International
തോക്കിന്റെ അനിയന്ത്രിത ഉപയോഗം അവസാനിപ്പിക്കും: ഒബാമ
വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ, അമേരിക്കയിലെ തോക്ക് സംസ്‌കാരത്തിന് കടിഞ്ഞാണിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബരാക് ഒബാമ. ആഴ്ച തോറുമുള്ള തന്റെ റേഡിയോ പ്രഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ ലോറെട്ട ലിന്‍ജിന് എന്ത് നീക്കമാണ് നടത്താന്‍ കഴിയുക എന്നറിയാന്‍ വേണ്ടി നാളെ അദ്ദേഹത്തെ കാണുമെന്ന് ഒബാമ അറിയിച്ചു. നിയന്ത്രണമില്ലാത്ത തോക്ക് സംസ്‌കാരം മൂലം അമേരിക്കയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുകയാണ് പുതിയ വര്‍ഷത്തെ തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
2012ല്‍ സാന്‍ഡി ഹുക്ക് എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ട സംഭവം അദ്ദേഹം ഓര്‍മിപ്പിച്ചു.
ന്യൂടൗണിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പ് കഴിഞ്ഞ് മൂന്ന് വര്‍ഷമായി. ടസ്‌കോണില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ എന്റെ സുഹൃത്തും കോണ്‍ഗ്രസ് അംഗവുമായ ഗാബി ഗിഫര്‍ഡിന് പരുക്കേറ്റ് അഞ്ച് വര്‍ഷമാകുന്നു. ഇങ്ങനെ അമേരിക്കയിലുടനീളം തോക്കിനിരയായവരും മക്കള്‍ നഷ്ടപ്പെട്ടവരും മാതാപിതാക്കള്‍ നഷ്ടമായവരും നിരവധിയാണ്. അങ്ങനെ നോക്കുമ്പോള്‍ ഓരോ ദിവസവും തോക്കിനിരയായവരെ കുറിച്ച് അനുസ്മരിക്കേണ്ടിവരുന്നു. എല്ലാ അക്രമങ്ങളും അവസാനിപ്പിക്കാന്‍ നമുക്കാകില്ല. പക്ഷേ ഏതെങ്കിലും ഒരു അക്രമമെങ്കിലും അവസാനിപ്പിക്കാന്‍ നാമെന്ത് കൊണ്ട് ശ്രമിക്കുന്നില്ല? തോക്ക് മൂലമുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എനിക്കെന്ത് നടപടികള്‍ സ്വീകരിക്കാനാകുമെന്ന് അന്വേഷിച്ചു കണ്ടെത്താന്‍ വൈറ്റ് ഹൗസിലെ ഉദ്യോസ്ഥരെ ഞാന്‍ ചുമതലപ്പെടുത്തിയിരുന്നു- ഒബാമ പറഞ്ഞു.
തോക്കിന് നിയന്ത്രണം വരുത്തുന്ന വിഷയം വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ട്. അതോടൊപ്പം പ്രസിഡന്റ് പദവി അവസാനിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്റെ എക്‌സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് തോക്ക് നിയന്ത്രണത്തിനുള്ള പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ ഒബാമ മുന്നോട്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ലൈസന്‍സില്ലാത്ത തോക്ക് ഡീലര്‍മാര്‍ക്ക് ലൈസന്‍സ് നടപ്പാക്കുക, തോക്ക് വാങ്ങാനെത്തുന്നവരുടെ പശ്ചാത്തലം അറിയാന്‍ അന്വേഷണം നടത്തുക തുടങ്ങിയ ചില നിയമങ്ങള്‍ അദ്ദേഹം നടപ്പാക്കുമെന്നാണ് സൂചന.
കൊളറാഡോയില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ കുടുംബാസൂത്രണ കേന്ദ്രത്തില്‍ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന് ശേഷം തോക്ക് നിയന്ത്രണത്തിന് വേണ്ടി ഒബാമ ശക്തമായി രംഗത്തെത്തിയിരുന്നു.
അമേരിക്കയിലെ തോക്ക് ഉപയോഗത്തെ കുറിച്ച് അമേരിക്കക്കാര്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. ചിലര്‍ അതിന്റെ ഗുണങ്ങള്‍ എടുത്തുകാണിക്കുമ്പോള്‍ മറ്റു ചിലര്‍ അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളെ ചൂണ്ടിക്കാട്ടി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നു.