Articles
സ്വീകരിക്കേണ്ടിയിരുന്നോ മോഹന്‍ ഭഗവതിന്റെ ആ ക്ഷണം?
ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് കേരളം സന്ദര്‍ശിക്കുന്നു. കൂട്ടത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഏതാനും മാധ്യമനിരീക്ഷകരെ സംവാദത്തിനായി ക്ഷണിക്കുന്നു. ചിലര്‍ ആ ക്ഷണം സ്വീകരിക്കുന്നു, വേറെ ചിലര്‍ അത് തിരസ്‌കരിക്കുന്നു.
ഈ സമ്പര്‍ക്ക സംവാദയത്‌നം ആര്‍ എസ് എസ് ജനാധിപത്യപരമാണെന്നതിന് തെളിവാണെന്ന് ബി ജെ പി വക്താക്കള്‍ അവകാശപ്പെടുന്നു. പക്ഷേ, ബി ജെ പി എന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആരായിരിക്കണം എന്ന് തീരുമാനിക്കാന്‍ ബി ജെ പി അംഗങ്ങള്‍ക്കുള്ള അവകാശവും അധികാരവും പോലും തൃണവത്ഗണിച്ച് ഒരു ആര്‍ എസ് എസ് പ്രചാരകനായ കുമ്മനം രാജശേഖരനെ ബി ജെ പി അധ്യക്ഷനാക്കി കെട്ടിയിറക്കിയ ആര്‍ എസ് എസ് നടപടി എത്രത്തോളം ജനാധിപത്യപരമാണ്? ഈ വലിയ ചോദ്യത്തിന് മറുപടി പറയാതെ നാല് ചാനല്‍ ചര്‍ച്ചക്കാരെ വിളിച്ചു വര്‍ത്തമാനം പറയുന്നതിന് തയ്യാറായ നടപടിയെ മുന്‍നിര്‍ത്തി മാത്രം ആര്‍ എസ് എസ് ജനാധിപത്യപരമാണെന്ന് പറയുന്ന ബി ജെ പി വക്താക്കളുടെ ജനാധിപത്യബോധം സഹതാപം മാത്രമേ അര്‍ഹിക്കുന്നുള്ളൂ. പിണറായി വിജയനോ വി എം സുധീരനോ ക്രൈസ്തവ മത മേലധ്യക്ഷന്മാരെയോ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ പോലുള്ള മുസ്‌ലിം പണ്ഡിതന്മാരെയോ സന്ദര്‍ശിച്ചാല്‍, അതൊക്കെ ന്യൂനപക്ഷ മതപ്രീണനമാണെന്ന് ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബി ജെ പിക്കാര്‍, അവരുടെ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖന്‍ ബിഷപ്പിനെ കണ്ട് കാല്‍ തൊട്ട് വന്ദിച്ചത് സജ്ജനമര്യാദയാണെന്ന് കൊട്ടിഘോഷിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. ജനത്തിന് കാര്യം മനസ്സിലാകുന്നുമുണ്ട്. അമൃതാനന്ദമയിയുടെ കാല്‍ തൊട്ട് വന്ദിച്ചാല്‍ ഉണ്ടാകുന്നതിനേക്കാള്‍ രാഷ്ട്രീയ നേട്ടം ഏതെങ്കിലും ബിഷപ്പിനെ വന്ദിച്ചാല്‍ ഒരുപക്ഷേ ബി ജെ പിക്ക് ഉണ്ടായേക്കാം എന്ന ചിന്ത തന്നെയാണ് കുമ്മനത്തേയും ബിഷപ്പിന്റെ അരമനയിലേക്ക് എത്തിച്ചത്. ഇതൊക്കെ ചേര്‍ത്തുവെച്ച് വേണം ആര്‍ എസ് എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് ചാനല്‍ ചര്‍ച്ചക്കാരെ മാത്രം തിരഞ്ഞുപിടിച്ച് ചര്‍ച്ചക്ക് ക്ഷണിച്ചതിലെ രാഷ്ട്രീയ ഒളിയജന്‍ഡകള്‍ പരിശോധിക്കാന്‍.
