International
യുക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു
കീവ്: വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നൂ എന്നാരോപിച്ച് യുക്രൈനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. കീവ് ജില്ലാ ഭരണ കോടതിയുടേതാണ് ഉത്തരവ്. പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്.
കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തേയും സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണ് ഉത്തരവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന ഇത്തരം നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വക്താവ് പ്രതികരിച്ചു. പഴയ സോവിയറ്റിന്റെ ചുവട്പിന്തുടരാനുള്ള ശ്രമമാണ് ഉത്തരവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മെയ് മാസം തന്നെ വിവാദപരമായ കമ്യൂണിസ്റ്റ് വിരുദ്ധ നിയമം പാസാക്കിയിരുന്നു. കമ്യൂണിസ്റ്റ് എന്ന പദമോ, ചിഹ്നമോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇത് അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബറില്‍ യുക്രൈനിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രമുഖരുടെ ലിസ്റ്റ് പസിദ്ധീകരിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരായിരുന്നു ഇതിലധികവും. ഇതിനുപിന്നാലെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്.