National
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കോ അനുഭാവികള്‍ക്കോ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്ലീനത്തിലെ പൊതു ചര്‍ച്ചക്ക് മറുപടി പറയവേയാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.
ബിജെപി സര്‍ക്കാരിന്റെ ഭരണം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെപ്പോലും ലംഘിച്ചാണ്. വര്‍ഗീയതയെ നേരിടാന്‍ പ്ലീനം ശക്തി നല്‍കും. പാര്‍ട്ടിക്ക് പല വെല്ലിളികളുണ്ടെങ്കിലും അതൊക്കെ പുതിയ അവസരങ്ങളാണ്. കേരളം, ബംഗാള്‍ തെരഞ്ഞെടുപ്പുകളില്‍ ശക്തമായ ബദല്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്ലീനം സഹായിക്കും. ജനകീയാടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി സിപിഎം മാറുന്നതിനാണ് പ്ലീനം തുടക്കം കുറിച്ചിരിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സംഘടനാ റിപ്പോര്‍ട്ടിനും പ്രമേയത്തിനും പ്ലീനം അംഗീകാരം നല്‍കി. പൊതുചര്‍ച്ചയില്‍ നിര്‍ദേശിച്ച ചില ഭേദഗതികളും പ്ലീനം അംഗീകരിച്ചു.