Kerala
വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ഉത്തരവ്
കൊച്ചി: വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹെെക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജനുവരി പത്തിന് വെള്ളാപ്പള്ളി അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അന്ന് തന്നെ നടപടിക്രമങ്ങള്‍ പാലിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ പ്രസംഗം പൂര്‍ണമായി കേട്ട ശേഷമാണ് ജസ്റ്റിസ് പി ഭവദാസന്‍ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ചത്. പ്രസംഗത്തില്‍ എന്ത് തെറ്റാണുള്ളതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലിയോട് കോടതി ചോദിച്ചു.
അതേസമയം, തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള ചങ്കൂറ്റം സര്‍ക്കാറിനില്ല. തന്നെ അകത്താക്കാന്‍ പഠിച്ച പണിയെല്ലാം സര്‍ക്കാര്‍ നോക്കിയിട്ടുണ്ട്. എന്നാല്‍ അത് നടന്നില്ല. ജയിലില്‍ പോകാന്‍ താന്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.