Connect with us

Articles

വേലി വിള തിന്നുന്നത് തടയാന്‍

Published

|

Last Updated

പരാതികള്‍ ബോധിപ്പിക്കാനോ സങ്കടം നിവര്‍ത്തിക്കാനോ സ്ത്രീകള്‍ പോലീസ് സ്‌റ്റേഷനുകളെയും പോലീസുദ്യോഗസ്ഥരെയും സമീപിക്കുന്നത് ഒറ്റക്കാവുന്ന സാഹചര്യം തീര്‍ത്തും ഒഴിവാക്കേണ്ടതുണ്ട്. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ എത്തിയ മണിമല സ്വദേശിയായ വീട്ടമ്മയുടെ ആരോപണം കോലാഹലം ഉണ്ടാക്കിയ സാഹചര്യത്തില്‍ ഇത്തരം കരുതലുകള്‍ ഗുണകരമാകും. കേസ് സംബന്ധമായി ചിലത് സംസാരിക്കാനുണ്ടെന്നു പറഞ്ഞു സ്റ്റേഷനിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വീട്ടമ്മയെ പോലീസ് ഹെഡ് കോര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കുയും അവിടെ വെച്ചു പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉന്നത പോലീസുദ്യോഗസ്ഥര്‍ വീട്ടമ്മയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസ്തുത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, പീഡനം നടന്നിട്ടില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടത്രേ. ഈ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഏതായാലും നമ്മുടെ പോലീസ് സേനക്ക് വന്നുചേര്‍ന്ന മാനിഹാനി മായ്ച്ചു കളയാന്‍ ഇതൊന്നും പര്യാപ്തമല്ലാതെ വന്നിരിക്കുന്നു. നമ്മുടെ നാട്ടിലെ സ്ത്രീ സുരക്ഷയെക്കുറിച്ചു ഉയര്‍ന്ന ആശങ്കയെ സംഭവം ബലപ്പെടുത്തുകയും ചെയ്യുന്നു.
ജനസേവകരാണ് പോലീസുദ്യോഗസ്ഥര്‍. അക്രമികളില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും സാമൂഹിക ദ്രോഹികളില്‍ ജനങ്ങളെ രക്ഷിക്കുകയും ഇത്തരം പരാതികളുമായി ആരെങ്കിലും എത്തുന്നവരെ സമാധാനിപ്പിക്കുകയും കേസ് എത്രയും പെട്ടെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കാമെന്നുണര്‍ത്തി അവരെ സമാധാനിപ്പിക്കുകയുമാണ് അവര്‍ ചെയ്യേണ്ടത്. അത്തരമൊരു സമീപനമാണ് ജനങ്ങളും സര്‍ക്കാറും അവരില്‍ നിന്ന് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. “മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍” എന്ന് അര്‍ഥമാക്കുന്ന “മൃദു ഭാവെ, ദൃഢ കൃത്യെ” എന്ന സംസ്‌കൃത വാക്യമാണ് പോലീസ് സേനയുടെ ആപ്തവാക്യം. ഡി ജി പി സെന്‍കുമാര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് അടുത്തിടെ അയച്ച സര്‍ക്കുലറില്‍ ജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മാന്യമായിരിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തിയിരുന്നതാണ്. ജനങ്ങളും പൊലീസുമായുള്ള അകലം കുറക്കുമെന്നും ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസായി കേരളത്തിലെ പോലീസ് സേനയെ മാറ്റുമെന്നും പലപ്പോഴായി ആഭ്യന്തര വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പഴയ ഓടക്കുഴലിന്റെയും നായവാലിന്റെയും ഉപമയെ ഓര്‍മിപ്പിക്കുകയാണ് ഈ വിഭാഗത്തെ നന്നാക്കാനുള്ള ശ്രമങ്ങളെന്നാണ് പലപ്പോഴായി പുറത്തുവന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
നേരത്തെയുള്ള അവസ്ഥക്ക് സ്വല്‍പ്പം മാറ്റമുണ്ടെങ്കിലും സംസാരത്തിലോ പെരുമാറ്റത്തിലോ മാന്യത കാണിക്കുന്നവര്‍ ഇപ്പോഴും ഇവര്‍ക്കിടയില്‍ തുലോം കുറവാണ്. എടാ പോടാ വിളിയുടെ അകമ്പടിയോട തികഞ്ഞ ഗൗരവത്തില്‍ സംസാരിക്കുകയും തെറിവിളിക്കുകയും ചെയ്തില്ലെങ്കില്‍ പിന്നെന്ത് പോലീസ് എന്ന് ചിന്തിക്കുന്നവരാണ് പലരും.
