Malappuram
കലോത്സവ മാന്വല്‍ പരിഷ്‌കരിക്കും: മന്ത്രി പി കെ അബ്ദുര്‍റബ്ബ്

അരീക്കോട്: 28-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചാലിയാറിന്റെ തീരത്ത് മണിച്ചെപ്പ് തുറന്നു. അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അഞ്ചു ദിനം നീണ്ടു നില്‍ക്കുന്ന കലോത്സവം ഉദ്ഘാടനം ചെയ്തു.
പ്രതിഭകളെ കണ്ടെത്തി ഉയര്‍ന്ന മത്സരങ്ങള്‍ക്ക് സജ്ജമാക്കുകയാണ് കലോത്സവത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ആഴ്ചയില്‍ ഒരു ദിവസം ഒരു പിരീയഡ് പ്രതിഭകളെ കണ്ടെത്താന്‍ കലാ കായിക സാഹിത്യ മത്സരങ്ങള്‍ക്ക് പരിശീലനം നല്‍കും. ടൈം ടേബിളില്‍ ഇതിനു മാറ്റം വരുത്തും. ഈ മാസം 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയിക്കുന്നവര്‍ക്ക് അംഗീകാരവും ഗ്രേസ് മാര്‍ക്കും നല്‍കും. സ്‌കൂള്‍ കലോത്സവം കുട്ടികളുടെ മത്സരമാണെന്നും അത് രക്ഷിതാക്കളുടെ മത്സരമാകുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മത്സര രംഗത്ത് അനഭിലഷണീയമായ പ്രവണതകള്‍ വര്‍ധിച്ചു വരുന്നു. റിസള്‍ട്ടുകള്‍ പലതും കോടതി കയറുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. ഈ വര്‍ഷം എറണാകുളത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
കലോത്സവങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കും. ഇത്തരം വിഷയങ്ങള്‍ ഇല്ലാതാക്കുന്നതിന് അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പി കെ ബശീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, കേരള ഓട്ടോമൊബൈല്‍സ് ചെയര്‍മാന്‍ പി വി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി സുധാകരന്‍, പി വി മനാഫ്, ടി പി അശ്‌റഫലി, ഇസ്മായില്‍ മൂത്തേടം, രോഹില്‍നാഥ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പാഴത്തിങ്ങല്‍ മുനീറ, ബാലത്തില്‍ ബാപ്പു, പി കെ കമ്മദ്കുട്ടി ഹാജി, സി എച്ച് സൈനബ, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി സഫറുല്ല, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാനരചയിതാവ് ഇ കെ എം പന്നൂര്‍ രചിച്ച് കെ വി അബൂട്ടി സംഗീത സംവിധാനം ചെയ്ത സ്വാഗത ഗാനത്തോടെയാണ് അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന വേദിയില്‍ പരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന് വേദി ഒന്നില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടെ കഥകളി മത്സരവും നടന്നു.