Connect with us

Articles

മുത്ത് നബി(സ): സ്നേഹവും അറിവും

Published

|

Last Updated

ജീവിത കാലത്ത് മുത്ത് നബി(സ)യെ കാണാന്‍ ഭാഗ്യം ലഭിക്കാതെ പോയ ഒരു വിശ്വാസി ഒരിക്കല്‍ മഹതി ആഇശ ബീവിയെ സന്ദര്‍ശിച്ച് ഇപ്രകാരം ചോദിച്ചു; പ്രവാചകര്‍ (സ) എങ്ങനെയുള്ള വ്യക്തി ആയിരുന്നു? “താങ്കള്‍ക്കു ഖുര്‍ആന്‍ പരിചയമുണ്ടോ?” ആഇശ ബീവി (റ) അയാളോട് തിരിച്ചു ചോദിച്ച ശേഷം പറഞ്ഞു; “ഖുര്‍ആനായിരുന്നു പ്രവാചകരുടെ സ്വഭാവം.” അതായത് മനുഷ്യ സമൂഹത്തിന്റെ സമ്പൂര്‍ണ വിജയത്തിനു വേണ്ടി അല്ലാഹു നല്‍കിയ വിശുദ്ധ ഗ്രന്ഥത്തെ അടിമുടി സ്വന്തം ജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത ജീവിതമായിരുന്നു തിരു ദൂതര്‍ (സ)യുടേത് എന്നര്‍ഥം. മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിപ്പിനെയും ആ മനുഷ്യന്റെ ഈ ലോകത്തെയും പരലോകത്തെയും ദൗത്യങ്ങളെ കുറിച്ചുമുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യം പ്രവാചകര്‍ (സ) യിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു. മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ചുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവരും തിരു ദൂതര്‍ (സ) ആയിരുന്നല്ലോ. ആ ലക്ഷ്യങ്ങളെ സ്വന്തം ജീവിതത്തിലൂടെ പില്‍ക്കാല സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു മുത്ത് നബി (സ) ചെയ്തത്. ഖുര്‍ആന്‍ മനുഷ്യ രൂപം പൂണ്ടാല്‍ എങ്ങനെയുണ്ടാകുമോ അതായിരുന്നു പ്രവാചകര്‍ (സ) എന്നാണു ആഇശ ബീവി പറഞ്ഞതിന്റെ സാരമെന്ന് മനസ്സിലാക്കാം.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃകാ പുരുഷനാണ് റസൂല്‍ (സ). ഒന്നു പോലും ഒഴിയാതെ ശ്രേഷ്ഠമായ എല്ലാ സ്വഭാവങ്ങളും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹു ആവിഷ്‌കരിച്ചിരിക്കുന്നത് റസൂല്‍ (സ) യുടെ ജീവിതത്തിലാണ്. മുന്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകരുടെയും മികവുറ്റ സ്വഭാവ മഹിമകള്‍ നബി (സ)തങ്ങളില്‍ ഒരുമിച്ചുകാണാം. എന്നു മാത്രമല്ല, പ്രവാചകര്‍ (സ)യുടെ നിയോഗത്തോടെ പ്രവാചകര്‍ (സ) തങ്ങളിലാണ് ആ മഹത്തായ സ്വഭാവങ്ങള്‍ എല്ലാം തന്നെ അതിന്റെ സമ്പൂര്‍ണത കൈവരിച്ചത്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍ മുത്ത് നബി (സ) ആണെന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് നബി(സ)യില്‍ ഉത്തമമായ മാതൃകയുണ്ടെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ എന്താണ് മനുഷ്യര്‍ എന്ന നിലയില്‍ നമ്മുടെ ദൗത്യം? ഓരോ മനുഷ്യരെ കുറിച്ചുമുള്ള അല്ലാഹുവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? സംശയമില്ല, പ്രവാചകര്‍ (സ) എന്ന പൂര്‍ണതയെ അനുകരിക്കല്‍ മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം.
എങ്ങനെയാണ് ആ സമ്പൂര്‍ണതയെ നാം അനുകരിക്കുക? അതിനുള്ള എന്തു മാര്‍ഗമാണ് നമ്മുടെ മുന്നിലുള്ളത്? “രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ ഉപേക്ഷിച്ചാണ് ഞാന്‍ അല്ലാഹുവിലേക്ക് യാത്ര പോകുന്നത്. ഖുര്‍ആനും എന്റെ പ്രവര്‍ത്തനങ്ങളും ആണ് ആ രണ്ട് കാര്യങ്ങള്‍” എന്നു പറഞ്ഞുകൊണ്ടാണല്ലോ നബി (സ) തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞത്. അല്ലാഹു പ്രവാചകര്‍ (സ)ക്ക് നല്‍കിയ വിശുദ്ധ ഖുര്‍ആന്റെ വിശദീകരണമായിരുന്നല്ലോ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍. സുന്നത്തുകള്‍ എന്നറിയപ്പെടുന്ന ആ പ്രവര്‍ത്തനങ്ങളെ അനുകരിക്കല്‍ ആണ് പൂര്‍ണതയെ അനുകരിക്കാനുള്ള ഏക മാര്‍ഗം. പ്രവാചകര്‍ (സ) യുടെ ഭക്ഷണ രീതികള്‍, നില്‍പ്പിന്റെയും ഇരിപ്പിന്റെയും ശൈലികള്‍, കുടുംബ ബന്ധങ്ങള്‍, വസ്ത്ര ധാരണ രീതികള്‍, ചെരിപ്പിട്ടതിന്റെയും നഖം മുറിച്ചതിന്റെയും താടി മനോഹരമാക്കി വെച്ചതിന്റെയും മാതൃകകള്‍, കൃഷി ചെയ്തതിന്റെയും അതിഥികളെ സത്കരിച്ചതിന്റെയും മര്യാദകള്‍ എന്നു തുടങ്ങി സര്‍വതല സ്പര്‍ശിയായ ഒരു ജീവിത വീക്ഷണമാണ് സുന്നത്തുകള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ആ സുന്നത്തുകള്‍ ആണ് ഒരു വിശ്വാസിയുടെ ശരീഅത്ത്. ശരീഅത്ത് കൊണ്ട് എന്താണോ ലക്ഷ്യമാക്കുന്നത് അതു തന്നെയാണ് സുന്നത്തുകള്‍ കൊണ്ടുള്ള ലക്ഷ്യം. ആ സുന്നത്തുകളുടെ കളങ്ക രഹിതമായ പിന്തുടരലാണ് മനുഷ്യന്‍ എന്ന ശാരീരികാവസ്ഥയെ അല്ലാഹു വിഭാവനം ചെയ്തതുപോലെയുള്ള മറ്റൊരു മനുഷ്യാവസ്ഥയാക്കി മാറ്റുന്നത്.

