International
അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയില്‍
സിയോള്‍: വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിന് മറുപടിയായി അമേരിക്കയുടെ നിര്‍ണായക നീക്കം. ദക്ഷിണ കൊറിയയില്‍ അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ചു. ബോംബര്‍ ജെറ്റായ ബി-52ന്റെ രണ്ട് വിമാനങ്ങളാണ് തെക്കന്‍ കൊറിയയിലെത്തിയത്.
ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതിനെത്തുടര്‍ന്ന് മേഖലയില്‍ ഇരു കൊറിയകളും തമ്മിലുള്ള ശത്രുത മൂര്‍ച്ഛിച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ നീക്കം. കൊറിയകളുടെ അതിര്‍ത്തിയില്‍ നിന്നും 72 കിലോ മീറ്റര്‍ അകലെയുള്ള വ്യോമസേനാ കേന്ദ്രത്തിലാണ് ബോംബര്‍ വിന്യസിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് കൊറിയയിലെ യുഎസ് സേനാ ഉദ്യോഗസ്ഥന്‍ ടെറന്‍സ് ജെ.ഒഷൗഗനെസി അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടത്. പരീക്ഷണത്തിനെതിരെ ലോകരാജ്യങ്ങള്‍ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.