പരാതിയുമായി തങ്ങളെ സമീപിക്കുന്ന സ്ത്രീകളെ അമ്മയുടെയോ മകളുടെയോ സഹോദരിയുടെയോ സ്ഥാനത്താണ് ഉദ്യോഗസ്ഥര്‍ കാണേണ്ടത്. എന്നാല്‍ പലരും വേറൊരു ചിന്തയോടെയാണ് ഇവരെ വീക്ഷിക്കുന്നത്. അശ്ലീലച്ചുവയോടെയായിരിക്കും അവരോടുള്ള സംസാരം. രണ്ട് വര്‍ഷം മുമ്പ് മാവോ വാദികളെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മാവേലിക്കര സ്‌റ്റേഷനില്‍ വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച് മാനസികമായി പീഡിപ്പിച്ച സംഭവം വിവാദമായതാണ്. കൂടെയുള്ളവരുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ, കന്യാചര്‍മം പൊട്ടിയിട്ടുണ്ടോ എന്നൊക്കെയായിരുന്നു ഏഴംഗ സംഘത്തില്‍ ഉള്‍പ്പെട്ട ഈ പെണ്‍കുട്ടികളോട് നേടിട്ട് ഉദ്യോഗസ്ഥന് ചോദിക്കാനുണ്ടായിരുന്നത്. വിവാഹിതനും കോളജ് വിദ്യാര്‍ഥികളുടെ പിതാവുമായിരുന്ന പ്രസ്തുത ഉദ്യോഗസ്ഥന്‍ പിന്നീട് ഈ വിവരം മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് അപമാന ഭാരത്താല്‍ ആത്മഹത്യ ചെയ്യുകയുണ്ടായി.
ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ ജനമൈത്രി പൊലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ പോലും സ്ത്രീകളോട് പലപ്പോഴും മോശമായി പെരുമാറുന്നതായി കണ്ടെത്തിയിരുന്നു. “ടിസ് മുംബൈ” കേരള പൊലീസിന് സമര്‍പ്പിച്ച ജനമൈത്രി ഇവാല്യുവേഷന്‍ റിപ്പോര്‍ട്ടിലാണ് പോലീസ് ഉദ്യോഗസ്ഥരുടെ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെ കുറിച്ച് പരാമര്‍ശമുള്ളത്. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചു വരികയാണെങ്കിലും ഇത് സംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ ഭയക്കുകയാണെന്ന് രണ്ട് വര്‍ഷം മുമ്പ് ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നടത്തിയ പ്രസ്താവനയാണിവിടെ ഓര്‍മയിലെത്തുന്നത്. സ്റ്റേഷനില്‍ ചെന്നാലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നര്‍ഥം.
സ്ത്രീ പീഡനം, പെണ്‍വാണിഭം തുടങ്ങിയ വിഷയങ്ങള്‍ നേരായ വഴിയില്‍ പോയാല്‍ തന്നെ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളും ഒരുപാട് പ്രതിസന്ധികള്‍ മുന്നിലുണ്ട്. മൊഴിയെടുക്കലും വിചാരണയും കോടതി നടപടികളും എല്ലാം ഇരയുടെ ആത്മാഭിമാനത്തെ വല്ലാതെ വൃണപ്പെടുത്തുന്നതായിരിക്കും. തുടര്‍നടപടികളായിരുന്നു കേസിനാസ്പദമായ സംഭവത്തേക്കാള്‍ ഭീകരം എന്ന് തുറന്നു പറഞ്ഞ എത്രയോ പെണ്‍കുട്ടികളുണ്ട്. ഈ സാഹചര്യത്തിലാണ് നിയമപാലകരെക്കുറിച്ചുള്ള ഇത്തരം ആരോപണങ്ങള്‍.
രണ്ട് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗം ദേശീയ തലത്തില്‍ തന്നെ ഏറെ ഒച്ചപ്പാടുണ്ടാക്കിയതും പല നിയമനിര്‍മാണങ്ങക്കും ഹേതുകമായതുമാണ്. സ്ത്രീ പീഡനത്തിന് കുപ്രസിദ്ധമായ ഡല്‍ഹിയില്‍ അര്‍ധ രാത്രി സഞ്ചരിച്ച യുവതി വേട്ടയാടപ്പെട്ട സംഭവത്തേക്കാളും ഗുരുതരമാണ് ഒരുനിലക്ക് പട്ടാപ്പകല്‍ ഒരു വീട്ടമ്മ പോലീസ് കോട്ടേഴ്‌സില്‍ വെച്ചു ഉന്നതനായ ഒരു പോലീസുദ്യോഗസ്ഥനാല്‍ വേട്ടയാടപ്പെട്ട സംഭവം. വീട്ടമ്മയുടെ പരാതി സത്യമെന്ന് തെളിഞ്ഞാല്‍ പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭ്യമാക്കുന്നതോടൊപ്പം നമ്മുടെ പോലീസ് സേനയുടെ സമീപനത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്ന ചിന്തയിലേക്ക് ബന്ധപ്പെട്ടവരെ നയിക്കാന്‍ ഇതു നിമിത്തമാകേണ്ടതുണ്ട്. ജനമൈത്രി പോലീസ് എന്ന പേര് കൊണ്ട് പോലീസിന്റെ പെരുമാറ്റത്തിലും സമീപനത്തിലും മാറ്റം വരുകയില്ല. ധാര്‍മിക ബോധവും ചിന്തയും വളര്‍ത്താന്‍ സഹായകമായ പരിശീലന മുറകള്‍ കൂടി അവര്‍ക്ക് നല്‍കുകയും പെരുമാറ്റ ദൂഷ്യം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുകയും കൂടി ചെയ്‌തെങ്കിലേ ഇത് പരിഹൃതമാവുകയുള്ളു.

Latest