് ഉയരാന്‍ പലര്‍ക്കും സാധിച്ചു,എന്നാല്‍ ചിലര്‍ അല്‍പം പിറകോട്ട്‌പോയെങ്കിലും മറ്റുചിലര്‍ക്ക് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചുവെന്നും മനോജ് മാസ്റ്റര്‍ പറഞ്ഞു.മനോജ്മാഷിന്റെ കീഴില്‍ ഉദിച്ചുയര്‍ന്ന ഒട്ടേറെ താരങ്ങള്‍ ദേശീയ ഗെയിംസിനുള്ള കേരള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. അഫ്‌സലിനും നീനയ്ക്കും പുറമെ, എം വി രമേശ്വരി, എം ഡി താര, വി വി ശോഭ, വി വി ജിഷ, സതീഷ്, ധനേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് ദേശീയതലത്തില്‍ വരെ വളര്‍ത്തിയെടുക്കാന്‍ മനോജ് മാഷിന് സാധിച്ചു.

Latest