International
യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍
യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് വര്‍ധിപ്പിച്ചത്. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടോളമായി പലിശ നിരക്ക് 0 – 0.25 ശതമാനത്തില്‍ തുടരുകയായിരുന്നു. ഇത് ഇനി 0.25 – 0.50 ശതമാനമാകും. അതേസമയം ഫെഡിന്റെ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ നയരൂപവത്കരണം തീരുമാനിക്കുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിനാല്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. നിരക്ക് വര്‍ധന ഡോളറിനെ കൂടുതല്‍ ശക്തിപ്പെടുത്തും. എന്നാല്‍ രൂപയടക്കമുള്ള ഇതര കറന്‍സികളെ ദുര്‍ബലപ്പെടുത്തും. ഇന്ത്യന്‍ ഓഹരി വിപണിയേയും സ്വര്‍ണം, പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ളവയുടെ വിലയേയും നിരക്ക് വര്‍ധന ബാധിക്കും.
യു എസില്‍ പലിശ നിരക്ക് കുറവായതിനാല്‍ നിക്ഷേപകര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും സ്വര്‍ണത്തിലും വന്‍ തോതില്‍ നിക്ഷേപം നടത്തിയിരുന്നു. ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇവ പിന്‍വലിച്ചു തുടങ്ങിയിരുന്നു.ഇന്ത്യ ഈ തീരുമാനം പ്രതീക്ഷിച്ചിരുന്നെന്നും ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നുമാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ നല്‍കുന്ന സൂചന. 2006ലാണ് ഇതിന് മുമ്പ് ഫെഡ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്.