National
വാജ്‌പേയി സര്‍ക്കാറിനെ താഴെയിറക്കിയത് താനെന്ന് ശരത് പവാര്‍
ന്യൂഡല്‍ഹി: 1999ല്‍ വാജ്‌പേയി സര്‍ക്കാറിനെ താഴെയിറക്കിയത് ബി എസ് പിയുടെ അഞ്ച് വോട്ടുകളായിരുന്നു. പക്ഷേ വാജ്‌പേയിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മായാവതി അത്തരമൊരു കടുംകൈക്ക് മുതിര്‍ന്നത് എന്ത്‌കൊണ്ട് എന്ന് ചോദ്യം ഉത്തരമില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ എന്‍ സി പി മേധാവി ശരത് പവാര്‍ പറയുന്നത് അതിന് കാരണക്കാരന്‍ താനാണ് എന്നാണ്. ഓണ്‍ മൈ ടേംസ് എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയിലാണ് പവാര്‍ ഈ “രഹസ്യം” വെളിപ്പെടുത്തുന്നത്. വാജ്‌പേയി സര്‍ക്കാറിനെതിരെ വോട്ട് ചെയ്യുന്നതാണ് രാഷ്ട്രീയമായി ഗുണം ചെയ്യുകയെന്ന് താന്‍ മായാവതിയെ ഉപദേശിച്ചുവെന്നും ദലിത് നേതാവ് അത് സ്വീകരിച്ചുവെന്നും പുസ്തകത്തില്‍ പവാര്‍ പറയുന്നു.
1999 ഏപ്രിലില്‍ ബി ജെ പി സര്‍ക്കാറിനുള്ള പിന്തുണ എ ഐ എ ഡി എം കെ പിന്‍വലിച്ചപ്പോഴാണ് വിശ്വാസ പ്രമേയം വോട്ടിനിട്ടത്. സ്പീക്കര്‍ വോട്ടിംഗ് പ്രഖ്യാപിച്ചപ്പോള്‍ പാര്‍ലിമെന്ററി സ്റ്റാഫ് ക്രമീകരണങ്ങള്‍ക്കായി അല്‍പ്പ സമയമെടുത്തു. ഈ സമയം മതിയായിരുന്നു പവാറിന് മയാവതിയോട് ഹ്രസ്വ സംഭാഷണം നടത്താനെന്നും ഈ സംഭാഷണമാണ് വാജ്‌പേയി സര്‍ക്കാറിന്റെ വിധി നിര്‍ണയിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു. മായാവതിയുമായി സംസാരിക്കുന്നത് കണ്ട ചിലര്‍ അത് എന്തായിരുന്നുവെന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് ഞാന്‍ ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. വാജ്‌പേയി സര്‍ക്കാറിനെതിരെ വോട്ട് ചെയ്യുന്നതാണ് യു പിയില്‍ ബി എസ് പിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നല്ലതെന്നാണ് ഞാന്‍ മായാവതിയോട് പറയാന്‍ ശ്രമിച്ചത്- പുസ്തകത്തില്‍ പവാര്‍ പറയുന്നു.
1991-92 ല്‍ ആണവ പരീക്ഷണം നടത്താനുള്ള നിര്‍ദേശം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു തള്ളിക്കളഞ്ഞിരുന്നുവെന്ന് പവാര്‍ പറയുന്നുണ്ട്. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന പവാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം, രാജ്യം ആണവ പരീക്ഷണത്തിന് സജ്ജമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കുകയായിരുന്നു. ഫയല്‍ പഠിച്ച റാവു അതിന് സമയമായില്ലെന്ന് തീരുമാനമെടുത്തു. പിന്നീട് ഉരുത്തിരിഞ്ഞ സാഹചര്യം വെച്ച് നോക്കുമ്പോള്‍ അത് ശരിയായ തീരുമാനമായിരുന്നുവെന്നും പവാര്‍ പുസ്തകത്തില്‍ പറയുന്നു.