Connect with us

Sports

മെന്‍ഡോസയെ സീക്കോ മറക്കില്ലോ

Published

|

Last Updated

കോഴിക്കോട്: “ഞാന്‍ വീണ്ടും എഫ് സി ഗോവയുടെ കോച്ചായി വന്നത് അവരെ ഐ എസ് എല്‍ ചാമ്പ്യന്മാരാക്കുവാനാണ്” രണ്ടാം സീസണ്‍ തുടങ്ങുന്നതിനുമുമ്പ് സീക്കോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ സ്വപ്നം പങ്കുവെച്ചു.
എന്നാല്‍, ചെന്നൈയിന്‍ എഫ് സിയുടെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ ജോണ്‍ സ്റ്റീവന്‍ മെന്‍ഡോസ കപ്പിനും ചുണ്ടിനുമിടക്ക് സീക്കോയുടെ വില്ലനായി, സ്വപ്നം ടാക്കിള്‍ ചെയ്യപ്പെട്ടു !
90 മിനുട്ടും ഒരേ വേഗതയില്‍ ഓടിക്കളിക്കുകയും ഗോളിനായി കഠിനമായി പ്രയത്‌നിക്കുകയും അര്‍ധാവസരങ്ങള്‍ മാത്രമല്ല, ശൂന്യതയില്‍നിന്നു പോലും ഗോള്‍ കണ്ടെത്താനുള്ള മെന്‍ഡോസയിലെ പ്രതിഭയുടെ വിളയാട്ടമാണ് ചെന്നൈയിന്‍ സ്‌കോര്‍ ചെയ്ത മൂന്ന് ഗോളുകളും. മെന്‍ഡോസയെ ഫൗള്‍ ചെയ്തതിന് ലഭിച്ച രണ്ട് പെനാല്‍ട്ടികളില്‍ ഒന്ന് പെലിസാറി വലയിലെത്തിച്ചപ്പോള്‍ രണ്ടാമത്തെ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തമായിരുന്നു ചെന്നൈയിക്ക് ലഭിച്ച രണ്ടും മൂന്നും ഗോളുകള്‍.
87-ാം മിനിട്ടില്‍ ജോഫ്രെ ഫ്രീകിക്കിലൂടെ നേടിയ ഗോളിന് മുന്നിലെത്തിയ എഫ് സി ഗോവയുടെ ആരാധകര്‍ ഫറ്റോര്‍ഡയിലെ ഗ്യാലറിയില്‍ ആഹ്ലാദാരവങ്ങള്‍ തുടങ്ങിയപ്പോഴേക്കും ചെന്നൈയുടെ സമനില ഗോള്‍ വന്നത് മെന്‍ഡോസയുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. പെനാല്‍ട്ടി ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്തിനുവേണ്ടി ഗോവന്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഉയര്‍ന്നുചാടി ഹെഡിനു ശ്രമിച്ചതാണ് ഗോളി കട്ടിമണിയുടെ നിയന്ത്രണം നഷ്ടപ്പെടുത്തിയതും ചെന്നൈക്ക് സമനില ഗോള്‍ സമ്മാനിച്ചതും.
എക്‌സ്ട്രാ ടൈമിലേക്ക് കളി നീളുമെന്ന് കരുതിയിരിക്കുമ്പോഴാണ് മെന്‍ഡോസ തന്റെ ടീമിന്റെ മൂന്നാംഗോള്‍ നേടുന്നതും അതുവഴി ഐ എസ് എല്‍ രണ്ടാം സീസണ്‍ കിരീടവും സമ്മാനിക്കുന്നത്.
ഗോവയുടെ ജോഫ്രെയെ ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തുവെങ്കിലും കളിയിലെ യഥാര്‍ഥ ഹീറോയുടെ പിറവി ഇഞ്ച്വറി ടൈമില്‍ മെന്‍ഡോസയിലൂടെയാണെന്നതാണ് യാഥാര്‍ഥ്യം.
എലാനോ, ജെജെ, ഫിക്രു എന്നിവരായിരുന്നു ആദ്യഘട്ടത്തില്‍ ചെന്നൈ ടീമിന്റെ മുന്നേറ്റത്തിലെങ്കില്‍ ഐ എസ് എല്‍ പാതിവഴിയിലെത്തിയപ്പോള്‍ മെന്‍ഡോസയെയും പെലിസാറിയേയും ആദ്യ ഇലവനില്‍ കൊണ്ടുവരാനുള്ള കോച്ച് മെറ്റരാസിയുടെ തീരുമാനമാണ് നിര്‍ണായകമായത്.
ലീഗ് ഘട്ടത്തില്‍ ആദ്യ റൗണ്ടുകളില്‍ മെന്‍ഡോസയെ ബെഞ്ചിലിരുത്തിയതിന്റെ പരിണിതഫലമായിരുന്നു പത്താം റൗണ്ട് കഴിയുമ്പോള്‍ പത്ത് പോയിന്റുമായി ടേബിളില്‍ ഏറ്റവും താഴെയായത്. മെന്‍ഡോസയെ ലൈനപ്പില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെ 4-1നും ഡല്‍ഹിയെ 4-0നും മുംബൈ സിറ്റിയെ 3-0നും പൂനെ സിറ്റിയെ 1-0നും ചെന്നൈയിന്‍ തകര്‍ത്തെറിഞ്ഞു. അവസാന നാല് മത്സരങ്ങള്‍ ചെന്നൈയിലെ മഴയില്‍ കുതിര്‍ന്ന ഗ്രൗണ്ടിന്റെ പിന്‍ബലത്തിലാണ് ടീം വിജയിച്ചതെന്ന വിമര്‍ശം ഉയര്‍ന്നുവെങ്കിലും സെമിഫൈനലിന്റെ ആദ്യപാദ മത്സരം പൂനെയില്‍ വെച്ച് നടന്നപ്പോള്‍ കൊല്‍ക്കത്തയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ചെന്നൈയിന്‍ അതിന് മറുപടി നല്‍കിയത്.

Latest