Connect with us

International

കാന്തപുരം ന്യൂസിലാന്റില്‍; സൗത്ത് പെസിഫിക് യാത്രക്ക് മികച്ച പ്രതികരണം

Published

|

Last Updated

ന്യൂസിലാന്റിലെ സാമാ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ദേശീയ മീലാദ് സമ്മേളനത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി മീലാദ് സന്ദേശപ്രഭാഷണം നടത്തുന്നു.

ന്യൂസിലാന്റിലെ സാമാ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ദേശീയ മീലാദ് സമ്മേളനത്തില്‍ മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി മീലാദ് സന്ദേശപ്രഭാഷണം നടത്തുന്നു.

വെല്ലിംഗ്ടണ്‍(ന്യൂസിലാന്റ്): മര്‍കസ് നടത്തി വരുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ പെസിഫിക് രാഷ്ട്രങ്ങളില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നയിക്കുന്ന യാത്രക്ക് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 28ന് ആരംഭിച്ച യാത്ര ആസ്‌ത്രേലിയ, ഫിജി എന്നീ രാജ്യങ്ങള്‍ പിന്നിട്ട് ന്യൂസിലാന്റിലെത്തി.

ഓക്‌ലാന്റിലെ സാമാ മസ്ജിദില്‍ നടന്ന ദേശീയ മീലാദ് സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂസിലാന്റിലെ ഏറ്റവും വലിയ പള്ളിയാണ് സാമാ മസ്ജിദ്. സൗത്ത് ഓക്്‌ലാന്റ് മുസ്്‌ലിം അസോസിയേഷന്‍ സംഘടിപ്പിച്ച ദേശീയ മീലാദ് സമ്മേളനത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ചടങ്ങില്‍ സൗത്ത് ഓക്്‌ലാന്റ് മുസ്്‌ലിം അസോസിയേഷന്‍ പുരസ്‌കാരം കാന്തപുരത്തിന് കൈമാറി. മര്‍കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ഹകീം അസ്ഹരി മീലാദ് സന്ദേശ പ്രഭാഷണം നടത്തി.

ഹാമില്‍ട്ടണ്‍ നഗരത്തിലെ പ്രഥമ മസ്‌ജിദിന്‌ കാന്തപുരം ഉസ്‌താദ്‌ തറക്കല്ലിടുന്നു

ഹാമില്‍ട്ടണ്‍ നഗരത്തിലെ പ്രഥമ മസ്‌ജിദിന്‌ കാന്തപുരം ഉസ്‌താദ്‌ തറക്കല്ലിടുന്നു

ആസ്‌ത്രേലിയയിലെ ബ്രിസ്ബന്‍, ഫിജിയിലെ ലൗടോക എന്നിവിടങ്ങളിലെ വിവിധ പൊതുപരിപാടികളില്‍ കാന്തപുരം പ്രസംഗിച്ചു. വിവിധ മുസ്്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണ സംഗമങ്ങളിലും കാന്തപുരം സംബന്ധിച്ചു. യാത്രയിലുടനീളം മസ്ജിദ് നിര്‍മാണം, മദ്രസ, സ്‌കൂള്‍ നിര്‍മാണം, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ കമ്മിറ്റി ഭാരവാഹികളാണ് കാന്തപുരത്തെ സമീപിച്ചത്. ഫിജിയിലെ ഏറ്റവും വലിയ മുസ്്‌ലിം സംഘടനയായ മഊനത്തുല്‍ ഇസ്്‌ലാം അസോസിയേഷന്‍ മര്‍കസുമായി ഉണ്ടാക്കിയ അക്കാദമിക ധാരണയില്‍ ഒപ്പുവെച്ചു.

തിങ്കളാഴ്ച രാവിലെ ന്യൂസിലാന്റ് തലസ്ഥാനമായ വെല്ലിംഗ്ടണ്ണിലേക്ക് കാന്തപുരം യാത്ര തിരിച്ചു. വെല്ലിംഗ്ടണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്‍കിയ ഊഷ്മള സ്വീകരണത്തില്‍ പൗരപ്രമുഖരും പണ്ഡിതരും സംബന്ധിച്ചു. ചൊവ്വാഴ്ച രാവിലെ വെല്ലിംഗ്ടണ്‍ ഇസ്്‌ലാമിക് അസോസിയേഷന്‍ ഓക്‌സ്ഫഡ് സ്ട്രീറ്റിലെ താവാ ഇസ്്‌ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തിലും കാന്തപുരം പ്രസംഗിക്കും.

വെസ്റ്റ് ഹാമില്‍ട്ടണ്‍ നഗരത്തിലെ
പ്രഥമ മസ്ജിദിന് കാന്തപുരം തറക്കല്ലിട്ടു

ഹാമില്‍ട്ടണ്‍(ന്യൂസിലാന്റ്): ന്യൂസിലാന്റിലെ ഹാമില്‍ട്ടണ്‍ നഗരത്തിലെ വിശ്വാസികള്‍ക്ക് സാന്ത്വനമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാരുടെ സന്ദര്‍ശനം. ഹാമില്‍ട്ടണ്‍ നഗരത്തിലെ ബാന്റണ്‍ സ്ട്രീറ്റില്‍ പണിയുന്ന വെസ്റ്റ് ഗ്രാന്റ് മസ്ജിദിന് കാന്തപുരം തറക്കല്ലിട്ടു. ഇരുനൂറിലധികം മുസ്്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന പടിഞ്ഞാറന്‍ ഹാമില്‍ടണിലെ പ്രഥമ മസ്ജിദിനാണ് കാന്തപുരം തറക്കല്ലിട്ടത്. മുസ്്‌ലിം അസോസിയേഷന്‍ ഓഫ് ഹാമില്‍ട്ടണ്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെസ്റ്റ് ഹാമില്‍ട്ടണിലെ പൗരപ്രമുഖര്‍ സംബന്ധിച്ചു.
ഈ പ്രദേശത്ത് ഈസ്റ്റ് ഹാമില്‍ട്ടണിലാണ് നിലവില്‍ ഒരു മസ്ജിദിലുള്ളത്. 1850ലാണ് ന്യൂസിലാന്റില്‍ ആദ്യമായി ഇസ്്‌ലാം എത്തിയത്. ക്രിസ്റ്റ് ചര്‍ച്ചിലെ കാഷ്മിയറില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യയില്‍ നിന്നുള്ള വിശ്വാസികളാണ് ദ്വീപ് രാഷ്ട്രത്തില്‍ ഇസ്്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. 1950ല്‍ ഓക്്‌ലാന്റില്‍ സ്ഥാപിതമായ ന്യൂസിലാന്റ് മുസ്്‌ലിം അസോസിയേഷന്‍, 1979ല്‍ നിലവില്‍വന്ന ഫെഡറേഷന്‍ ഓഫ് ഇസ്്‌ലാമിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ് എന്നീ മുസ്്‌ലിം സംഘടനകളാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പിലുള്ളത്.