“രണ്ടു കാര്യങ്ങള്‍ നിങ്ങളില്‍ ഉപേക്ഷിച്ചാണ് ഞാന്‍ അല്ലാഹുവിലേക്ക് യാത്ര പോകുന്നത്. ഖുര്‍ആനും എന്റെ പ്രവര്‍ത്തനങ്ങളും ആണ് ആ രണ്ട് കാര്യങ്ങള്‍” /മുഹമ്മദ് നബി (സ)

അവ്വിധം ഒരാള്‍ക്ക് പ്രവാചകരെ പിന്തുടരണമെങ്കില്‍ അയാള്‍ ആ പ്രവാചകനെ ഇഷ്ടപ്പെടണം. ഇഷ്ടത്തില്‍ നിന്നേ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത അനുധാവനം ഉണ്ടാകുകയുള്ളൂ. “സ്വന്തം ശരീരത്തേക്കാളും പ്രിയ ജനങ്ങളെക്കാളും എന്നെ ഇഷ്ടപ്പെടുന്നതു വരെ നിങ്ങളുടെ ഈമാന്‍ പൂര്‍ണമാകുകയില്ല” എന്നു നമ്മെ പഠിപ്പിച്ചത് ആ റസൂല്‍ (സ) തങ്ങള്‍ തന്നെ ആണല്ലോ. അപ്പോള്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം നബി (സ) തങ്ങളോടുള്ള സ്‌നേഹം എന്നതു വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ ഭാഗം എന്നു പറഞ്ഞാല്‍ അപൂര്‍ണമായിപ്പോകും. കാരണം സ്‌നേഹം തന്നെയാണ് അവന്റെ വിശ്വാസം. വിശ്വാസത്തിന്റെ പൂര്‍ണതയെ നിര്‍ണയിക്കുന്ന ഒരു ഭാഗമല്ല അത്. മറിച്ച് വിശ്വാസത്തില്‍ എത്തിപ്പിടിക്കാനുള്ള ഒരേയൊരു മാര്‍ഗമാണ്.
റസൂല്‍ (സ)യോടുള്ള സ്‌നേഹമാണ് ഒരു മുസ്‌ലിമിനെ സൃഷ്ടിക്കുന്നത്. ആ സ്‌നേഹത്തില്‍ നിന്നാണ് ഒരു മുസ്‌ലിമിന്റെ ഈ ലോകത്തെയും പരലോകത്തെയും കുറിച്ചുള്ള വീക്ഷണങ്ങള്‍ രൂപപ്പെടുന്നത്. എങ്ങനെ വസ്ത്രം ധരിക്കണം എന്നു മാത്രമല്ല, ഖുര്‍ആനെയും സുന്നത്തിനെയും എങ്ങനെ വ്യാഖ്യാനിക്കണം എന്ന കാര്യത്തില്‍ പോലും ഒരു മുസ്‌ലിമിന്റെ വീക്ഷണത്തെ ചിട്ടപ്പെടുത്തുന്നത് ഈ സ്‌നേഹമാണ്. റസൂല്‍ (സ)യോട് അങ്ങേയറ്റം വിധേയത്വം പുലര്‍ത്തുന്ന രീതിയില്‍ ഒരാള്‍ പ്രവാചകര്‍ (സ)യെ പ്രിയംവെച്ചു കഴിഞ്ഞാല്‍ അയാള്‍ പിന്നെ റസൂല്‍ (സ) തങ്ങളില്‍ സ്വന്തം കര്‍തൃത്വത്തെ ഇല്ലാതാക്കും. തന്റെ ചിന്താശേഷിയും കാര്യ കാരണങ്ങളെ വേര്‍തിരിച്ചു കാണാനുള്ള കഴിവുകളും ആ സ്‌നേഹ ഭാജനത്തിനു മുന്നില്‍ അടിയറവു വെക്കും. പ്രവാചകര്‍ (സ) എന്ന സമ്പൂര്‍ണതക്കു മുന്നില്‍ തന്റെ അധികാരത്തെ സമര്‍പ്പിക്കും. എന്നു മാത്രമല്ല ആ കീഴടങ്ങലിനെ വിശ്വാസികള്‍ ബലഹീനതയായല്ല മനസ്സിലാക്കുന്നത്. മറിച്ചു ആ കീഴടങ്ങലിലാണ്, ആ അടിയറവു പറച്ചിലിലാണ് വിശ്വാസികള്‍ തങ്ങളുടെ ശക്തി കണ്ടെത്തുന്നത്. അധികാരത്തെ കുറിച്ചുള്ള ഒരു ബദല്‍ വീക്ഷണമാണിത്. അധികാരം പ്രധാനമായി കാണുന്ന ഒരു സമൂഹത്തെയും കാലത്തെയും സംബന്ധിച്ചിടത്തോളം ഈ വീക്ഷണം എളുപ്പം മനസ്സിലായിക്കൊള്ളണമെന്നില്ല.
അപ്പോള്‍ ഒരാള്‍ റസൂല്‍ (സ) യെ പിന്തുടരുന്നത് അധികാരം കൈയാളാന്‍ വേണ്ടിയല്ല, അധികാരത്തെ ഉപേക്ഷിക്കാന്‍ വേണ്ടിയാണ്. അധികാരത്തെ പ്രതിയുള്ള ആഗ്രഹങ്ങള്‍ ഉപേക്ഷിച്ച ഒരാള്‍ക്ക് മാത്രമാണല്ലോ മറ്റൊരാളെ അടിമുടി പിന്‍പറ്റാന്‍ കഴിയുക. തന്റെ സ്വത്വത്തെ റസൂല്‍ (സ) യോടുള്ള സ്‌നേഹത്തില്‍ ലയിപ്പിച്ചു കഴിഞ്ഞ ഒരാള്‍ക്ക് മാത്രമേ അല്ലാഹുവിനെയും അവന്റെ വിശുദ്ധ വചനങ്ങളെയും ഏറ്റവും നന്നായി മനസ്സിലാക്കിയ റസൂല്‍ (സ) യെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ മനസ്സിലാക്കിയ ഒരാള്‍ക്കേ നബിജീവിതത്തെ കുറിച്ചുള്ള ഏറ്റവും മികച്ച വിശദീകരണങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ.
