Articles
മൈതാനത്ത് രാഷ്ട്രീയം 'കളി'ക്കുമ്പോള്‍
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സ്‌പോര്‍ട്‌സില്‍ എന്താണ് കാര്യം എന്നത് പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി ഡി സി എ)യുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ഇത്തരം ആലോചനകള്‍ക്ക് വീണ്ടും ജീവന്‍ വെപ്പിക്കുകയാണ്. കായികരംഗത്തേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ കടന്നുകയറ്റം സ്‌പോര്‍ട്‌സിന് വല്ല നേട്ടവുമുണ്ടാക്കുന്നുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകരെ കായികസംഘടനകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകം എന്തായിരുന്നാലും പ്രശസ്തിയായാലും പണമായാലും അത് പക്ഷേ, സ്‌പോര്‍ട്‌സിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്നതില്‍ രണ്ടഭിപ്രായമില്ല. ഈ കടന്നുകയറ്റം അവസാനിപ്പിക്കുക തന്നെയാണ് കായികരംഗത്ത് നിന്നും അഴിമതി തുടച്ചുമാറ്റാനുള്ള പ്രഥമ മാര്‍ഗം.
അരുണ്‍ ജെയ്റ്റ്‌ലിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചത് സ്വന്തം പാര്‍ട്ടിക്കാരനും എം പിയുമായ കീര്‍ത്തി ആസാദാണെന്നത് പ്രശ്‌നത്തിന്റെ വിശാലത വ്യക്തമാക്കുന്നതാണ്. ബി ജെ പിയിലെ ഗ്രൂപ്പ് വഴക്കാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന വാദത്തിന് ശക്തിനല്‍കിക്കൊണ്ടാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടികള്‍ക്കുള്ളിലെ ഗ്രൂപ്പ് വടംവലികള്‍ കായികസംഘടനകളെ തകര്‍ക്കുന്ന രീതിയിലേക്ക് വളരുകയോ, അല്ലെങ്കില്‍ കായികസംഘടനകളെ തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്യുന്നത് ഏതായാലും സ്‌പോര്‍ട്‌സിന് അഭികാമ്യമല്ല. ഡല്‍ഹി വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സിംഗ് അധ്യക്ഷനായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ജെയ്റ്റ്‌ലിയെ പരാമര്‍ശിക്കുന്നില്ലെങ്കില്‍ പോലും ഇത്തരം അഴിമതിക്കഥകള്‍ പുറത്തുവരുന്നതിലെ രാഷ്ട്രീയം ഒരിക്കലും കായികരംഗത്തിന് ഗുണകരമാകില്ല.
കായികരംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കും തിരിച്ചും പലരും കൂടുമാറുന്നുണ്ടെങ്കിലും ഒരിക്കലും ഒരു കളിക്കാരന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ തലപ്പത്ത് വരാറില്ല. അല്ലെങ്കില്‍ അതിന് അനുവദിക്കാറില്ല. അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് ഏതെങ്കിലും പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ ദേശീയപ്രസിഡന്റാകേണ്ടതായിരുന്നു. ഇന്ത്യയില്‍ സച്ചിനോളം അനുയായികളുള്ള മറ്റൊരു കായികതാരമില്ലല്ലോ. എന്നാല്‍ കായികത്തില്‍ രാഷ്ട്രീയം എല്ലാ സീമകളും ലംഘിച്ച് അധിനിവേശം സ്ഥാപിക്കുന്നു. ഈ കൂടുമാറ്റങ്ങളില്‍ രാഷ്ട്രീയനേട്ടങ്ങളുണ്ടാക്കുക എന്നതിനപ്പുറം കായികവികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ഒരു ചിന്ത എവിടെയുമില്ല. സര്‍ക്കാറുകളുടെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും സഹായം കായികസംരംഭങ്ങള്‍ക്ക് ആവശ്യമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഈ കടന്നുകയറ്റം അനുവദിക്കപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതികളില്‍ കൂടുതലും രാഷ്ട്രീയക്കാര്‍ ആണെന്നതും കൂടുതല്‍ വരുമാനമുള്ള കായികസംഘടന ബി സി സി ഐ ആണെന്നതുമാണ് ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ കായിക ഇനമായി ക്രിക്കറ്റ് മാറാന്‍ കാരണം. ബി സി സി ഐ ആണെങ്കിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളിലാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ. ഇന്ത്യന്‍ ഫുട്‌ബോളില്‍ അഴിമതിയുടെ വാര്‍ത്തകള്‍ ഇതുവരെ കേട്ടിട്ടില്ലെങ്കിലും ഐ എസ് എല്ലിന്റെ വരവ് അത്തരം ഒരു സ്ഥിതിവിശേഷം സംജാതമാക്കുമോ എന്ന് ആശങ്കപ്പെടുന്നവര്‍ ധാരാളമാണ്. ഐ എസ് എല്‍ രണ്ടാം സീസണ്‍ ഫൈനലില്‍ പരാജയപ്പെട്ട എഫ് സി ഗോവ നടത്തിയിരിക്കുന്ന “ഒത്തുകളി” ആരോപണം ഇതാണ് വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും എ ഐ എഫ് എഫിന് സാധിക്കാതെ പോയതാണ് യഥാര്‍ഥത്തില്‍ കോര്‍പറേറ്റ് ഭീമന്മാരായ റിലയന്‍സും നിതാ അംബാനിയും ചേര്‍ന്ന് സാധിച്ചെടുത്തത്. റിലയന്‍സിന് അവരുടേതായ കോര്‍പറേറ്റ് താത്പര്യങ്ങള്‍ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. ഈ കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കിടയില്‍ യഥാര്‍ഥ കായികസംസ്‌കാരം നഷ്ടപ്പെടാതിരിക്കാനാണ് കായികസംഘടനകളും അതിന്റെ തലപ്പത്തിരിക്കുന്നവരും ശ്രമിക്കേണ്ടത്.