നരേന്ദ്ര മോദി എന്ന ആര്‍ എസ് എസ് പ്രചാരകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായതിന് ശേഷം രാജ്യത്തുടനീളം അരങ്ങേറിയ ജനാധിപത്യധ്വംസന നടപടികള്‍ക്കെതിരെ നൂറുകണക്കിന് സാഹിത്യകാരന്മാരും കാലാകാരന്മാരും അവര്‍ക്ക് ലഭിച്ച ബഹുമതികള്‍ തിരിച്ചുനല്‍കി പ്രതിഷേധിച്ച സാഹചര്യത്തിലാണ് മോഹന്‍ഭാഗവതിന്റെ സംവാദക്ഷണം തിരഞ്ഞെടുത്ത ഏതാനും ചാനല്‍ ചര്‍ച്ചക്കാരായ വക്കീലന്മാര്‍ക്ക് ലഭിക്കുന്നത്. ഈ ക്ഷണത്തെ തിരസ്‌കരിക്കുന്നതാണ് ഇന്ത്യന്‍ സാഹിത്യ കലാ പ്രതിഭകളുടെ ജനാധിപത്യ പോരാട്ടത്തിനോട് ഐക്യദാര്‍ഢ്യം പുലര്‍ത്തിക്കൊണ്ട് സ്വീകരിക്കാവുന്ന നല്ല നിലപാട്. ഇത്തരമൊരു നിലപാട് അഡ്വ. കാളീശ്വരം രാജ് മാത്രമേ സ്വീകരിച്ചുള്ളൂ. മറ്റുള്ളവര്‍ക്കെന്തുകൊണ്ട് അത്തരമൊരു നിലപാടെടുക്കാനുള്ള ആര്‍ജവം ഇല്ലാതെ പോയി എന്ന ചോദ്യം ഇനിമേല്‍ അവരെ കേള്‍ക്കുകയും വായിക്കുകയും ചെയ്യേണ്ടിവരുമ്പോഴെല്ലാം കേരളീയരായ പ്രബുദ്ധ പൗരന്മാരില്‍ ഉണ്ടാകും.
ആര്‍ എസ് എസിനോടുള്ള വിയോജിപ്പുകള്‍ നേരില്‍ രേഖപ്പെടുത്താന്‍ വേണ്ടിയാണ് ആര്‍ എസ് എസ് മേധാവിയുടെ സംവാദ ക്ഷണം ഉപയോഗപ്പെടുത്തുക എന്നാണ് അഡ്വ. ശിവന്‍ മഠത്തില്‍ പറയുന്നത്. അതിന് ആര്‍ എസ് എസ് മേധാവിയെ കാണേണ്ട ആവശ്യമുണ്ടോ? ഇസിലിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ അബൂബക്കര്‍ ബഗ്ദാദിയെ നേരിട്ട് കാണേണ്ടതില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ യു എസ് പ്രസിഡന്റിനെ കാണേണ്ട കാര്യമെന്താണ്? എല്ലാവരും കാണുകയും വായിക്കുകയുമൊക്കെ ചെയ്യുന്ന പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ഒക്കെ എഴുതുകയും പറയുകയും ചെയ്താല്‍ മതി. “അടഞ്ഞ വാതില്‍ ചര്‍ച്ചകള്‍” വേണ്ടതില്ല എന്ന് ചുരുക്കം.
എന്തായാലും ആര്‍ എസ് എസ് മേധാവിയും കേരളത്തിലെ സംഘ്പരിവാര്‍ നേതാക്കളുമൊക്കെ പത്രങ്ങളും ചാനലുകളും ഒന്നും ശ്രദ്ധിക്കാത്ത ആളുകളാകില്ല. അതുകൊണ്ട് തന്നെ അവര്‍ക്കറിയാം ആരൊക്കെ തങ്ങളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്തുവരുന്നുണ്ടെന്നും. അഡ്വ. ശിവന്‍ മഠത്തിലിനെ പോലുള്ളവര്‍, ആര്‍ എസ് എസ് നിലപാടുകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നവരായതിനാലാണോ അതോ ആര്‍ എസ് എസുകാര്‍ ശത്രുക്കളായി കാണുന്നവരെ വിമര്‍ശിക്കുന്നവരായതിനാലാണോ ആര്‍ എസ് എസ് മേധാവിയാല്‍ ക്ഷണിക്കപ്പെട്ടതെന്ന് ആത്മപരിശോധന നടത്തുന്നത് കൊള്ളാം. ആര്‍ എസ് എസിന് തെല്ലു സഹായകരവും ശക്തമായ പ്രതിരോധം ഉണ്ടാക്കാത്തതുമായ അഴകൊഴമ്പന്‍ നിലപാടുകള്‍ “നിക്ഷ്പക്ഷ”നാട്യത്തോടുകൂടിയ ഇടതുപക്ഷ വിരുദ്ധതയോടെ പുലര്‍ത്തിവരുന്നവരെയാണ് ആര്‍ എസ് എസ് മേധാവി കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. ഇത് തിരിച്ചറിഞ്ഞതിനാലാണ് അഡ്വ. കാളീശ്വരം രാജ് “ഞാന്‍ നിങ്ങള്‍ കരുതുന്ന പോലെ നിലപാട് ഇല്ലാത്തവനല്ല” എന്ന് വ്യക്തമാക്കിക്കൊണ്ട് ആര്‍ എസ് എസ് മേധാവിയുടെ ക്ഷണം തിരസ്‌കരിച്ചത്. ഇങ്ങനെ ചെയ്യാന്‍ അഡ്വ. ശിവന്‍ മഠത്തിലിനെ പോലുള്ളവര്‍ക്ക് കഴിയാതെ പോയത് “മൃദുഹിന്ദുത്വ” നിലപാടുകൊണ്ടാണെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റം പറയരുത്.