Connect with us

National

സഖ്യ സാധ്യത തള്ളാതെ യെച്ചൂരി

Published

|

Last Updated

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലുള്‍പ്പെടെ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത തള്ളാതെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ ഒരു ഘടകത്തിനും സ്വതന്ത്ര അധികാരമില്ലെന്നും ഇതു സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളെ കുറിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. പ്ലീനം കഴിഞ്ഞ ശേഷം തിരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് ആലോചിക്കും.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുത്തന്‍ രീതികള്‍ പരീക്ഷിക്കുമെന്നും യെച്ചൂരി പറഞ്ഞു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കണമെന്ന് സി പി എം മുന്‍ നേതാവ് സോമനാഥ് ചാറ്റര്‍ജി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്ലീനം ചര്‍ച്ച ചെയ്യില്ല. പാര്‍ട്ടി ശക്തിപ്പെടാതെ വര്‍ഗീയശക്തികളെ നേരിടാനാകില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് പ്രധാന ലക്ഷ്യം. കേരളത്തില്‍ അവശേഷിക്കുന്ന വിഭാഗീയതക്കെതിരെയും നടപടിയെടുക്കും. വിഭാഗീയത കുറച്ചതുപോലെ അത് ഇല്ലാതാക്കാനും നടപടി സ്വീകരിക്കും. വി എസ് അച്യുതാനന്ദനെ വേദിയിലിരുത്താന്‍ തീരുമാനിച്ചത് ബംഗാള്‍ കമ്മിറ്റിയാണെന്നും യെച്ചൂരി പറഞ്ഞു.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കണമെന്ന് സംസ്ഥാനത്തെ പല നേതാക്കളും ആവശ്യമുന്നയിച്ചിരുന്നു. തൃണമൂലിനെ ചെറുക്കുന്നതോടൊപ്പം ബി ജെ പിയെ പ്രതിരോധിക്കുകയും പാര്‍ട്ടിയുടെ നിലനില്‍പ്പ് ഭദ്രമാക്കുകയും ചെയ്യാന്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് സഹായിക്കുമെന്നാണ് ഇവരുടെ വാദം. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നത് ഉചിതമായിരക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
ബംഗാളില്‍ തനിച്ച് നില്‍ക്കാനുള്ള ശേഷി സി പി എമ്മിന് ഇല്ലെന്നിരിക്കെ തനിച്ച് മത്സരിച്ചാല്‍ സി പി എം രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പിന്തള്ളപ്പെടുന്നത് കാണാന്‍ താത്പര്യമില്ലെന്ന് സോമനാഥ് ചാറ്റര്‍ജി അഭിപ്രായപ്പെട്ടിരുന്നു. തൃണമൂലിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യമാകാമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
സി പി എമ്മിന്റെ പഴയ നേതൃത്വത്തെ വിമര്‍ശിച്ച അദ്ദേഹം എന്തു കൊണ്ട് തിരിച്ചടിയുണ്ടായെന്ന് അവര്‍ സ്വയം ചോദിക്കണമെന്നും ആവശ്യപ്പെട്ടു. യെച്ചൂരിയില്‍ പ്രതീക്ഷയുണ്ട്. അദ്ദേഹത്തിന് മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, പി ബിയിലെ യച്ചൂരിയുടെ ഭൂരിപക്ഷത്തില്‍ സോമനാഥ് ചാറ്റര്‍ജി സംശയം പ്രകടിപ്പിച്ചു.

Latest