ആഗോളതലത്തില്‍ തന്നെ രാഷ്ട്രീയപ്രശ്‌നങ്ങള്‍ കായികരംഗത്തെ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുന്നു എന്നതിന് എമ്പാടും തെളിവുകളുണ്ട്. ഫിഫ അഴിമതിയുമായി ബന്ധപ്പെട്ട് ഉള്ളറകളിലേക്ക് കടക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നമുക്ക് ധാരാളം കണ്ടെത്താന്‍ കഴിയും. 2018ലെ ലോകകപ്പ് റഷ്യക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രശ്‌നങ്ങളാണ് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരായ അഴിമതിക്കഥകള്‍ പുറത്തുവരാന്‍ കാരണം. ഇന്ന് ഏറ്റവും കൂടുതല്‍ സാമ്പത്തിക പിന്‍ബലമുള്ള കായിക സംഘടനകളിലൊന്നാണ് ഫിഫ (ഫെഡറേഷന്‍ ഇന്റര്‍നാഷനല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍). ഫിഫ പ്രസിഡന്റ്‌സെപ്ബ്ലാറ്ററും യുവേഫ (യൂനിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍) പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയും അഴിമതി കേസുകളെ തുടര്‍ന്ന് വിലക്ക് നേരിടുകയാണിന്ന്.
ക്രിക്കറ്റായാലും ഫുട്‌ബോളായാലും മറ്റു കായിക ഇനങ്ങളായാലും ഇതിന്റെയൊക്കെ തലപ്പത്ത് പലപ്പോഴും അവരോധിതരാകുന്നത് രാഷ്ട്രീയക്കാരാണെന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയക്കാരനായി എന്നത് സ്‌പോര്‍ട്‌സില്‍ അയോഗ്യതയൊന്നുമല്ലെങ്കിലും ജീവിതം മുഴുവന്‍ സ്‌പോര്‍ട്‌സിനായി ഉഴിഞ്ഞുവെച്ച എത്രയെങ്കിലും പേര്‍ ഉണ്ടായിരിക്കേയാണ്, ഇന്നേവരെ പന്തു തട്ടി നോക്കുകയോ, ബാറ്റ് വീശുകയോ ചെയ്യാത്തവന്‍ കായികസംഘടനകളുടെ തലപ്പത്ത് വരുന്നത്. ഭരിക്കുന്ന പാര്‍ട്ടിക്കാരനായി എന്ന യോഗ്യത കൊണ്ടുമാത്രം കായികസംഘടനകളുടെ തലപ്പത്തു വരുന്നത് അവസാനിപ്പിക്കേണ്ടത് തന്നെയാണ്. അതിനുപകരം കായികരംഗത്ത് കഴിവ് തെളിയിച്ചവരെ അത്തരം സംഘടനകളുടെ തലപ്പത്ത് കൊണ്ടുവരാനുള്ള നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, പ്രഫുല്‍ പട്ടേല്‍, സുരേഷ് കല്‍മാഡി, ലാലു പ്രസാദ് യാദവ്, യശ്വന്ത് സിന്‍ഹ, കെ പി സിംഗ്‌ദോ, ദിഗ്‌വിജയ് സിംഗ്, വിജയ്കുമാര്‍ മല്‍ഹോത്ര തുടങ്ങി രാഷ്ട്രീയക്കാരുടെ ഒരു നീണ്ടനിരയാണ് പലപ്പോഴായി ഇന്ത്യന്‍ ഫുട്‌ബോള്‍, ടെന്നീസ്, ഹോക്കി, ആര്‍ച്ചറി, ഷൂട്ടിംഗ്, റോവിംഗ് തുടങ്ങിയവയുടെയൊക്കെ തലപ്പത്തുണ്ടായിരുന്നത്. കഴിഞ്ഞ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്ന മണിശങ്കര്‍ അയ്യര്‍ മുന്നോട്ടു കൊണ്ടുവന്ന ദേശീയ സ്‌പോര്‍ട്‌സ് നയത്തിലെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം കായികസംഘടനകളെ രാഷ്ട്രീയക്കാരില്‍നിന്ന് മോചിപ്പിക്കണമെന്നതായിരുന്നു.
