International
മുല്ലപ്പൂ വിപ്ലവത്തിന് അഞ്ചാണ്ട്; ടുണീഷ്യന്‍ ജനത നൈരാശ്യത്തിന്റെ പടുകുഴിയില്‍
തുനിസ്: ലോകം മുഴുവന്‍ കൊണ്ടാടപ്പെട്ട അറബ് വസന്തത്തിന് അഞ്ചാണ്ട് തികയവെ, ഭരണമാറ്റം ജനങ്ങളുടെ ജീവിതത്തില്‍ ഒരു പരിവര്‍ത്തനവും ഉണ്ടാക്കിയില്ലെന്നും ജനങ്ങള്‍ കടുത്ത നിരാശയിലാണെന്നും വിപ്ലവത്തിന് നാന്ദി കുറിച്ച ടുണീഷ്യ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പോലീസ് സേനയില്‍ വര്‍ധിച്ചുവരുന്ന അഴിമതിയില്‍ പ്രതിഷേധിച്ച് 2010 ഡിസംബര്‍ 17ന് വയസ്സുകാരനായ മുഹമ്മദ് ബുആസിസി ടുണീഷ്യയില്‍ സ്വയം തീകൊളുത്തി മരിച്ചതിനെ തുടര്‍ന്നായിരുന്നു അറബ് വസന്തം എന്ന് കൊട്ടിഘോഷിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ക്കും അഭ്യന്തര സംഘര്‍ഷങ്ങള്‍ക്കും തുടക്കമായത്. ഇതേ തുടര്‍ന്ന് ടുണീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആ രാജ്യത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അഞ്ച് വര്‍ഷം മുമ്പുള്ള അതേ സാഹചര്യം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളതെന്ന് ടുണീഷ്യന്‍ ജനത സമ്മതിക്കുന്നു. തെരുവില്‍ അരങ്ങേറിയ സംഘര്‍ഷവും സമരങ്ങളും മൂലം രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിന് അറുതിവരുത്തി പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി പുറത്താക്കപ്പെട്ടു. ഇതേ തുടര്‍ന്ന് പുതിയ ഭരണഘടന നിലവില്‍ വരികയും 2014ല്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തിരുന്നു. ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ആളെന്ന നിലയില്‍ ഇവിടെയുള്ള നാഷനല്‍ ഡയലോഗ് ക്വാര്‍ട്ടറ്റിന് ഈ മാസമാദ്യം നൊബേല്‍ സമ്മാനവും നല്‍കിയിരുന്നു.
അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും വിപ്ലവത്തിന് ജനങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ടുണീഷ്യന്‍ ജനത സാക്ഷ്യപ്പെടുത്തുന്നു. ടുണീഷ്യയില്‍ സിദി ബൗസിദിലെ ബിരുദധാരി റംസി അബ്ദൗലി പറയുന്നത്, വിപ്ലവം നടന്നതിന് ശേഷം വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതെല്ലാം അസ്ഥാനത്തായിരുന്നുവെന്നും അതൊന്നുമല്ല സംഭവിച്ചതെന്നുമാണ്. 2010-2011ല്‍ നടന്ന വിപ്ലവത്തില്‍ ഇദ്ദേഹവും പങ്കെടുത്തിരുന്നു. സര്‍ക്കാറിനെതിരെ ബാനറുകള്‍ ഉയര്‍ത്തുന്നതില്‍ മുന്‍നിരയില്‍ താനുമുണ്ടായിരുന്നു. പ്രസിഡന്റിനെ പുറത്താക്കിയ ശേഷം 2012ല്‍ സാമൂഹികവും തൊഴില്‍പരവുമായ നീതി ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് 250 കി. മീ.ദൂരം സഞ്ചരിച്ച് നടത്തിയ പ്രതിഷേധ പരിപാടിയിലും താനുണ്ടായിരുന്നുവെന്ന് റംസി പറഞ്ഞു.
നിലവിലെ സര്‍ക്കാറിനെതിരെയും ഇവരുടെ നയങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. വരാന്‍ പോകുന്ന വര്‍ഷങ്ങളെ കുറിച്ച് ടുണീഷ്യന്‍ ജനതയുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുന്നു.
ടുണീഷ്യയിലെ യുവാക്കള്‍ തങ്ങള്‍ അവഗണിക്കപ്പെട്ടതായും അരികുവത്കരിക്കപ്പെട്ടതായും പരാതിപ്പെടുന്നു. തങ്ങള്‍ ആവശ്യപ്പെട്ട സാമൂഹിക നീതിയും വികസനവും ഇപ്പോഴും സാക്ഷാത്കരിക്കപ്പെടാതെ കിടക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
മുല്ലപ്പൂ വിപ്ലവത്തിനിടെ ഏറ്റവും വലിയ ആവശ്യമായി ഉയര്‍ന്നുവന്നിരുന്നത് യുവാക്കളുടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണലായിരുന്നു. പക്ഷേ ഇപ്പോഴും തൊഴിലില്ലായ്മ കുതിച്ചുയരുക തന്നെയാണ്. 2014ല്‍ ഇത് 16 ശതമാനത്തിലേക്ക് വരെ എത്തി. ഇതിന് പുറമെ പട്ടിണിയും അഴിമതിയും രാജ്യത്തെ ഇപ്പോഴും കാര്‍ന്നുതിന്നുകയാണ്. ഇതിനൊരു പരിഹാരം കാണാന്‍ അഞ്ച് വര്‍ഷമായിട്ട് പോലും മുല്ലപ്പൂ വിപ്ലവാനന്തരം വന്ന സര്‍ക്കാറിന് ആയിട്ടില്ല.
നേരത്തെ മുല്ലപ്പൂ വിപ്ലവത്തിനിറങ്ങി പുതിയ സര്‍ക്കാറിനെ വാഴിക്കാന്‍ രംഗത്തെത്തിയവര്‍ ഇപ്പോള്‍ ആ സര്‍ക്കാറിനെ തന്നെ കുറ്റപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. നിയമ, സുരക്ഷാ മേഖലകളും വളരെ പരിതാപകരമായ നിലയിലാണ്. നിലവിലെ സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കില്‍ ജനങ്ങള്‍ പട്ടിണിയില്‍ പൊറുതി മുട്ടി വീണ്ടും സമരത്തിനിറങ്ങേണ്ട അവസ്ഥയിലെത്തും. വിദ്യാഭ്യാസം നേടിയ യുവാക്കള്‍ ജോലിക്ക് വേണ്ടി വിവിധ വാതിലുകള്‍ മുട്ടുമ്പോഴെല്ലാം നിരാശപ്പെടേണ്ടിവരുന്നു. പുതിയ ഭരണഘടന നിലവില്‍ വന്ന ശേഷം അടിയന്തരമായി ചര്‍ച്ച ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ്.
തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും ദിനേന വര്‍ധിച്ചുവരുന്നതോടെ ചെറുപ്പക്കാര്‍ തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറിത്തുടങ്ങിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പുറത്തുവരുന്നു. വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ജോലിയില്ലാതെ നിരാശരായി നില്‍ക്കുമ്പോള്‍ അവര്‍ മറ്റു മാര്‍ഗങ്ങള്‍ തേടിപ്പോകുന്നത് കുറ്റം പറയാനാകില്ലെന്നും ഇതിന്റെ ഉത്തരവാദിത്വം രാജ്യത്തെ സര്‍ക്കാറിനാണെന്നും നിരീക്ഷകര്‍ പറയുന്നു. 12 മില്യന്‍ യുവാക്കളാണ് തൊഴില്‍ തേടി അലയുന്നത്. നേരത്തെ സൈനുല്‍ ആബിദീന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ രംഗത്തുണ്ടായിരുന്ന വാര്‍ത്താ മാധ്യമങ്ങള്‍ ഇപ്പോള്‍ ജാഗ്രത കാണിക്കുന്നുമില്ല.