ഏതൊരാള്‍ക്കും പല ഉദ്ദേശ്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവാചകര്‍ (സ) യുടെ ജീവിതത്തെ വായിക്കാനും മനസ്സിലാക്കാനും കഴിയും. അങ്ങനെ പലരും ചെയ്തിട്ടുമുണ്ട്. പക്ഷേ, എന്തു ഉദ്ദേശ്യമാണ് നിങ്ങളെ പ്രവാചകര്‍ (സ)യിലേക്ക് എത്തിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്തൊരു ഉദ്ദേശ്യം മുന്‍ നിര്‍ത്തിയാണോ അല്ലാഹു നബി (സ) തങ്ങള്‍ക്കു ഖുര്‍ആന്‍ എന്ന വിശുദ്ധ ഗ്രന്ഥം നല്‍കിയത്, എന്തൊരു ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണോ ആ വിശുദ്ധ ഗ്രന്ഥത്തെ നബി (സ) തങ്ങള്‍ ജീവിച്ചു കാണിച്ചത് ആ ഉദ്ദേശ്യത്തോടെ പ്രവാചകരെ സമീപിക്കുമ്പോഴേ ഒരാള്‍ക്ക് അല്ലാഹുവിന്റെ സമ്പൂര്‍ണതയെ, തിരുനബി (സ) യെ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതുമനസ്സിലാകണമെങ്കില്‍ റസൂലിനെ പ്രിയം വെക്കണം. റസൂലിന്റെ ചര്യകളെ പ്രിയം വെക്കണം. അങ്ങനെയുള്ള ഒരാളുടെ വിശദീകരണങ്ങള്‍ക്കേ ഇസ്‌ലാമില്‍ വിലയുള്ളൂ. പ്രവാചക ചര്യകളെ കുറിച്ചു ഒരാള്‍ തെറ്റായ വ്യാഖ്യാനം നല്‍കുന്നു എന്നതിന്റെ അര്‍ഥം അയാള്‍ പ്രവാചകനെ വേണ്ടവിധം സ്‌നേഹിക്കുന്നില്ല എന്നാണ്. റസൂല്‍ (സ) യോടുള്ള സ്‌നേഹവും ഇസ്‌ലാമിനെ കുറിച്ചുള്ള ഒരാളുടെ അറിവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു സാരം. പലരും കരുതുന്നത് പോലെ അറിവില്‍ നിന്നല്ല റസൂല്‍ (സ) യോടുള്ള സ്‌നേഹം ഉണ്ടാകേണ്ടത്. മറിച്ചു റസൂലിനോടുള്ള സ്‌നേഹത്തില്‍ നിന്നാണ് ഇസ്‌ലാമില്‍ അറിവ് തന്നെ ഉണ്ടാകുന്നത്. അങ്ങനെ ഉണ്ടാകുന്ന അറിവേ അറിവാകുകയുള്ളൂ.
റസൂല്‍ (സ) യെ എങ്ങനെ സ്‌നേഹിക്കണം എന്നതിനു നമ്മുടെ മാതൃക സ്വഹാബികളാണ്. റസൂല്‍ (സ) അംഗശുദ്ധി വരുത്തിയ വെള്ളം കിട്ടാന്‍ മത്സരിച്ചവര്‍, നബി (സ)യെ ചുംബിക്കാന്‍ കാത്തു നിന്നവര്‍, അവിടുത്തെ ഭക്ഷണത്തില്‍ നിന്നും അല്‍പ്പം കഴിക്കാന്‍ വേണ്ടി കൊതിച്ചവര്‍, അവിടുത്തെ ഉമിനീര്‍ വായിലാക്കി കിട്ടാന്‍ ആഗ്രഹിച്ചിരുന്നവര്‍, നബി(സ) യുടെ കൈകൊണ്ടു ഒരു തലോടലിനു വേണ്ടി ക്ഷമയോടെ നിന്നവര്‍, ആ ശരീരത്തില്‍ നിന്നുള്ള മുടി കൊണ്ടും രോമങ്ങള്‍ കൊണ്ടും ബറകത്ത് എടുത്തവര്‍….. ഇതൊക്കെയായിരുന്നു സ്വഹാബികള്‍. ആ സ്‌നേഹ പ്രകടനങ്ങളെയെല്ലാം തന്നെ തിരുദൂതര്‍ (സ) ശരി വെക്കുകയും ചെയ്തു. അല്ലാഹുവിന്റെ അംഗീകാരം ഉള്ള ശരികളായിരുന്നല്ലോ അവയെല്ലാം.
നബി തങ്ങളോടുള്ള അങ്ങേയറ്റത്തെ സ്‌നേഹത്തില്‍ നിന്നും അല്ലാഹു നമ്മെ അറിവുള്ളവരാക്കി മാറ്റട്ടെ. എല്ലാവര്‍ക്കും നബിദിനത്തിന്റെ സന്തോഷങ്ങള്‍ നേരുന്നു.

Latest