ഇന്ത്യയിലെ പ്രധാന കായികസംഘടനകളായ ബി സി സി ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)യും എ ഐ എഫ് എഫ് (ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍) പലപ്പോഴും ഭരിച്ചത് രാഷ്ട്രീയക്കാര്‍ മാത്രമാണ്. അതുപോലെ തന്നെ ഓരോ സംസ്ഥാനങ്ങളിലും കായികസംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ രാഷ്ട്രീയപ്രമുഖരാണ്. ബി സി സി ഐ പ്രസിഡന്റാകാന്‍ ശരത്പവാര്‍ മുതല്‍ ലാലുപ്രസാദ് യാദവ് വരെ പ്രയത്‌നിക്കുന്ന ഇക്കാലത്ത് അഴിമതി ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നിയമിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബി സി സി ഐ തലപ്പത്ത് രാഷ്ട്രീക്കാര്‍ക്ക് പകരം ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെ നിയമിക്കണമെന്നത്. ഈ നിര്‍ദേശം സ്വീകരിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെ അത് വലിയ ഗണഫലമുണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ ക്രിക്കറ്റ് ലോകത്ത് എന്നും ആവേശം വിതച്ച ഇന്ത്യ- പാക് പരമ്പരകള്‍ നടക്കാതെ പോകുന്നതും രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം മാത്രമാണ്. 2015 ഡിസംബര്‍ പകുതിക്കും ജനുവരി ആദ്യവാരത്തിലുമായി ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര ഉഭയകക്ഷി വേദിയായ ശ്രീലങ്കയില്‍ വെച്ച് നടത്താന്‍ ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് സംഘടനകള്‍ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറില്‍ നിന്നും അനുമതി ലഭിക്കാത്തതിനാല്‍ നടക്കാതെ പോകുകയാണുണ്ടായത്. ക്രിക്കറ്റിലൂടെയെങ്കിലും രണ്ട് രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഭിപ്രായഭിന്നതകള്‍ക്ക് ഒരു പരിധി വരെയെങ്കിലും അയവുവരുത്താന്‍ കഴിയുന്ന അവസരം നാം ഉപയോഗിക്കേണ്ടതല്ലേ? ഇത്തരം ധീരമായ നിലപാടുകള്‍ എടുത്ത് കായികരംഗം പോഷിപ്പിക്കുന്നതിനുപകരം സ്വാര്‍ഥതാത്പര്യങ്ങള്‍ക്ക് കായികസംഘടനകളെ ഉപയോഗിക്കുന്നവരെ കണ്ടെത്തി കായികരംഗം ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു.
കായിക സംഘാടനം എളുപ്പമുള്ള കാര്യമല്ല. ഉയര്‍ന്ന സംഘാടന മികവും ഭാവനയും പ്രായോഗികമതിത്വവുമൊക്കെ ആവശ്യമുള്ള മേഖലയാണ് അത്. സാമ്പത്തിക അച്ചടക്കവും അനിവാര്യമാണ്. കായിക സംഘടനകളുടെ നേതൃത്വം കൈയാളുകയെന്നത് കളിയല്ലെന്ന് ചുരുക്കം. ക്രിക്കറ്റ് പോലുള്ള കോടികള്‍ മറിയുന്ന നക്ഷത്ര ഇനങ്ങളാകുമ്പോള്‍ ഈ ഉത്തരവാദിത്വം കുറേക്കൂടി ഉയരും. രാഷ്ട്രീയ നേതാക്കള്‍ക്ക് കായിക മേഖലയില്‍ ഒരു കാഴ്ചപ്പാടും ഇല്ലാതെ വരികയും അതിന്റെ പണപരവും വാണിജ്യപരവുമായ തലത്തില്‍ മാത്രം അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് അവരുടെ “സേവനം” അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അഴുക്കുചാലുകളിലേക്ക് നീങ്ങുന്നത്. അപ്പോഴാണ് പാര്‍ട്ടിക്കകത്തുള്ള ഗ്രൂപ്പിസവും പ്രത്യയ ശാസ്ത്ര പിടിവാശികളുമെല്ലാം കായിക രംഗത്തിന്റെ സ്വച്ഛന്ദമായ പുരോഗമനത്തെ തടസ്സപ്പെടുത്തുന്നത്. ഇവിടെ കായിക രംഗത്ത് താത്പര്യവും അനുഭവവും ഉള്ളവര്‍ സംഘാടന മികവ് ആര്‍ജിക്കണം. മനുഷ്യ വിഭവശേഷിയാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്തെ കായിക രംഗത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ സാമ്പത്തിക താത്പര്യത്തിനപ്പുറത്തേക്ക് ചിന്തിക്കാന്‍ തയ്യാറുള്ള, സംശുദ്ധമായ കായിക സംസ്‌കാരമുള്ള, സ്‌പോര്‍ട്‌സിനെ അതിയായി സ്‌നേഹിക്കുന്ന മനുഷ്യര്‍ കായിക സംഘടനകളുടെ തലപ്പത്ത് വരണം.