Kerala
റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കി ചീക്കേട് രോഗവും വിലയിടിവും
മലപ്പുറം: റബ്ബറിന് വിലയിടിവിന് പുറമെ ചീക്കേട് രോഗവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. 2014ല്‍ 165 രൂപ വിലയുണ്ടായിരുന്ന റബ്ബറിന് ഇപ്പോള്‍ 90 രൂപയാണുള്ളത്. ദിവസേന റബ്ബറിന് വില താഴേക്ക് പോകുന്നത് കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്. ചെറുകിട കര്‍ഷകരെല്ലാം വില കുറവ് കാരണം വെട്ട് നിര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായ പദ്ധതികളെല്ലാം അവതാളത്തിലാണ്.
വിലയിടിവിനൊപ്പം ചീക്കേട്, പട്ട മരപ്പ് രോഗവും റബ്ബര്‍ കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. റബ്ബര്‍ മരത്തിലെ കമ്പുകളിലെ പാല്‍ പൊട്ടി ഉണങ്ങി പോകുന്നതാണ് ചീക്കേട് രോഗം. രണ്ട് വര്‍ഷം മുതല്‍ വെട്ടുന്ന റബ്ബര്‍ മരത്തിന് വരെ ഈ രോഗം പിടിപ്പെടുന്നുണ്ട്. ഇതിനാല്‍ റബ്ബര്‍ മരം നശിക്കുന്നു. ബോഡേ മിശ്രിതം, റബ്ബര്‍ കോട്ട് തൈറേയിഡ് തുടങ്ങിയ മരുന്നുകളാണ് ചീക്കേടിന് കര്‍ഷകര്‍ ഉപയോഗിക്കാറുള്ളത്. റബ്ബറിലെ ചീക്കോട് രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മാത്രമേ മരുന്ന് ഫലപ്രദമാകുകയുള്ളു.
പട്ട മരപ്പ് രോഗം റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായിട്ടാണ് കണ്ട് വരുന്നത്. പാലെടുക്കുന്ന മരങ്ങളെയാണ് ഈ രോഗം വേട്ടയാടുന്നത്. റബ്ബര്‍ മരത്തിലെ വെട്ടുന്ന ഭാഗം നശിച്ച് പോകുന്നതാണ് ഇതിന്റെ രീതി. ഈ രോഗം ബാധിച്ചാല്‍ പിന്നീട് പാല്‍ ലഭ്യമാകില്ല.
വിദേശ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് അമിതമായി റബ്ബര്‍ ഇറക്കുമതി ചെയ്തതാണ് വിലകുറവിന് പ്രധാന കാരണമായി പറയുന്നത്. ഇന്ത്യയിലേക്കാള്‍ വിലക്കുറവായതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് റബ്ബര്‍ വ്യാപകമായി ഇറക്കുമതി ചെയ്ത് ശേഖരിക്കുകയാണ് ടയര്‍ കമ്പനികള്‍ ചെയ്യുന്നത്. ഇന്തോനേഷ്യ, തായ്‌ലാന്റ്, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും കമ്പനികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്.
2012 -13ല്‍ 217, 300 ടണ്ണായിരുന്നു വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് റബര്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ 2013 -14 ല്‍ ഇത് 324,464 ടണ്ണായി വര്‍ധിച്ചു. ഒരോ വര്‍ഷവും റബര്‍ ഇറക്കുമതിയിലുണ്ടാകുന്ന കുതിപ്പ് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശ വിപണയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ വില കുറയാനിടയാക്കുന്നത് എന്നതിനാല്‍ സാധാരണ കര്‍ഷകരെയാണ് ഇത് പ്രതികൂലമായി ബാധിക്കുക.
കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇറക്കുമതി നിര്‍ത്തി വെക്കുകയോ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയോ ചെയ്താല്‍ മാത്രമേ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ഇനി പ്രതീക്ഷയുള്ളു.