Ongoing News
ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചു
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം 1987ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് പാര്‍ട്ടി വിട്ടത്. 1989ല്‍ വി പി സിങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചു.ഇന്ത്യയുടെ ആദ്യ മുസ്‌ലിം ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും 1999ല്‍ പിഡിപി രൂപീകരിച്ചു. രണ്ട് തവണ കാശ്മീര്‍ മുഖ്യമന്ത്രിയായ മുഫ്തി 2002 നവംബര്‍ മുതല്‍ 2005 നവംബര്‍ വരെ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ആദ്യം മുഖ്യമന്ത്രിയായത്. കഴിഞ്ഞ മാര്‍ച്ച് 1 മുതലാണ് ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കി അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത്.
അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തി ജമ്മു കാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്.