National
സി പി എം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആര്‍എസ്പി
ന്യൂഡല്‍ഹി: കേരളത്തില്‍ വോട്ട് ബേങ്ക് ലക്ഷ്യമാക്കി സി പി എം ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആര്‍ എസ് പിയുടെ രാഷ്ട്രീയ കരട് രേഖ. ദളിതര്‍ക്ക് വേണ്ടി പ്രത്യേക സംഘടന ഉണ്ടാക്കിയത് സ്വത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ലെന്നും പ്രമേയം കുറ്റപ്പെടുത്തി. ഒപ്പം കേരളത്തില്‍ യു ഡി എഫിന്റെ സഖ്യ കക്ഷിയായതിനെ പ്രമേയം ന്യായീകരിക്കുന്നു. ഡല്‍ഹിയില്‍ ഇന്നലെ ആരംഭിച്ച ആര്‍ എസ് പിയുടെ ഇരുപതാമത് ദേശീയ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സമ്മേളത്തിന് മുന്നോടിയായി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും സെക്രട്ടേറിയറ്റും ചേര്‍ന്നാണ് പ്രമേയത്തിന് അന്തിമ രൂപം നല്‍കിയത്. ഇന്നലെ രാവിലെ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ പതാക ഉയര്‍ത്തിയതോടെയാണ് ഇരുപതാമത് ദേശീയ സമ്മേളനത്തിന് തുടക്കമായത്.
അടുത്ത കാലത്തായി സി പി എം ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്വീകരിച്ച നിലപാടുകളെ കടന്നാക്രമിക്കുന്ന കരട് രേഖ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ദേശീയ തലത്തില്‍ ഇടത് ഐക്യം നിലനില്‍ക്കാത്തതിന് പ്രധാനകാരണം സി പി എമ്മിന്റെ ധാര്‍ഷ്ട്യമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സി പി എം കേരളത്തില്‍ ആര്‍ എസ് പിയെ ഒതുക്കാനാണ് ശ്രമിച്ചതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്.
1980 മുതല്‍ ആര്‍ എസ് പിയുടെ സി പി എമ്മുമായുള്ള സഖ്യം അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ മുന്നര പതിറ്റാണ്ടായി പാര്‍ട്ടിയുടെ വളര്‍ച്ച തടയാനുള്ള ശ്രമമാണ് സി പി എം നിരന്തരമായി നടത്തിവന്നത്. കൂടെയുണ്ടായിരുന്ന സഖ്യകക്ഷികളെ പിളര്‍ത്തി കാര്യസാധ്യത്തിന് ഉപയോഗിക്കുന്ന തന്ത്രമാണ് സി പി എം ഇതിനായി സ്വീകരിച്ചത്. 1999ല്‍ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിന് പ്രധാന ഉത്തരവാദി സി പി എം ആയിരുന്നെന്നും കരട്‌രേഖ പ്രമേയം പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം കേരളത്തിലെ യു ഡി എഫ് ബന്ധത്തെ പ്രമേയം ന്യായീകരിക്കുമ്പോഴും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യം വേണ്ടെന്നും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നുമാണ് ദേശീയ തലത്തില്‍ ആര്‍ എസ് പി തുടരുന്ന രാഷ്ട്രീയ നയം. ഇതിനു വിരുദ്ധമായാണ് കേരള ഘടകം യു ഡി എഫുമായി സഖ്യമുണ്ടാക്കിയത്. ഈ നിലപാടിനെതിരെ പശ്ചിമബംഗാള്‍ ഉള്‍പ്പടെയുളള സംസ്ഥാന സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് ദേശീയസമ്മേളനത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ആര്‍ എസ് പി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ കേരളഘടകം യു ഡി എഫിനൊപ്പം നില്‍ക്കുന്നതും ദേശീയതലത്തില്‍ കോണ്‍ഗ്രസിനോട് കൈക്കൊള്ളേണ്ട നയസമീപനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ദേശീയതലത്തില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ദേശീയനേതൃത്വത്തിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെങ്കിലും സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയത്തിന്മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. അതേസമയം കേരളത്തില്‍ യു ഡി എഫിനൊപ്പം തുടരണമെങ്കില്‍ ദേശീയ സമ്മേളനത്തിന്റെ അനുമതി വേണമെന്നതിനാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നണി ബന്ധത്തിലും സമ്മേളനം നിര്‍ണായകമാകും.