Connect with us

Articles

കുട്ടിക്കുറ്റവാളിക്ക് എത്ര വയസ്സായി?

Published

|

Last Updated

ഡല്‍ഹി ബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളുടെയും ദേശീയ വനിതാ കമ്മീഷന്റെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ച് കേസിലെ “കുട്ടി”ക്കുറ്റവാളിയെ ഇന്നലെ തടവില്‍ നിന്ന് മോചിപ്പിക്കുകയുണ്ടായി. പ്രതിയെ മോചിപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അത് നിരാകരിച്ചു. പ്രതിയെ വിട്ടയക്കുന്നത് സമൂഹത്തിന് ഭീഷണിയാകുമെന്ന് കാണിച്ചായിരുന്നു കമ്മീഷന്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. കുട്ടിക്കുറ്റവാളിക്ക് നല്‍കാവുന്ന പരമാവധി തടവ് ശിക്ഷ മൂന്ന് വര്‍ഷമായതിനാല്‍ ഇനിയും പ്രതിയെ തടവിലിടുന്നതിന് നീതീകരണ മില്ലെന്ന് കാണിച്ചാണ് സുപ്രീം കോടതി ഹരജി തള്ളിയത്.
2012 ഡിസംബര്‍ 16നായിരുന്നു പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ജ്യോതി സിംഗ് പാണ്ഡെ എന്ന പെണ്‍കുട്ടി ഡല്‍ഹിയിലെ ഓടുന്ന ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ ശാരീരികമായും മാനസികമായും ഗുരുതരമായ ക്ഷതമേറ്റ ഈ ഇരുപത്തിമൂന്നുകാരി ഡിസംബര്‍ 29ന് ആശുപത്രിയില്‍ മരണപ്പെടുകയും ചെയ്തു. ബലാത്സംഗം രാജ്യത്ത് പതിവാണെങ്കിലും എന്തുകൊണ്ടോ ഈ കേസിന് അത്യപൂര്‍വമായ പ്രാധാന്യമാണ് കൈവന്നത്. സംഭത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം അരങ്ങേറി. കേസ് പ്രത്യേക കോടതി അതിവേഗത്തിലാണ് കൈകാര്യം ചെയ്തത്. ആറ് പ്രതികളുള്ള കേസില്‍ ഒരാള്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. അവശേഷിച്ചവരില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. അന്ന് സംഭവത്തിലുണ്ടായിരുന്ന കുട്ടിക്കുറ്റവാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിക്ക് പ്രായം പതിനേഴ് വയസ്സാണ്. ഇപ്പോള്‍ അയാളുടെ പ്രായം ഇരുപതും. ഇന്ത്യയില്‍ പ്രായപൂര്‍ത്തിയുടെ പ്രായം 18 വയസ്സായതിനാല്‍ “കുട്ടി” അറസ്റ്റിലാകുമ്പോകുണ്ടായിരുന്ന പ്രായം പരിഗണിച്ചു ജുവനൈല്‍ കോടതിയാണ് ഈ പ്രതിയുടെ കേസ് കൈകാര്യം ചെയ്തത്. ബാലനീതി നിയമത്തിലെ 151 വകുപ്പ് പ്രകാരം പരമാവധി ശിക്ഷ മൂന്ന് വര്‍ഷമായതിനാല്‍ അതാണ് പ്രതിക്ക് കോടതി അന്ന് വിധിച്ചത്. പ്രതിയുടെ ജീവന് ഭീഷണിയുള്ളതിനാല്‍ അതീവ രഹസ്യ കേന്ദ്രത്തിലാണ് അയാളെ താമസിപ്പിച്ചിരുന്നത്. ആ കാലാവധി അവസാനിച്ച മുറക്ക് കഴിഞ്ഞ ദിവസം അയാളെ തടവില്‍ നിന്ന് മോചിപ്പിച്ചു പേര് വെളിപ്പെടുത്താത്ത സന്നദ്ധ സംഘടനക്ക് കൈമാറുകയായിരുന്നു. മോചിതനാകുമ്പോള്‍ യു പിയില്‍ ബദ്വാനിലുള്ള വീട്ടിലേക്കു പോകണോ സന്നദ്ധ സംഘടനയുടെ സംരക്ഷണയില്‍ കഴിയണോയെന്ന് കോടതി നേരത്തെ പ്രതിയോട് ആരാഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സന്നദ്ധ സംഘടനയുടെ കീഴില്‍ കഴിയാനാണ് അയാള്‍ താത്പര്യം പ്രകടിപ്പിച്ചത്.
മരിക്കുന്നതിന് മുമ്പ് നിര്‍ഭയ പോലീസിന് നല്‍കിയ മൊഴിയാണ് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടത്. അക്രമി സംഘത്തില്‍ തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നുവെന്നാണ് അവരുടെ മൊഴി. ഈ സാഹചര്യത്തില്‍, ആരാണ് “കുട്ടി”ക്കുറ്റവാളിയെന്നും ഡല്‍ഹി കേസിലെ വിവാദ പ്രതി കുട്ടിക്കുറ്റവാളിയുടെ ആനുകൂല്യമര്‍ഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സജീവ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതില്ലേ?
