Kannur
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നു
കണ്ണൂര്‍ : സി പി എം നേതാവ് എം വി ജയരാജന്‍ ചെയര്‍മാനായി പരിയാരത്ത് വീണ്ടും ഇടത് ഭരണസമിതി ചുമതലയേറ്റു. 13 അംഗ ഭരണ സമിതിയില്‍ സി എം പി അരവിന്ദാക്ഷന്‍ വിഭാഗത്തിനും പ്രാതിനിധ്യമുണ്ട്. നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിട്ട് മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എം വി ജയരാജന്‍ പറഞ്ഞു.മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് നിലവിലുള്ള ചെയര്‍മാന്‍ എം വി ജയരാജനും വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനും ഭാരവാഹികളായി പുതിയ ഭരണസമിതി ചുമതലയേറ്റത്. സി കെ നാരായണനാണ് സി എം പിയെ പ്രതിനിധീകരിച്ച് ഭരണസമിതിയിലുള്ളത്.
സര്‍ക്കാര്‍ ഏറ്റെടുക്കലിന്റെ മറവില്‍ പരിയാരത്ത് ജീവനക്കാര്‍ അധികമാണെന്ന പ്രചാരണം നടക്കുകയാണെന്നും ഇത് ജീവനക്കാരെ പിരിച്ചുവിടാനുള്ള തന്ത്രമാണെന്നും സി പി എം ആരോപിക്കുന്നു. നിലവില്‍ 482 ഒഴിവുകള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഉണ്ടെന്നും സി പി എം നേതാക്കള്‍ പറയുന്നു. അതേസമയം, പുതിയ ഭരണസമിതിക്ക് മുന്നില്‍ നിരവധി വെല്ലുവിളികള്‍ ബാക്കി കിടക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നതോടെ പല വിദ്യാര്‍ഥികളും വാര്‍ഷിക ഫീസ് അടക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഈ ഇനത്തില്‍ കോടികളുടെ ബാധ്യതയാണ് ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്നത്.
കൂടാതെ ഏഴ് പി ജി കോഴ്‌സുകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്ത കാരണത്താല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം തടഞ്ഞുവെച്ചിട്ടുണ്ട്. ഇവിടത്തെ 150 ഓളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാവിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ, മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചക്ക് വന്നില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം അജന്‍ഡയായി ചേര്‍ത്തിട്ടുണ്ട്.
മെഡിക്കല്‍ കോളജ് എത്രയും വേഗം ഏറ്റെടുത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ സമിതി കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഇന്ന് 192-ാം ദിവസം പിന്നിട്ടു.