International
പരസ്പര സഹകരണം ഉറപ്പ് വരുത്തി ഉത്തര- ദക്ഷിണ കൊറിയന്‍ ഉന്നതതല ചര്‍ച്ച
സിയൂള്‍: ആഗസ്റ്റിലെ യുദ്ധ സന്നാഹങ്ങള്‍ക്ക് ശേഷം വഷളായ ഉത്തര- ദക്ഷിണ കൊറിയന്‍ ബന്ധം നേരെയാക്കുന്നതിനായി ഇരു പക്ഷവും ഉന്നതതല ചര്‍ച്ച നടത്തി. ഉത്തര കൊറിയന്‍ അതിര്‍ത്തി നഗരത്തില്‍ നടന്ന ചര്‍ച്ചയില്‍ ദക്ഷിണ കൊറിയന്‍ ഉപ യൂനിഫിക്കേഷന്‍ മന്ത്രി ഹ്വാംഗ് ബൂ ഗിയും ഉത്തര കൊറിയന്‍ മന്ത്രി ജോന്‍ ജോംഗ് സുവുമാണ് പങ്കെടുത്തത്.
ഇരു കൊറിയകളും സംയുക്തമായി നടത്തുന്ന കെസോംഗ് വ്യവസായ പാര്‍ക്കില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 1950-53 കാലത്തെ യുദ്ധത്തിനിടെ വേര്‍പിരിഞ്ഞു പോയ കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് സമാഗമത്തിനുള്ള കൂടുതല്‍ അവസരങ്ങളൊരുക്കണമെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകുമെ്ന്നും ഉത്തര കൊറിയന്‍ സംഘം ഉറപ്പ് നല്‍കി.
ആഗസ്റ്റില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധഭീതിയുയര്‍ത്തി അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഉന്നതതല ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ ചര്‍ച്ച നടന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും എല്ലാ കാര്യത്തിലും പടിപടിയായി മാറ്റങ്ങളുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചര്‍ച്ചക്ക് പുറപ്പെടും മുമ്പ് ഹ്വാംഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊറിയന്‍ വംശജര്‍ക്കാകെ പ്രിയങ്കരമായ അവധിക്കാല റിസോര്‍ട്ടായ ഡയമണ്ട് മൗണ്ടന്‍ ഉത്തരകൊറിയക്കാര്‍ക്കു കൂടി തുറന്ന് കൊടുക്കണമെന്ന ആവശ്യം ഉ. കൊറിയ മുന്നോട്ട് വെച്ചിട്ടുണ്ട്. 2008ല്‍ ഇവിടെ ഉത്തര കൊറിയന്‍ സൈനികന്‍ നടത്തിയ വെടിവെപ്പില്‍ ദക്ഷിണ കൊറിയന്‍ വിനോദസഞ്ചാരി മരിച്ചിരുന്നു. ഇതിന് ശേഷമാണ് റിസോര്‍ട്ട് അടച്ചത്.
ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച് യു എന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച നടക്കുന്നിതിനിടെയാണ് ഇരു കൊറിയകളും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, ഉത്തര കൊറിയ ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചുവെന്ന അവകാശവാദവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ചര്‍ച്ചയുടെ ഫലം എന്തായാലും ഇരു പക്ഷവും ചര്‍ച്ചക്ക് സന്നദ്ധമായി എന്നത് തന്നെ ആശാവഹമാണെന്ന് വിലയിരുത്തലാണ് രാഷ്ട്രീയ വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. ഉത്തര കൊറിയയിലെ പുതിയ മേധാവി കിം ജോംഗ് ഉന്‍ ദക്ഷിണ കൊറിയയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം മെയില്‍ നടക്കാനിരിക്കെ ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തില്‍ ദൃശ്യമായ മുന്നേറ്റം ഉണ്ടാക്കാനാകുമോയെന്നാണ് അദ്ദേഹം ആരായുന്നത്.