യഥാര്‍ഥത്തില്‍ വയസ്സ് മാത്രമാണോ പ്രായപൂര്‍ത്തിയുടെ കാര്യത്തില്‍ പരിഗണിക്കേണ്ടത്? മാനഭംഗം, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന 16നും 18നുമിടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കര്‍ശനമായ നിയമ വ്യവസ്ഥയാണുള്ളത്. അമേരിക്കയിലെ 20 സ്‌റ്റേറ്റുകളില്‍ മാനഭംഗം പോലുള്ള ഗൗരവമേറിയ കുറ്റകൃത്യത്തിലേര്‍പ്പെടുന്ന കുട്ടിക്കുറ്റവാളികളെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കിയാണ് വിചാരണ ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ 1986ലെ ബാലനീതി നിയമത്തില്‍ 16 വയസ്സ് വരെയുള്ള ആണ്‍കുട്ടികളെയാണ് പ്രായപൂര്‍ത്തിയായവരായി കണക്കാക്കിയിരുന്നത്. 2000ത്തില്‍ നിയമത്തില്‍ മാറ്റം വരുത്തി 18 വയസ്സാക്കി ഉയര്‍ത്തിയതാണ്. വീണ്ടും അത് പതിനാറ് വയസ്സ് തന്നെയാക്കി കുറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. 16 വയസ്സിന് മുകളില്‍ പ്രായമുള്ള കുറ്റവാളികളെ മുതിര്‍ന്ന പൗരന്‍മാരായി കണ്ട് വിചാരണ ചെയ്യാനുള്ള ജുവനൈല്‍ ജസ്റ്റിസ് ബില്‍ നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണ്. പതിനെട്ട് വയസ്സ് പ്രായമായില്ലെന്ന് കാട്ടി ക്രൂരമായ കുറ്റകൃത്യം ചെയ്യുന്നവരെ ശിക്ഷയില്‍ നിന്നു ഒഴിവാക്കുന്നതിനെതിരെ നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കുകയുമുണ്ടായി. അടുത്ത കാലത്തായി ബലാത്സംഗക്കേസുകളിലും ഗുരുതരമായ മറ്റു പല കുറ്റകൃത്യങ്ങളിലും 16 വയസ്സിന് മുകളിലും 18 വയസ്സില്‍ താഴെയും പ്രായമുള്ള ധാരാളം പേര്‍ പ്രതിയാകുകയും വയസ്സിന്റെ പരിഗണയില്‍ അവര്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.
പ്രായം മാത്രമല്ല; ശാരീരിക, മാനസിക വളര്‍ച്ച കൂടിയാണ് പ്രായപൂര്‍ത്തിയുടെ കാര്യത്തില്‍ പരിഗണിക്കേണ്ടത് എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമെത്തുമ്പോഴേക്ക് നല്ല ശാരീരിക വളര്‍ച്ചയും മനസ്സിന്റെ പക്വതയും എത്തുന്നവര്‍ ധാരാളം പേരുണ്ട്. ലൈംഗികമായ താത്പര്യവും ഈ പ്രായത്തില്‍ അവരില്‍ പ്രകടമായി തുടങ്ങും. പ്രണയ, ലൈംഗിക താത്പര്യങ്ങളും എതിര്‍ലിംഗത്തിലുള്ളവരോട് അഭിനിവേശവുമൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സാഹചര്യം കിട്ടിയാല്‍ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേക്കും അവര്‍ വഴുതി വീഴും. ഈ സാഹചര്യത്തില്‍ വയസ്സ് എന്നത് മാത്രം പരിഗണിക്കുന്നത് മാറ്റി ശാരീരിക വളര്‍ച്ചയും മനസ്സിന്റെ പക്വതയും ലൈംഗിക വളര്‍ച്ചയും പരിഗണിച്ചു പ്രായപൂര്‍ത്തിയുടെ മാനദണ്ഡം കണക്കാക്കുന്നതല്ലേ ശാസ്ത്രീയം? ചിലര്‍ക്ക് പതിനഞ്ച് വയസ്സിനു മുമ്പ് തന്നെ പിതാവാകാനുള്ള ലൈംഗിക ശേഷി കൈവരിച്ചെന്നിരിക്കും. ഈ പ്രായത്തിലുള്ള ചിലര്‍ കുട്ടികളുടെ പിതാവായ സംഭവവും അപൂര്‍വായെങ്കിലും നാം കേള്‍ക്കാറുണ്ട്. എന്നിട്ടും ഇവര്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് പറയുന്നതിലര്‍ഥമെന്താണ്?