National
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു; പ്രതിമാസം എംപിക്ക് ലഭിക്കുക 2.8 ലക്ഷം രൂപ
ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായി ഉയരും.
പ്രതിമാസ ശമ്പളം 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായും നിയോക മണ്ഡലം അലവന്‍സ് 45000ല്‍ നിന്ന് 90,000 രൂപയായും സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ്, ഓഫീസ് അലവന്‍സ് 45000 രൂപയില്‍ നിന്ന് 90000 രൂപയായും ഉയര്‍ത്താനാണ് ശുപാര്‍ശ. എംപിമാരുടെ അടിസ്ഥാന പെന്‍ഷന്‍ 20,000 രൂപയില്‍ നിന്ന് 35,000 രൂപയായും ഉയര്‍ത്തും.
ശുപാര്‍ശ ധനമന്ത്രാലയം അംഗീകരിച്ചാല്‍ പാര്‍ലിമെന്റ് എംപിമാരുടെ ശമ്പളവും അലവന്‍സും പെന്‍ഷനും സംബന്ധിച്ച ഭേദഗതി ബില്‍ പരിഷ്‌കരിക്കും. മന്ത്രാലയം ശുപാര്‍ശ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. എംപിമാരുടെ കാര്‍, ഫര്‍ണിച്ചര്‍ അലവന്‍സ് ഉയര്‍ത്തണമെന്ന സമിതിയുടെ ശുപാര്‍ശ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു.