Connect with us

Articles

മുഫ്തി: രാഷ്ട്രീയ പ്രബുദ്ധതയുടെ മാനുഷിക മുഖം

Published

|

Last Updated

മുഫ്തി മുഹമ്മദ് സഈദ് കാന്തപുരം ഉസ്താദിനൊപ്പം (ഫയല്‍ ചിത്രം)

വിട പറഞ്ഞ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് കരുത്തനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തോട് അടുത്തിടപഴകാന്‍ കഴിഞ്ഞ വ്യക്തി എന്ന നിലക്ക് കാശ്മീരില്‍ വളര്‍ന്നുവന്ന സുരക്ഷാ സംവിധാനങ്ങളെ നേരിട്ടനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കാശ്മീരില്‍ ഞാന്‍ യാത്ര ചെയ്യാന്‍ തുടങ്ങിയത് മുഫ്തി മുഹമ്മദ് സഈദ് അവിടെ മുഖ്യമന്ത്രി ആയതിന് ശേഷമാണ്. ഓരോ തവണത്തെ യാത്രയിലും കാശ്മീരിലെ സുരക്ഷാ സന്നാഹങ്ങള്‍ പുരോഗമിക്കുന്നതായും ജനങ്ങള്‍ക്കുള്ള പൊതുസൗകര്യങ്ങള്‍ വര്‍ധിക്കുന്നതായും അനുഭവപ്പെട്ടു. വളരെ മുമ്പ്, കാശ്മീരിന്റെ പല ഭാഗങ്ങളിലും യാത്രാ നിരോധമുണ്ടായിരുന്നു. അത് മാറി, മികച്ച ഗതാഗത സംവിധാനങ്ങളും മറ്റും കൊണ്ടുവന്നതില്‍ മുഫ്തി മുഹമ്മദ് വലിയ ശ്രമങ്ങള്‍ നടത്തി.
സാധാരണക്കാര്‍ക്ക് വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തീര്‍ത്തും പരമിതിമായി ലഭിക്കുന്ന സംസ്ഥാനമാണ് ജമ്മു കാശ്മീര്‍. ഒരു മൊഹല്ലയില്‍ ഒരു ഫോണ്‍ ഉണ്ടാകും. പുറം ലോകവുമായി നാട്ടിലെ എല്ലാവരേയും ബന്ധിപ്പിക്കുന്നത് ആ ഫോണാണ്. എന്നാല്‍ മുഫ്തി മുഹമ്മദ് സഈദിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ സജീവമാക്കുകയും സര്‍ക്കാര്‍-സ്വകാര്യ വാര്‍ത്താവിനിമയ കമ്പനികള്‍ ജനകീയമാകുകയും ചെയ്തതോടെ കാശ്മീര്‍ ജനതയുടെ ജീവിതത്തിന് വേഗം കൂടി.
കേരളവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍കസ് സാരഥികള്‍ കാശ്മീര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിലെ അനാഥരായ കുട്ടികളെ മര്‍കസില്‍ കൊണ്ടുപോയി പഠിപ്പിക്കാമോ എന്ന് അദ്ദേഹം കാന്തപുരം ഉസ്താദിനോട് അന്വേഷിച്ചു. മര്‍കസ് രാജ്യവ്യാപകമായി ചെയ്തുവരുന്ന വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും നിലവാരവും തിരിച്ചറിഞ്ഞതു കൊണ്ടാണ് മുഫ്തി ഇക്കാര്യം മുന്നോട്ടുവെച്ചത്. ഈ കൂടിക്കാഴ്ചയുടെ ഫലമായാണ് മുന്നോറോളം കാശ്മീരി വിദ്യാര്‍ഥികളെ കാശ്മീര്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ മര്‍കസിലേക്കയച്ചത്. അങ്ങനെയാണ് കാശ്മീര്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മര്‍കസില്‍ കാശ്മീരി ഹോം പണിയുന്നത്. 2004-ല്‍ ആയിരുന്നു അത്. ഇക്കാലയളവിനുള്ളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച കാശ്മീര്‍ വിദ്യാര്‍ഥികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുകയും അവിടെ സ്തുത്യര്‍ഹങ്ങളായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴും ഓരോ വര്‍ഷവും കാശ്മീരില്‍ നിന്ന് വിദ്യാര്‍ഥികള്‍ മര്‍കസില്‍ പഠിക്കാനായെത്തുന്നു.
തന്റെ നാട്ടിലെ കുട്ടികള്‍ക്ക് വേണ്ട കാര്യങ്ങള്‍ രാജ്യത്തിന്റെ ഏതു ഭാഗത്ത് ലഭ്യമാണെങ്കിലും അത് അവര്‍ക്കെത്തിച്ചു കൊടുക്കുന്നതില്‍ മുഫ്തി മുഹമ്മദ് സഈദ് ശ്രദ്ധാലുവായിരുന്നു. സാമൂഹികമായും രാഷ്ട്രീയമായും കരുത്തനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ, സാധാരണക്കാരുടെ ജീവിതത്തിന് വികസന മുഖം കൊണ്ടുവന്ന നേതൃത്വത്തെയാണ് കാശ്മീര്‍വാലിക്ക് നഷ്ടമായിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളിലും പൊതുവികസനത്തിലും ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. പക്ഷേ, ഒരാള്‍ പോകുമ്പോള്‍ മറ്റൊരാള്‍ വരാതിരിക്കില്ല. തീര്‍ച്ചയായും സര്‍വലോകങ്ങളും നിയന്ത്രിക്കുന്ന അല്ലാഹു കാശ്മീര്‍ ജനതക്ക് പുതിയൊരു നേതൃത്വത്തെ നല്‍കി അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കാശ്മീര്‍ വാലിയിലെ സാധാരണക്കാരോട് ഇടപഴകിയപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം എന്നാണ്. ഏതൊരു സാധാരണക്കാരനും സമീപിക്കാന്‍ കഴിയുന്ന വ്യക്തിത്വം കൂടിയായിരുന്നു മുഫ്തി മുഹമ്മദ് സഈദ് എന്നതാണ് ജനങ്ങള്‍ അദ്ദേഹത്തെക്കുറിച്ച് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ, രാഷ്ട്രീയ പ്രബുദ്ധതക്കൊപ്പം മാനുഷിക മുഖമുള്ള നേതാവ് കൂടിയായിരുന്നു അദ്ദേഹം. കാശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന് നിരന്തരം പ്രഖ്യാപിച്ച അദ്ദേഹം തീവ്രവാദ പ്രവണതകള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു.