International
ലിബിയയില്‍ ദേശീയ സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രശ്‌നപരിഹാരത്തിന് ലോക നേതാക്കളുടെ ശ്രമം
റോം: ലിബിയയില്‍ ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ട കക്ഷികളോട് ആയുധം താഴെവെച്ച് ബുധനാഴ്ച ഒപ്പ് വെച്ച യു എന്‍ പദ്ധതിപ്രകാരമുള്ള പുതിയ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ റോമില്‍ ചേര്‍ന്ന യോഗത്തില്‍ ലോകനേതാക്കള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി,17 രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും യു എന്‍, ഇ യു, അറബ് ലീഗ് പ്രതിനിധികളും പങ്കെടുത്ത യോഗം ലിബിയയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തു. മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയ 2011 മുതല്‍ സംഘര്‍ഷഭരിതമായ വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. രാജ്യം അരാജകത്വത്തിലേക്ക് നീങ്ങിയതോടെ ഇസില്‍ തീവ്രവാദി സംഘം ഇവിടെ സാന്നിധ്യം വിപുലീകരിച്ചിരിക്കുകയാണ്. ലിബിയയില്‍ തത്സ്ഥിതി തടരുന്നത് അനുവദിക്കാനാകില്ലെന്ന് ലിബിയയിലെ വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത 15 ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തില്‍ കെറി പറഞ്ഞു. രാജ്യത്തേക്കുള്ള ഇസില്‍ കുടിയേറ്റം ലിബിയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ അപകടകരമാണെന്നും കെറി പറഞ്ഞു. ശൂന്യതകളില്‍ തീവ്രവാദികള്‍ നിറയുന്നത് നോക്കിനില്‍ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗദ്ദാഫിയെ പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ നാല് വര്‍ഷം മുമ്പ് വിമതര്‍ താഴെയിറക്കിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ലിബിയയിലെ ആഭ്യന്തര സംഘര്‍ഷം. നിലവില്‍ ഇവിടെ പരസ്പര ശത്രുക്കളായ രണ്ട് സര്‍ക്കാറുകളും രണ്ട് പാര്‍ലിമെന്റുമുണ്ട്. നിലവിലെ സാഹചര്യം മുതലെടുത്ത് ശക്തിയാര്‍ജിക്കാനുള്ള ശ്രമത്തിലാണ് ഇസില്‍.